കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ടീമിനെ യുഎഇ 6-0 ന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം തോൽവിയാണിത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ 5 തോൽവികൾ ഏതൊക്കെയാണ് എന്ന് നോക്കാം.

1. കുവൈറ്റ് 9-1 ഇന്ത്യ

2011 ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിട്ടു. ഇന്ത്യക്കെതിരെ കുവൈറ്റ് ഒമ്പത് ഗോളുകളാണ് അടിച്ച് കൂട്ടിയത്. ബോബ് ഹൗട്ടൻ ആയിരുന്നു അന്ന് ഇന്ത്യയുടെ പരിശീലകൻ. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് റാഫി ഏക ആശ്വാസ ഗോൾ നേടി.

2. ജപ്പാൻ 7-0 ഇന്ത്യ

2006 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളുടെ ഭാഗമായി 2004 ൽ ഇന്ത്യ ജപ്പാനെ നേരിട്ടു.  ഏഷ്യയിലെ ഏറ്റവും ശക്തമായ ടീമായ ജപ്പാനെതിരെ ഇന്ത്യ 7-0ന് പരാജയപ്പെട്ടു. ജപ്പാൻ ഏഴ് ഗോളുകൾ അടിച്ചുക്കൂട്ടിയിട്ടും ഇന്ത്യൻ ടീമിന് ഒന്നുപോലും തിരിച്ചടിക്കാൻ കഴിഞ്ഞില്ല.

3. ജപ്പാൻ 6-0 ഇന്ത്യ

2006 ൽ ജപ്പാനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ 6 ഗോളുകൾക്ക് വീണ്ടും ജപ്പാനെതിരെ വലിയ പരാജയം ഏറ്റുവാങ്ങി. 2004 ൽ ജപ്പാൻ ഇന്ത്യയെ 7-0ന് തോൽപ്പിപ്പോൾ സ്കോറിംഗ് തുറന്ന ടാറ്റ്സുഹിക്കോ കുബോ 2006 ൽ ഇന്ത്യ വീണ്ടും ജപ്പാനെ നേരിട്ടപ്പോൾ ആ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി.

4. സൗദി അറേബ്യ 7-1 ഇന്ത്യ

സൗദി അറേബ്യക്കെതിരായ എ‌എഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സ്കോർബോർഡ് തുറന്നു. സൗദി അറേബ്യക്കെതിരെ എൻ‌എസ് മഞ്ജുവായിരുന്നു ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. പക്ഷേ അതിന് ശേഷം കാര്യങ്ങൾ ഒക്കെ മാറി മറിഞ്ഞു. ഒരു ഗോളിന് പിന്നിൽ നിന്ന അവർ ഏഴ് ഗോളുകളാണ് തിരിച്ചടിച്ചത്. ഈ മത്സരത്തിൽ സൗദി അറേബ്യ 7-1 ൻ്റെ വലിയ മാർജിനിൽ ഇന്ത്യയെ പരാജയപ്പെടുത്തി.

5. ഇന്ത്യ 3-6 യെമൻ

2010 ഒക്ടോബറിൽ പൂനെയിൽ നടന്ന ഇന്ത്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ യമൻ ഗോളുകൾ അടിച്ചുകൂട്ടി. ആദ്യ പകുതിയിൽ തന്നെ ഒന്നിലധികം ഗോളുകൾക്ക് പിന്നിലായിരുന്നു ഇന്ത്യ. അഭിഷേക് യാദവ്, സുർകുമാർ എന്നിവരുടെ രണ്ടാം പകുതിയിലെ ഗോളുകൾ ഇന്ത്യക്ക് തിരിച്ചുവരവിന് പര്യാപ്തമല്ലായിരുന്നു. ഈ ഒരു മത്സരവും ഇന്ത്യൻ ഫുട്ബാൾ ആരാധകർ മറക്കാൻ ആഗ്രഹിക്കുന്ന മത്സരങ്ങളിൽ ഒന്നാണ്.

🖊️അനിരുദ്ധ്