ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടും. ഗോവയിലെ ഫട്ടോർഡ സ്റ്റേഡിയത്തിൽ ആണ് മത്സരം. ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഇരു ടീമുകളും ഇന്നത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ വിജയം മാത്രമായിരിക്കും ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയോട് 4-2ന് തോറ്റതിന് ശേഷമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെ കളത്തിലിറങ്ങുന്നത്. മത്യാസ് കുറ്യൂറും ദെഷോർൺ ബ്രൗണും നോർത്ത് ഈസ്റ്റിന് വേണ്ടി ഗോളുകൾ നേടി. മഷൂർ ഷെരീഫ് വഴങ്ങിയ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിൻ്റെ മത്സരത്തിലെ താളം തെറ്റിച്ചു. വിജയം ബംഗളൂരു സ്വന്തമാക്കുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും സീസണിലെ ആദ്യ മത്സരത്തിൽ തന്നെ എടികെ മോഹൻ ബഗാൻ എഫ്‌സിയോട് 4-2ന് പരാജയപ്പെട്ടു. സഹൽ അബ്ദുൾ സമദും ജോർജ് ഡയസുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടി എങ്കിലും പ്രതിരോധത്തിലെ പിഴവ് കാരണം കൂടുതൽ ഗോളുകൾ വഴങ്ങേണ്ടി വന്നു.

ബ്ലാസ്റ്റേഴ്സിനെതിരെ ഞങ്ങൾ നന്നായി തയ്യാറെടുക്കണം”- കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി അസിസ്റ്റന്റ് കോച്ച് അലിസൺ ഖാർസിന്റീവ് പറഞ്ഞ കാര്യമാണിത്. “എനിക്ക് ആക്രമിക്കാൻ ഇഷ്ടമാണ്. ഈ മത്സരത്തിലും അത് തുടരും.” കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചും നയം വ്യക്തമാക്കി. അതുകൊണ്ട് തന്നെ രണ്ടു പരിശീലകരുടെ വിവിധ തന്ത്രങ്ങൾ ഏറ്റുമുട്ടുന്ന മത്സരം കൂടി ആയിരിക്കും ഇത്.

കഴിഞ്ഞ ഏഴ് ഐഎസ്എൽ സീസണുകളിൽ നിന്നുമായി പതിനാല് തവണയാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. അതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഞ്ച് വിജയങ്ങൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി നാല് തവണയും വിജയിച്ചു. ഇരുടീമുകളും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന നോർത്ത് ഈസ്റ്റ് താരം ഇമ്രാൻ ഖാൻ ഈ മത്സരത്തിലും ഇറങ്ങാൻ സാധ്യതയില്ല. ബംഗളൂരു എഫ്സിക്കെതിരെ ഇരങ്ങാതിരുന്ന ഫെഡറിക്കോ ഗായെഗോയും പാട്രിക് ഫ്ലോട്ട്മാനും ടീമിനൊപ്പം പരിശീലനം നടത്തിയ കാരണം ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്.

എടികെ മോഹൻ ബഗാനെതിരെയുണ്ടായ മത്സരത്തിൽ പരിക്കിനെ തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാകുന്നതിനായി രാഹുൽ കെപി ബയോ ബബിളിൽ നിന്ന് പുറത്താണ്. ചുരുങ്ങിയത് ഒരു മാസത്തേക്കെങ്കിലും അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ കഴിയില്ല എന്നാണ് കരുതുന്നത്. രാഹുലിന് പകരക്കാരനായി വിൻസി ബരേറ്റോയോ പ്രശാന്തോ ബ്ലാസ്റ്റേഴ്സ് നിരയിൽ എത്തിയേക്കാം. കുറെ കാലമായി പരിക്കിൻ്റെ പിടിയിലായ റൈറ്റ് ബാക്ക് നിഷു കുമാർ ടീമിനൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും മാച്ച് ഫിറ്റ് അല്ലാത്തതിനാൽ ഈ മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. ഈ മത്സരത്തിൽ റൈറ്റ് ബാക്ക് പൊസിഷനിൽ സന്ദീപ് സിംഗ് തിരികെ എത്തിയേക്കാം

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സാധ്യതാ ഇലവൻ

നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

(4-3-3): സുഭാഷിഷ് റോയ് ചൗധരി (GK) (C); പ്രൊവാട്ട് ലക്ര, ജെസ്റ്റിൻ ജോർജ്, ഹെർണാൻ സന്താന, ടോണ്ടൻബ സിംഗ്; ഖാസ്സ കമാറ, ഫെഡറിക്കോ ഗല്ലെഗോ, സെഹ്നാജ് സിംഗ്; വില്യം ലാൽനുൻഫെല, ഡെഷോൺ ബ്രൗൺ, വിപി സുഹൈർ.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (4-4-2):

ആൽബിനോ ഗോമസ് (GK); സന്ദീപ് സിംഗ്, എനെസ് സിപോവിച്ച്, അബ്ദുൾ ഹക്കു, ജെസൽ കാർനെറോ (C); പ്രശാന്ത് കെ, സഹൽ അബ്ദുൾ സമദ്, ജീക്സൺ സിംഗ്, അഡ്രിയാൻ ലൂണ; അൽവാരോ വാസ്‌ക്വസ്, ജോർജ് ഡയസ്.