ലോകകപ്പ് യോഗ്യതയും ഏഷ്യ കപ്പ് യോഗ്യതയും തേടി ഇറങ്ങിയ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയം. ഖത്തറിലെ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇന്ത്യ ബംഗ്ലാദേശിനെ തോൽപ്പിച്ചത്.

ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ഇന്ത്യക്കായി രണ്ട് ഗോളുകളും നേടിയത്. കളിയിൽ സമ്പൂർണ ആധിപത്യം നിലനിർത്തിയ ഇന്ത്യ തുടക്കം മുതലേ ബംഗ്ലാദേശ് പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തി. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിപ്പിച്ച ഇന്ത്യ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും നേടിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

79-ാം മിനുട്ടിൽ ബിപിൻ സിംഗിന് പകരക്കാരനായി എത്തിയ മലയാളി താരം ആഷിഖ് കുരുനിയൻ നൽകിയ ക്രോസ് ക്യാപ്റ്റൻ സുനിൽ ഛേത്രി മനോഹരമായ ഒരു ഹെഡ്ഡറിലൂടെ വലയിൽ എത്തിച്ചു. ഒരു ഗോൾ വന്നതിന് ശേഷം ഇന്ത്യ വീണ്ടും ആക്രമണം തുടർന്നു.

തുടർച്ചയായ ആക്രമണങ്ങൾക്ക് ശേഷം 92-ാം മിനുട്ടിൽ പകരക്കാരനായി എത്തിയ ബംഗളൂരു എഫ്സി താരം സുരേഷ് വാങ്ങ്ജാം പെനാൽറ്റി ബോക്‌സിൽ നിന്ന് നൽകിയ പാസ് ഛേത്രി വീണ്ടും വലയിലിത്തിച്ച് ഇന്ത്യൻ വിജയം കൂടുതൽ മനോഹരമാക്കി. ഈ വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് യോഗ്യത സജീവമായി നിലനിർത്തി.