കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ കോച്ച് ആയി സർബിയക്കാരൻ ഇവാൻ വുകമനോവിച്ചിനെ ഔദ്യോഗികമായി ക്ലബ്ബ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ മോശം പ്രകടനത്തെ തുടർന്ന് കോച്ച് കിബു വികുനയെ ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. പുതിയ സീസണിലേക്ക് നല്ലൊരു കോച്ചിനെ കണ്ടെത്തുന്ന തിരക്കിലായിരുന്നു മാനേജ്മെൻ്റ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഏകദേശം നൂറോളം അപേക്ഷകൾ ആണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റിന് പുതിയ കോച്ചിനെ നിയമിക്കുന്ന വേളയിൽ ലഭിച്ചിരുന്നത്. അതിൽ എട്ടുപേരെ ഷോട്ട് ലിസ്റ്റ് ചെയ്തിരുന്നു. മുൻ ബ്ലാസ്റ്റേഴ്സ് കോച്ച് എൽകോ ഷട്ടോരി ഉൾപ്പെടെ ഒരുപാട് മികച്ച പരിശീലകർ അതിൽ ഉൾപ്പെട്ടിരുന്നു. ഘട്ടം ഘട്ടമായുള്ള അഭിമുഖങ്ങൾക്കൊടുവിൽ മാനേജ്മെൻ്റ് ഇവാൻ വികുമനോവിച്ചിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ഇവാൻ വുകമനോവിച്ചിന് 79 മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുണ്ട്. ഇത്രയും മത്സരങ്ങളിൽ നിന്നും 45 വിജയവും 12 സമനിലയും നേടാൻ അദ്ദേഹത്തിനായി. വെറും 22 മത്സരങ്ങളിൽ മാത്രമാണ് തോറ്റത്. നിലവിൽ 4-2-3-1 എന്ന ഫോർമേഷനാണ് വുകമനോവിച്ചിന്റെ ഇഷ്ട ഫോർമേഷൻ. ഈ ഒരു ഘടന പിന്തുടർന്ന അദ്ദേഹത്തിന്റെ ടീമിന് 79 മത്സരങ്ങളിൽ നിന്നും 148 ഗോളുകൾ നേടാനും സാധിച്ചു. വെറും 92 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.

ഇവാൻ വുകമനോവിച്ച് 1977 ജൂൺ 19 ന് സെർബിയയിലെ ഉസൈസിലാണ് ജനിച്ചത്. സ്ലോബോഡ ഉസൈസിന്റെ യൂത്ത് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന അദ്ദേഹം ഒരു ഡിഫന്ററായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കളത്തിൽ മികവ് പുലർത്തി.

Image Credits | FB

സ്ലൊബോഡ യൂസൈസിൽ സീനിയർ ടീമിലേക്ക് വന്ന വുകമനോവിച്ച് അവർക്ക് വേണ്ടി 34 മത്സരങ്ങൾ കളിച്ചു. ഒബിലിക്, ബാർഡോ, ജർമൻ ബുണ്ടസ്ലിഗ ക്ലബ്ബ് എഫ് സി കോൾ, റഷ്യൻ ക്ലബ്ബ് ഡൈനാമിക് മോസ്കോ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞു. 248 മത്സരങ്ങൾ കളിച്ച വുകമനോവിച്ച് 12 ഗോളുകൾ സ്കോർ ചെയ്തു. വുകമാനോവിച്ച് 2011 ൽ തന്റെ 34 ആം വയസ്സിൽ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് പൂർണ്ണമായും വിരമിച്ചു.

2013-14 ലാണ് അദ്ദേഹം സ്റ്റാൻഡേർഡ് ലീജ് എന്ന ക്ലബ്ബിന്റെ അസിസ്റ്റന്റ് കോച്ചായി ഫുട്ബോൾ കോച്ചിംഗ് കരിയർ സ്റ്റാർട്ട് ചെയ്യുന്നത്. വുകമനോവിച്ചിന്റെ പ്രവർത്തന ഫലമായി അടുത്ത സീസണിൽ തന്നെ അദ്ദേഹത്തെ ഹെഡ് കോച്ചായി നിയമിക്കുകയും ചെയ്തു.

സൈപ്രസ് ടോപ്പ് ഡിവിഷൻ ക്ലബ്ബ് ആയ അപ്പോളൻ ലിമാസ്സോളാണ് ആദ്ദേഹം അവസാനമായി പരിശീലിപ്പിച്ച ടീം. വർഷങ്ങളായി മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയാതെ ഉഴറുന്ന കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വുകമനോവിച്ച് എന്ന പുതിയ കോച്ചിലൂടെ മിന്നും പ്രകടനം തന്നെ കാഴ്ചവെക്കും എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2021-22 സീസണിന്റെ തിയ്യതി സംബന്ധിച്ച് തീരുമാനമായി. ആദ്യം സെപ്റ്റംബർ-ഒക്ടോബർ മാസത്തിലാണ് നടത്താൻ തീരുമാനിച്ചത് എങ്കിലും വിവിധ കാരണങ്ങളാൽ അത് നവംബറിലേക്ക് മാറ്റുകയായിരുന്നു. നവംബർ 19 ന് മത്സരങ്ങൾ ആരംഭിച്ച് 2022 മാർച്ച് 20 ന് ഫൈനൽ നടത്താനാണ് സംഘാടകർ ഇപ്പോൾ ആലോചിക്കുന്നത്.

കഴിഞ്ഞ പ്രാവശ്യത്തെ പോലെ തന്നെ ഈ പ്രാവശ്യവും ഗോവയിൽ തന്നെ ആയിരിക്കും മുഴുവൻ മത്സരങ്ങളും. അടച്ചിട്ട സ്റ്റേഡിയത്തിൽ ആയിരിക്കും മത്സരം ഇന്ന് സംഘാടകർ മുന്നേ അറിയിച്ചിരുന്നു. മുഴുവൻ സ്റ്റാഫുകൾക്കും താരങ്ങൾക്കും ലീഗുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കും വാക്സിൻ നൽകിയ ശേഷം മാത്രമായിരിക്കും ലീഗ് ആരംഭിക്കുക.

ഫട്ടോർഡ, ബാംബോളിം വാസ്കോ എന്നിങ്ങനെ മൂന്ന് സ്റ്റേഡിയങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. കൊച്ചി ഉൾപ്പെടെ ആദ്യം കുറച്ച് സ്ഥലങ്ങൾ പരിഗണിച്ചിരുന്നു എങ്കിലും ഗോവയിലേക്ക് തന്നെ മാറ്റുകയായിരുന്നു. മുംബൈ സിറ്റി എഫ്സി, എടികെ, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവരുടെ ഹോം ഗ്രൗണ്ട് ഫട്ടോർഡ സ്റ്റേഡിയവും എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂർ എഫ്സി, ബംഗളൂരു എഫ്സി എന്നിവരുടെ ഹോം ഗ്രൗണ്ട് ബാംബോളിം സ്റ്റേഡിയവും ചെന്നൈയിൻ എഫ്സി, എസ് സി ഈസ്റ്റ് ബംഗാൾ, കേരള ബ്ലസ്റ്റേഴ്സ്, ഒഡിഷ എഫ്സി എന്നിവരുടെ ഹോം ഗ്രൗണ്ട് വാസ്കോ സ്റ്റേഡിയവും ആയിരിക്കും.