ക്രൊയേഷ്യൻ താരം ഡാമിർ സോവസിച്ച് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ എത്തിയതായി ട്രാൻസ്ഫർ മാർക്കറ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. മുൻ സീസണിലെ മുഴുവൻ വിദേശ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പുതിയ കോച്ചിനെ പ്രഖ്യാപിച്ച ബ്ലാസ്റ്റേഴ്സ് കോച്ചിന്റെ നിദേശപ്രകാരമാണ് ഈ സീസണിൽ താരങ്ങളെ സൈൻ ചെയ്യാൻ സാധ്യത.

കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളൊന്നും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. വലിയ പ്രതീക്ഷകളുമായെത്തിയ താരങ്ങളെല്ലാം നിരാശപ്പെടുത്തി. മുൻ സീസണുകളിലെ പിഴവുകൾ ആവർത്തിക്കാതെ നല്ല സൈനിംഗ് നടത്താൻ ആയിരിക്കും മാനേജ്മെൻ്റ് ശ്രമിക്കുന്നത്.

ഡാമിർ സോവസിച്ച് എന്ന ക്രൊയേഷ്യൻ താരം എൻ കെ സാഗ്ബർഗ് എന്ന ക്രൊയേഷ്യൻ ക്ലബ്ബിലൂടെയാണ് വളർന്ന് വന്നത്. ഇപ്പോൾ സാൻഡെക്ജ എന്ന ക്ലബ്ബിന് വേണ്ടി കളിക്കുന്ന സോവസിച്ച് ഈ സീസണിൽ സാൻഡെക്ജക്ക് വേണ്ടി 20 കളികളിൽ നിന്നും 2 ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കിയിരുന്നു.

അറ്റാക്കിംഗ് മിഡ് ഫീൽഡറായും ലെഫ്റ്റ് മിഡ്ഫീൽഡറായും സെൻ്റർ മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള ഇദ്ദേഹം വരും സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ നിർണായക താരം ആകുമെന്ന് കരുതാം.

സുനിൽ ഛേത്രിയുമായി കരാർ പുതുക്കി ബംഗളൂരു എഫ്സി

ബംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയുമായി ബംഗളൂരു എഫ്സി കരാർ പുതുക്കി. നിലവിൽ ഈ സീസണിന് ശേഷം കരാർ അവസാനിക്കുന്ന ഛേത്രി ഒരു വർഷം കൂടി കരാർ നീട്ടി എന്നാണ് റിപ്പോർട്ടുകൾ.

36 വയസുള്ള ഛേത്രി കഴിഞ്ഞ സീസണിലും ബംഗളൂരു എഫ്സിക്ക് വേണ്ടി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. 2020-21 സീസണിൽ ബംഗളൂരുവിനായി എല്ലാ മത്സരങ്ങളും കളിച്ച ഛേത്രി 8 ഗോളുകളും 2 അസിസ്റ്റുകളും സ്വന്തമാക്കി.

എല്ലാ സീസണിലും ബംഗളൂരു എഫ്സിയുടെ മികച്ച താരമായിരുന്ന അദ്ദേഹം 2019 ൽ ബംഗളൂരു എഫ്സിക്ക് കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2017-18 സീസണിൽ ഇന്ത്യൻ സൂപ്പർ കപ്പിലും ബംഗളൂരുവിന് വേണ്ടി ഛേത്രിയുടെ പങ്ക് വളരെ വലുതായിരുന്നു. 6 ഗോളുകളാണ് അവരെ ചാമ്പ്യന്മാർ ആക്കാൻ ഛേത്രി അടിച്ചുകൂട്ടിയത്.

വരും സീസണിലും ബംഗളൂരുവിനായി ഛേത്രിയുടെ സേവനം ഉണ്ടാകുന്നത് അവരുടെ പോരാട്ട വീര്യം വർദ്ധിപ്പിക്കും. മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹം ഉണ്ടാകും എന്നത് കൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും വളരെ വലുതാണ്.

ഫറൂഖ് ചൗധരിയെ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച താരവും ആയ ഫറൂഖ് ചൗധരിയെ ഈ സീസണിൽ ടീമിൽ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റിപ്പോർട്ട്. 2016-17 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഫറൂഖിന് ആ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ ഐ ലീഗ് ക്ലബ്ബ് ആയ മുംബൈ എഫ്സിയിലേക്ക് പോയ അദ്ദേഹം തൊട്ടടുത്ത സീസൺ ജംഷഡ്പൂർ എഫ്സിയുമായി കരാറിൽ എത്തി. ജംഷഡ്പൂർ ജേഴ്സിയിൽ എത്തിയ അദ്ദേഹം പിന്നീട് മിന്നും പ്രകടനമാണ് അവർക്ക് വേണ്ടി കാഴ്ചവെച്ചത്.

ലെഫ്റ്റ് വിംഗർ ആയും ലെഫ്റ്റ് മിഡ്ഫീൽഡർ ആയും സെൻട്രൽ ഫോർവേർഡ് ആയും സെൻട്രൽ സ്ട്രൈക്കർ ആയും അറ്റാക്കിംഗ് മിഡ്ഫീൽഡർ ആയും ഒക്കെ കളിക്കാൻ കഴിയുന്ന ഇദ്ദേഹം ടീമിൽ എത്തിയാൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിന് ഒരു ഇന്ത്യൻ താരം എന്ന നിലയിൽ എല്ലാ മേഖലയിലും പരീക്ഷിക്കാൻ സാധിക്കും.

പുതിയ നിയമപ്രകാരം സ്ക്വാഡിൽ ഇന്ത്യൻ താരങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന്നാൽ ഇതുപോലെ വ്യത്യസ്ത പൊസിഷനിൽ കളിക്കുന്ന ഒരു താരത്തിൻ്റെ സേവനം ഒരു ക്ലബ്ബിന് ഏറെ പ്രയോജനകരമായിരിക്കും. 10.42 മില്യൺ മാർക്കറ്റ് വാല്യു ഉള്ള ഇദ്ദേഹത്തെ ടീമിൽ എത്തിക്കാൻ മറ്റ് ഐഎസ് എൽ ക്ലബ്ബുകളും സജീവമായി രംഗത്തുണ്ട്.