കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സൂപ്പർ സൈനിംഗ് ആയിരുന്നു ഇംഗ്ലീഷ് താരം ഗാരി ഹൂപ്പർ. വെല്ലിംഗ്ടൺ ഫീനിക്സിൽ നിന്ന് ബ്ലാസ്റ്റേഴ്സിൽ എത്തിയ ഹൂപ്പർ സെൽറ്റിക് എഫ്സി, നൗറിച്ച് എഫ്സി എന്നീ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടിയും കളിച്ചിരുന്നു. 476 കളികളിൽ നിന്നും 207 ഗോളുകൾ നേടിയായിരുന്നു ഹൂപ്പറിന്റെ മഞ്ഞപ്പടയിലേക്കുള്ള വരവ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആ സമയത്ത് ഏകദേശം 60 മില്യൺ മാർക്കറ്റ് വാല്യൂ ഉള്ള ഹൂപ്പറിന് ബ്ലാസ്റ്റേഴ്സിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ സാധിച്ചില്ല. തുടക്ക മത്സരങ്ങൾ നിരാശപ്പെടുത്തിയ താരം ഫോമിലേക്ക് എത്തുമ്പോഴേക്കും ടീം ടൂർണമെൻ്റിന്റെ പുറത്താകൽ ഘട്ടത്തിൽ ആയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിൽ 18 കളികളിൽ നിന്നും 5 ഗോളുകളും 4 അസിസ്റ്റുകളും ആയിരുന്നു അദ്ദേഹത്തിൻ്റെ സമ്പാദ്യം. വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യതയില്ല.

അദ്ദേഹത്തിന് പകരക്കാരനെ ബ്ലാസ്റ്റേഴ്സ് കണ്ടെത്തി എന്ന വാർത്തകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പുതിയ സെർബിയൻ കോച്ചിന്റെ സൈനിംഗിന് പിന്നാലെ സെർബിയൻ സ്ട്രൈക്കർ ആയ മിലൻ ബോജോവിച്ചുമായി ബ്ലാസ്റ്റേഴ്സുമായി ചർച്ചയിലാണ് എന്നാണ് റിപ്പോർട്ടുകൾ.

കോച്ചിൻ്റെ സൈനിംഗിന് പിന്നാലെ ഈ ഒരു സൂപ്പർ താരവും ടീമിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 25 മില്യൺ മാർക്കറ്റ് വാല്യൂ ഉള്ള താരം മ്ലാഡോസ്റ്റ് എന്ന ക്ലബ്ബിന് വേണ്ടിയാണ് കളിക്കുന്നത്. 2020-21 സീസണിൽ മ്ലഡോസ്റ്റിന് വേണ്ടി 29 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 2 അസിസ്റ്റുകളുമാണ് നേടിയത്.

34 കാരനായ ബോജോവിച്ച് സെൻ്റർ ഫോർവേഡ്, സെക്കൻ്റ് സ്ട്രൈക്കർ എന്നീ പൊസിഷനിൽ കളിക്കുന്ന താരമാണ്. 359 മത്സരങ്ങളിൽ നിന്നും 116 ഗോളുകളും 16 അസിസ്റ്റുകളുമാണ് താരത്തിൻ്റെ നേട്ടം. സെർബിയൻ ടോപ്പ് ഡിവിഷനിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം അതേ ഫോം ഇവിടെയും തുടരും എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് പ്രതീക്ഷിക്കുന്നത്. ഹൂപ്പറിന്റെ 88-ാം നമ്പർ ജേഴ്സി തന്നെ ഉപയോഗിക്കുന്ന ബോജോവിച്ചിൽ നിന്നും ഹൂപ്പറിനേക്കാൾ മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ: പിന്നാലെ മറ്റൊരു സൂപ്പർ താരവും!