ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം എഫ്സിയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിച്ച യുവതാരമാണ് ഗോവക്കാരനായ വിംഗർ വിൻസി ബരേറ്റോ. കഴിഞ്ഞ മത്സരത്തിൽ പരിക്ക് പറ്റി പുറത്തായ മലയാളി താരം രാഹുൽ കെപി ക്ക് പകരക്കാരനായാണ് കോച്ച് ഇവാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിൻസിയെ കളത്തിൽ ഇറക്കിയത്. കോച്ചിൻ്റെ പ്രതീക്ഷ കാക്കുന്ന പ്രകടനം തന്നെയാണ് വിൻസിയിൽ നിന്നും കാണാൻ സാധിച്ചത്.

നിരന്തരം മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിച്ച താരം നോർത്ത് ഈസ്റ്റ് പ്രതിരോധ നിരക്ക് കനത്ത വെല്ലുവിളി ഉയർത്തി. രണ്ട് നോർത്ത് ഈസ്റ്റ് താരങ്ങളെ കബളിപ്പിച്ച് പോസ്റ്റിലേക്ക് കൊടുത്ത പാസ് ഗോളി മാത്രം മുന്നിൽ നിൽക്കെ സഹൽ പുറത്തേക്കടിച്ച് കളയുന്നതും കണ്ടു. ആദ്യ മത്സരത്തിൽ തന്നെ ഒട്ടേറെ ഡ്രിബിളുകളും സ്കില്ലുകളുമായി മുന്നേറിയ താരം ഇനിയുള്ള മഞ്ഞപ്പടയുടെ പ്രകടനത്തിൽ നിർണായക ശക്തി ആകും എന്നതിൽ തർക്കമില്ല.

2024 വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് വിൻസി ബരെറ്റോയെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിന് മുമ്പ് ഈ യുവതാരം ഗോകുലം കേരള എഫ്‌സിക്കൊപ്പം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാർ ആക്കുന്നതിൽ വിൻസിയുടെ പങ്ക് നിർണായകമായിരുന്നു.

ഇരുപത്തിയൊന്നുകാരനായ വിൻസി തന്റെ കരിയർ ആരംഭിച്ചത് ഡെംപോ എസ്‌സി അക്കാദമിയിലാണ്. അണ്ടർ 18 ലീഗിൽ ഡെംപോ എഫ്സിക്ക് വേണ്ടി കളത്തിൽ ഇറങ്ങി. 2017-ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്‌സി ഗോവയുടെ റിസർവ് ടീമുമായി വിൻസി ബാരെറ്റോ തന്റെ ആദ്യ സീനിയർ കരാർ ഒപ്പിടുകയും മൂന്ന് വർഷത്തോളം അവർക്കായി കളിക്കുകയും ചെയ്തു. ഈ സമയത്ത്, 2018-19 ഗോവൻ പ്രൊഫഷണൽ ലീഗ് നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു അദ്ദേഹം. 2019-20ൽ ആഭ്യന്തര ലീഗിലും ഐ-ലീഗ് രണ്ടാം ഡിവിഷനിലും എഫ്സി ഗോവക്കായി 17 മത്സരങ്ങൾ കളിച്ചു. ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തുന്നതിന് മുമ്പ് ഗോകുലത്തിന് വേണ്ടി 13 മത്സരങ്ങൾ കളിച്ചിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ തകർപ്പൻ പ്രകടനം കാഴ്ചവച്ച വിൻസി ഇനിയുള്ള മത്സരങ്ങളിലും ഇതുപോലുള്ള പ്രകടനങ്ങൾ തുടരും എന്ന് പ്രതീക്ഷിക്കാം. ഗോൾ അടിക്കാനും അടിപ്പിക്കാനും ഒരുപോലെ കഴിവുള്ള ഈ യുവതാരത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞക്കുപ്പയത്തിൽ ഒരുപാട് നല്ല മുഹൂർത്തങ്ങൾ ആരാധകർക്ക് സമ്മാനിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കാം.