ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്ത ആദ്യ വിദേശ താരമാണ് 29 കാരനായ ഉറുഗ്വേ മധ്യനിര താരം അഡ്രിയാൻ ലൂണ. ഓസ്ട്രേലിയൻ ലീഗിലെ സിറ്റി ഉടമസ്ഥതയിലുള്ള ക്ലബ്ബ് ആയ മെൽബൺ സിറ്റിയിൽ നിന്നും ടീമിൽ എത്തിച്ച ലൂണയെ കഴിഞ്ഞ ദിവസമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ടീമിൻ്റെ ഭാഗമാണ് എന്ന് പ്രഖ്യാപിച്ചത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മെൽബൺ സിറ്റിയിൽ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരത്തെ മികച്ച ഓഫർ നൽകിക്കൊണ്ടാണ് കൊമ്പന്മാർ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. മെൽബൺ സിറ്റി അദ്ദേഹത്തിൻ്റെ കരാർ നീട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ബ്ലാസ്റ്റേഴ്സിൻ്റെ വരവ്. മെൽബൺ സിറ്റിയിലെ കരാറിന് ശേഷം അദ്ദേഹത്തിന് വീണ്ടും എ ലീഗിൽ കളിക്കാൻ താൽപര്യം ഉണ്ടായിരുന്നില്ല. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സ്വന്തം നാടായ ഉറുഗ്വേയൻ ലീഗിൽ കളിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടു.

എന്നാൽ അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ മെൽബൺ സിറ്റിയും ആഞ്ഞ് ശ്രമിച്ചു. കുടുംബത്തെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ ഉള്ള ബുദ്ധിമുട്ടാണ് ലൂണയെ മറ്റൊരു തീരുമാനം എടുക്കാൻ നിർബന്ധിതനാക്കിയത്. ഈ സമയത്ത് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തിനായി താൽപ്പര്യം അറിയിച്ചത്. ബ്ലാസ്റ്റേഴ്സിന് പുറമെ ഒഡിഷ എഫ്സിയും ലൂണയെ ടീമിൽ എത്തിക്കാൻ ശ്രമിച്ചു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് മികച്ച ഓഫർ നൽകി ലൂണയെ ടീമിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ട് പ്രാവശ്യവും എ ലീഗ് കിരീടം നേടിയ മെൽബൺ സിറ്റി എഫ്സി ടീമിൽ നിർണായക ഘടകമായ ലൂണ ടീം വിടുന്നതിൽ മെൽബൺ സിറ്റി ആരാധകർക്കും അതൃപ്തി ഉണ്ട്. ആരാധകർക്ക് നന്ദി പറഞ്ഞുകൊണ്ട് ലൂണ ഇട്ട പോസ്റ്റിൽ അവരുടെ കമൻ്റ് മാത്രം നോക്കിയാൽ മതി അദ്ദേഹം മെൽബൺ സിറ്റി ആരാധകർക്ക് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് മനസ്സിലാക്കാൻ.

മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യു ഉള്ള താരങ്ങളിൽ ഒരാളാണ് ലൂണ. മികച്ച സെറ്റ് പീസുകൾ എടുക്കാൻ കഴിവുള്ള അദ്ദേഹം പവർഫുൾ ഷോട്ടുകൾ എടുക്കാനും മിടുക്കനാണ്. റൈറ്റ് ലെഫ്റ്റ് മിഡ്ഫീൽഡ്, അറ്റാക്കിംഗ് മിഡ്ഫീൽഡ്, സെൻട്രൽ സ്ട്രൈക്കർ, സെൻട്രൽ മിഡ്ഫീൽഡ് എന്നീ പൊസിഷനുകളിൽ കളിക്കുന്ന ലൂണ റൈറ്റ് വിംഗിൽ ആണ് കൂടുതൽ അപകടകാരി.

കൂടുതലും ഷോട്ട് പാസുകൾ കളിച്ച് മുന്നേറുന്ന അദ്ദേഹത്തിൻ്റെ പാസിംഗ് അക്കുറസി 80 ശതമാനത്തിന് മുകളിലാണ്. സീസണിൽ ഇരുപതിൽ കൂടുതൽ മത്സരങ്ങൾ കളിച്ച ഒരു താരത്തിന് ഇത്രയും വലിയ പാസിംഗ് അക്കുറസി നിലനിർത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഡ്രിബിളിംഗ് സ്കിൽ പൊതുവേ കുറവുള്ള ലൂണ സ്പേസ് കണ്ടെത്തി മുന്നേറാണ് പതിവ്. അത്യാവശ്യം സ്പീഡ് ഉള്ള താരത്തിന് കൗണ്ടർ അറ്റാക്കുകളിലും സ്വാധീനം ചെലുത്താൻ സാധിക്കും.

ഇന്ത്യൻ താരങ്ങളായ സഹലിനോടും ഖബ്രയോടും ഒക്കെ കോമ്പിനേഷൻ ഉണ്ടാക്കിയെടുത്താൽ മികച്ച മുന്നേറ്റങ്ങൾ നടത്താൻ ലൂണക്ക് സാധിക്കും. കാരണം ഏറ്റവും കൂടുതൽ പിന്തുണ ആവശ്യമുള്ള കളിക്കാരിൽ ഒരാളാണ് ലൂണ. അദ്ദേഹത്തിൻ്റെ ഷോട്ട് പാസ് ശൈലിക്ക് കൂടെ നിൽക്കുന്ന കുറച്ച് താരങ്ങൾ കളത്തിൽ ഉണ്ടായാൽ മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന് പിന്തുണയുള്ള മറ്റ് വിദേശ താരങ്ങളുടെ അനൗൺസ്മെൻ്റ് വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി ഒരു വലിയ താരത്തിൻ്റെ സൈനിംഗ് പ്രഖ്യാപിച്ച് ആരാധകരെ ഞെട്ടിച്ച മാനേജ്മെൻ്റ് ഇനിയും വലിയ താരങ്ങളെ ടീമിൽ എത്തിക്കാൻ സാധ്യതയുണ്ട്.