മുൻ ഇന്ത്യൻ താരവും സെൻ്റർ ബാക്കുമായ അനസ് എടത്തൊടിക ഒരു വർഷത്തിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് മടങ്ങി വരവിനൊരുങ്ങുന്നു. അടുത്ത സീസണിൽ ജംഷദ്‌പൂർ എഫ്‌സിക്ക് വേണ്ടി ഒരുവർഷ കരാറിൽ ഒപ്പുവച്ചതായി ഐഎഫ്ടിഡബ്ല്യൂസി എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2017 ൽ ഇന്ത്യൻ ഫുട്ബോൾ ടീമിൽ അരങ്ങേറ്റം കുറിച്ച അനസ് 21 മത്സരങ്ങൾ രാജ്യത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. 2017 ൽ ഒരു സീസൺ അദ്ദേഹം ജംഷദ്പൂരിന് വേണ്ടിയും കളിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അനസ് വീണ്ടും കളിക്കളത്തിലെത്തുന്നത്. 2017-18 സീസണിൽ ജംഷദ്പൂർ എഫ്സിയുടെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു അനസ്. ആ സമയത്ത് പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് അനസിനെ വീണ്ടും ടീമിലെത്തിക്കാൻ ജംഷദ്പൂരിനെ പ്രേരിപ്പിച്ചത്.

അനസിൻ്റെ ആദ്യ ഐഎസ്എൽ ടീം ഡൽഹി ഡൈനാമോസ് ആയിരുന്നു. 2015-16 സീസൺ ഡൽഹി ഡൈനാമോസിൽ കളിച്ച അനസ് പിന്നീടുള്ള സീസൺ മോഹൻബാഗാന് വേണ്ടിയും കളിച്ചു. മോഹൻ ബഗാനിൽ നിന്നും 2018 ൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞ ജേഴ്സിയും അണിഞ്ഞു.

ബ്ലാസ്റ്റേഴ്സിൽ നിന്നും തൊട്ടടുത്ത സീസൺ എ‌ടി‌കെയിൽ ചേർന്ന അനസിന് അവിടെ കൂടുതൽ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് വന്ന നിരന്തര പരിക്കുകൾ കാരണം അദ്ദേഹം കളിക്കളത്തിൽ നിന്ന് വിട്ടുനിന്നു. 2020-21 സീസണിൽ ഒരു മത്സരം പോലും അദ്ദേഹം കളിച്ചിട്ടില്ല. പുതിയ സീസണിൽ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ 34 കാരനെ ജംഷദ്പൂർ ടീമിലെത്തിക്കുന്നത്.