ലോക ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ അർജന്റീന കോപ്പ അമേരിക്ക ഫൈനലിന് പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സെമി ഫൈനലിൽ കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജൻ്റീന ഫൈനലിൽ എത്തുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കൊളംബിയയ്ക്കായി പോർട്ടോ വിംഗർ ലൂയിസ് ഡയസും അർജൻ്റീനക്കായി ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസും ഗോളുകൾ കണ്ടെത്തി. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സാനിദ്ധ്യം അർജൻ്റീനക്ക് ഫൈനലിലേക്കുള്ള ടിക്കറ്റ് നേടിക്കൊടുത്തു.

സെമി ഫൈനലിൽ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തുന്നത്. ലിയോൺ മിഡ്ഫീൽഡർ ലൂക്കാസ് പക്വെറ്റയുടെ ഗോളിലാണ് ബ്രസീൽ മിന്നും വിജയം നേടിയത്. നോക്കൗട്ട് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. സൂപ്പർ താരം നെയ്മറുമായി മികച്ച ഒത്തിണക്കത്തിൽ കളിക്കുന്ന പക്വേറ്റ ഫൈനലിൽ അർജൻ്റീനക്ക് വെല്ലുവിളി ആയിരിക്കും.

കോപ്പ അമേരിക്കയിൽ അർജന്റീനയുടെ മുന്നേറ്റം ലയണൽ മെസ്സിയുടെ മികവിലാണ്. ക്യാപ്റ്റൻ ലയണൽ മെസ്സി അർജൻ്റീനക്ക് വേണ്ടി ആറ് മത്സരങ്ങളിൽ നിന്ന് ഇതുവരെ 4 ഗോളും 4 അസിസ്റ്റുമാണ് നേടിയത്. ആറ് മത്സരങ്ങളിൽ നാല് മത്സരത്തിലും മികച്ച താരമായി തിരഞ്ഞെടുത്തത് ഈ 34 കാരനെയാണ്. മാത്രമല്ല ഈ കോപ്പ അമേരിക്ക ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളും അസിസ്റ്റും നേടിയത് അർജന്റീനൻ ക്യാപ്റ്റനാണ്.

മെസ്സിക്ക് പിന്തുണയുമായി റോഡ്രിഗോ ഡി പോളും ലൗട്ടരോ മാർട്ടിനസും പപ്പു ഗോമസും ഒക്കെ മികച്ച പ്രകടനങ്ങൾ ആണ് അർജൻ്റീനക്ക് വേണ്ടി പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്. രണ്ട് കളികളിൽ നിന്നും രണ്ട് ഗോളുകൾ നേടിയ പപ്പു ഗോമസും നാല് കളികളിൽ നിന്നും രണ്ട് ഗോളുകൾ നേടിയ ലൗട്ടരോ മാർട്ടിനസിൻ്റെയും പ്രകടനം കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ നിർണായകം ആയിരിക്കും. പകരക്കാരൻ അയി ഡി മരിയ കൂടി കളത്തിൽ ഇറങ്ങുമ്പോൾ അർജൻ്റീന കൂടുതൽ അപകടകാരികൾ ആകുന്നു.

പരിക്ക് ഭേദപ്പെടുന്ന അറ്റലാന്റ സെന്റർ ബാക്ക് ക്രിസ്റ്റ്യൻ റൊമേറോ ഫൈനലിൽ അർജന്റീന നിരയിൽ ഇറങ്ങാൻ സാധ്യതയുണ്ട്. ഇതുകൂടാതെ അർജൻ്റീനക്ക് മറ്റ് പരിക്കുകളുടെ ആശങ്കകളില്ല. മാനേജർ ലയണൽ സ്കലോണിയുടെ ആദ്യ ഇലവനിൽ ഇന്റർ മിലാന്റെ ലൗട്ടാരോ മാർട്ടിനെസ്, പാരീസ് സെന്റ് ജെർമെയ്‌നിന്റെ ലിയാൻട്രോ പരേഡെസ് എന്നിവർ ലയണൽ മെസ്സിയോടൊപ്പം ആദ്യ ഇലവനിൽ ഇറങ്ങും.

ബ്രസീലിൽ പ്രതിരോധ നിരയിൽ ക്യാപ്റ്റൻ തിയാഗോ സിൽവയും മാർക്കിന്യോസും റെനാൻ ലോഡിയുമൊക്കെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. മധ്യ നിരയിൽ കാസെമെറോയുടെയും ഫ്രെഡിൻ്റെയും പ്രകടനങ്ങൾ ബ്രസീൻ്റെ വിജയങ്ങളിൽ നിർണായകമായി. റിച്ചാർലിസണും പക്വേറ്റയും നെയ്മറോടൊപ്പം ബ്രസീൽ ആക്രമണങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു

ബ്രസീൽ കോച്ച് ടിറ്റെക്ക് പരിക്ക് കാരണം യുവന്റസ് ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയുടെ സേവനങ്ങൾ ലഭിക്കാൻ സാധ്യതയില്ല. ചുവപ്പ് കാർഡ് കണ്ട് മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് ഗബ്രിയേൽ ജീസസും പുറത്ത് പോയതിനാൽ അദ്ദേഹത്തിനും ഫൈനൽ മത്സരം നഷ്ടമാകും.

അർജന്റീന vs ബ്രസീൽ സാധ്യതാ ഇലവൻ

അർജന്റീന സാധ്യതാ ഇലവൻ

(4-3-3): എമിലിയാനോ മാർട്ടിനെസ്, നഹുവൽ മോളിന, ജർമ്മൻ പെസെല്ല, നിക്കോളാസ് ഒറ്റമെൻഡി, മാർക്കോസ് അക്കുന, റോഡ്രിഗോ ഡി പോൾ, ലിയാൻ‌ഡ്രോ പരേഡെസ്, ജിയോവാനി ലോ സെൽസോ, ലയണൽ മെസ്സി, ലൗട്ടരോ മാർട്ടിനെസ്, പപ്പു ഗോമസ്

ബ്രസീൽ സാധ്യതാ ഇലവൻ

(4-2-3-1): എഡേഴ്സൺ മൊറേസ്, ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിന്യോസ്, റെനാൻ ലോഡി, കാസെമിറോ, ഫ്രെഡ്, റോബർട്ടോ ഫിർമിനോ, ലൂക്കാസ് പക്വെറ്റ, നെയ്മർ, റിച്ചാർലിസൺ.