കേരള ബ്ലാസ്റ്റേഴ്സിലേക്ക് ജർമൻ ക്ലബ്ബ് ആയ ബയേൺ മ്യൂണിക്കിലൂടെ വളർന്നുവന്ന ഒരു മുന്നേറ്റ നിര താരം വരുന്നു എന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും ടൈംസ് ഓഫ് ഇന്ത്യയുടെ സ്പോർട്സ് സെക്ഷൻ എഡിറ്ററുമായ മാർക്കസ് മെർഗുൽഹോ പറഞ്ഞതിന് പിന്നാലെ താരത്തെ തിരഞ്ഞ് കൊണ്ടിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

കഴിഞ്ഞ ദിവസം ഒരു ബ്ലാസ്റ്റേഴ്സ് ആരാധകൻ്റെ ചോദ്യത്തിനാണ് മർക്കസ് ബയേൺ മ്യൂണിക്കിന്റെ അക്കാദമിയിൽ നിന്നും വളർന്നു വന്ന ഒരു താരം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു എന്ന് പറഞ്ഞത്. ഇപ്പോൾ ആ താരം ആരാണ് എന്ന് തിരഞ്ഞ് കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ബ്ലാസ്റ്റേഴ്സ് റൂമറിൽ നിറഞ്ഞുനിൽക്കുന്ന മറ്റൊരു പേരാണ് യു എ ഇ ലീഗിൽ കളിച്ചുകൊണ്ടിരിക്കുന്ന ബെൽജിയം താരം പോൾ ജോസ് എംബാക്കുവിന്റേത്. യു എ ഇ യിൽ അൽ വഹ്ദ എഫ്സിക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന എംബോക്കുവിന്റെ കരാർ ഈ മാസം ജൂണിൽ അവസാനിക്കും.

ട്രാൻസ്ഫർ മാർക്കറ്റിൽ ഏകദേശം 11.5 കോടി രൂപ വിലയുള്ള ഈ താരത്തെ കേരളത്തിലേക്ക് എത്തിക്കാൻ ക്ലബ്ബ് ശ്രമിക്കുന്നു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇടത് വിംഗർ ആയി കളിക്കുന്ന ഇദ്ദേഹം അൽ വഹ്ദ എഫ്സിക്ക് വേണ്ടി ഈ സീസണിൽ 20 കളികളിൽ നിന്നും 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. വലത് വിംഗർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയും കളിക്കാൻ സാധിക്കുന്ന ഇദ്ദേഹം ബ്ലാസ്റ്റേഴ്സിൽ വന്നാൽ ബ്ലാസ്റ്റേഴ്സ് ആക്രമണം കൂടുതൽ കരുത്താകും എന്നത് തീർച്ച.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ സൈനിംഗ് ആയിരുന്നു ഇംഗ്ലണ്ട് താരം ഗാരി ഹൂപ്പർ. കഴിഞ്ഞ വർഷം ബ്ലാസ്റ്റേഴ്സിൽ കളിച്ച അദ്ദേഹം മുമ്പ് കളിച്ച എ ലീഗ് ക്ലബ്ബ് ആയ വെല്ലിംഗ്ടൺ ഫീനിക്സിലേക്ക് തന്നെ മടങ്ങി പോയിരിക്കുകയാണ്. താരത്തിൻ്റെ പുതിയ സൈനിംഗ് ക്ലബ്ബ് ഇപ്പോൾ ഔദ്യോഗികമായി തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.

വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ എത്തിയ ഹൂപ്പർ സെൽറ്റിക് എഫ്സി, നൗറിച്ച് എഫ്സി എന്നീ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിരുന്നു. 476 കളികളിൽ നിന്നും 207 ഗോളുകൾ നേടിയായിരുന്നു ഹൂപ്പറിന്റെ മഞ്ഞപ്പടയിലേക്കുള്ള വരവ്.

ആ സമയത്ത് ഏകദേശം 60 മില്യൺ മാർക്കറ്റ് വാല്യൂ ഉള്ള ഹൂപ്പറിന് ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല. തുടക്ക മത്സരങ്ങൾ നിരാശപ്പെടുത്തിയ താരം പിന്നീട് പതിയെ ഫോമിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ 18 കളികളിൽ നിന്നും 5 ഗോളുകളും 4 അസിസ്റ്റുകളും ആയിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. പഴയ കാല പ്രകടങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ലോങ്ങ് റേഞ്ച് ഗോൾ ടൂർണമെൻ്റിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ച് ആശങ്കക്ക് ഇടയാക്കിയ ഒരു വാർത്ത ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ട്രാൻസ്ഫർ ബാനിനെ പറ്റി ഉള്ള വാർത്തകൾ. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന മതേജ് പോപ്ലാന്റിക് ഫിഫക്ക് വേതനത്തെ സംബന്ധിച്ചുള്ള പരാതി കൊടുത്തപ്പോൾ ആണ് ഇത്തരം ഒരു നടപടി ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. എന്നാൽ പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ഗോളിൻ്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിന് കൊടുക്കാനുള്ള പണം കൊടുത്ത് തീർത്തെന്നും ഇനി ബാൻ നീക്കം ചെയ്യുമെന്നും പറയുന്നു.