ഖത്തറിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30 ന് നടക്കുന്ന ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും ഏറെ നിർണായകമാണ്. ലോകകപ്പ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിലെ വിജയമോ സമനിലയോ മതിയാകും ഏഷ്യ കപ്പിൽ യോഗ്യതാ നേടാൻ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ എതിരില്ലാത്ത രണ്ട് ഗോളിന് വിജയിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നൽകും. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഒമാനെതിരെയുള്ള വലിയ തോൽവി മറക്കാൻ ആണ് ഇന്ന് അഫ്ഗാൻ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. ഇന്ന് ഇന്ത്യക്കെതിരെ വിജയം നേടിയാൽ അഫ്ഗാനും ഏഷ്യ കപ്പ് യോഗ്യത ഉറപ്പിക്കാൻ കഴിയും.

ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെയും അയൽക്കാരായ ബംഗ്ലാദേശിനെതിരെയും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. മത്സരത്തിൻ്റെ തുടക്കം തന്നെ പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ ഒരു ഗോളിന് നേരിയ വ്യത്യാസത്തിലാണ് ഖത്തറിനെതിരെ പരാജയപ്പെട്ടത്. അടുത്ത മത്സരത്തിൽ ബംഗ്ലാദേശിനെ 2-0ന് തോൽപ്പിച്ചു കൊണ്ട് ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ആദ്യ വിജയം നേടി.

മത്സരത്തിൽ സുനിൽ ഛേത്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ അദ്ദേഹത്തിന് അന്താരാഷ്ട്ര ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ സൂപ്പർ താരം ലയണൽ മെസ്സിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞു. 7 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഇന്ത്യ ഗ്രൂപ്പ് ഇ യിൽ മൂന്നാം സ്ഥാനത്താണ്. അതേ സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ഏഷ്യൻ കപ്പ് ക്വാളിഫയേഴ്‌സ് അവസാന റൗണ്ടിൽ ഇടം നേടാനും ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ ഒരു സമനിലയെങ്കിലും ആവശ്യമാണ്.

ഗ്രൂപ്പ് ഇ യിൽ ഇന്ത്യക്ക് തൊട്ട് താഴെ നാലാം സ്ഥാനത്തുള്ള ടീം ആണ് അഫ്ഗാനിസ്ഥാൻ. ഫിഫ റാങ്കിംഗ് അനുസരിച്ച് ഇന്ത്യക്ക് 44 സ്ഥാനങ്ങൾ താഴെയാണ് അഫ്ഗാൻ. പക്ഷേ അവരെ നിസാരായി കണ്ടാൽ ഇന്ത്യ കനത്ത വില നൽകേണ്ടി വരും എന്നത് തീർച്ച. കാരണം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി അവർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

ഫിഫ ലോകകപ്പ് ക്വാളിഫയേഴ്‌സ് മത്സരങ്ങളിൽ അഫ്ഗാനിസ്ഥാന് ഒരു വിജയവും രണ്ട് സമനിലയും നേടാൻ കഴിഞ്ഞു. ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശിനെതിരായാണ് അവർ ഏക വിജയം സ്വന്തമാക്കിയത്. ഒമാനെതിരെയും ഖത്തറിനെതിരെയും അവർക്ക് പിടിച്ച് നിൽക്കാനായില്ല. രണ്ട് ടീമുകൾക്കെതിരെയും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്.

സോഹിബ് അമീരി, ഫൈസൽ ഷായ്‌സ്റ്റെ തുടങ്ങിയ അഫ്ഗാൻ താരങ്ങളാണ് ഇന്ത്യക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുക. ഈ രണ്ട് താരങ്ങളുടെ പ്രകടനം ഇന്നത്തെ മത്സരത്തിൽ അഫ്ഗാൻ്റെ പ്രകടനത്തിൽ നിർണായകമാകും. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് മൂന്നാം സ്ഥാനം സ്വന്തമാക്കാൻ അഫ്ഗാനിസ്ഥാൻ അവരുടെ പക്കലുള്ള എല്ലാ ആയുധവും പരീക്ഷിക്കും എന്നത് തീർച്ച.

ഗ്രൂപ്പ് ഇയുടെ അവസാന മത്സരദിനത്തിനായി ഇരു ടീമുകളും ഇറങ്ങുമ്പോൾ ഇരു ടീമുകളും വിജയം നേടാം എന്ന പ്രതീക്ഷയിലാണ്. ഇന്ത്യക്ക് സമനിലയോ ജയമോ ഏഷ്യ കപ്പിൽ യോഗ്യത നേടാൻ സഹായിക്കും. പക്ഷേ അഫ്ഗാനിസ്ഥാന് ഇന്നത്തെ മത്സരത്തിൽ വിജയിക്കേണ്ടത് അത്യാവശ്യമാണ്. അവസാനമായി ഈ രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിൽ ആണ് അവസാനിച്ചത്.

എന്നാൽ ഇന്നത്തെ മത്സരം പരാജയപ്പെടുന്നവർക്ക് ഒരു നേരിയ പ്രതീക്ഷ കൂടിയുണ്ട്. ഹോങ്കോങ്ങും ബഹ്‌റൈനും തമ്മിലുള്ള മത്സരത്തിന്റെ ഫലത്തെ ആശ്രയിച്ചിരിക്കും അവരുടെ വിധി. ബഹ്റൈനെതിരെ ഹോങ്കോംഗ് പരാജയപ്പെട്ടാൽ ഇന്ന് തോൽക്കുന്ന ടീമിന് ഏഷ്യൻ ക്വാളിഫയറുകളിൽ ഇടം നേടാം. ഹോങ്കോംഗ് വിജയിക്കുകയാണെങ്കിൽ അവർക്ക് ഏഷ്യ കപ്പ് കളിക്കാൻ കഴിയില്ല. എന്തായാലും ഇന്നത്തെ മത്സരത്തിൽ വിജയം നേടാൻ ആയിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം.

ഇന്ത്യ vs അഫ്ഗാനിസ്ഥാൻ സാധ്യതാ ഇലവൻ

ഇന്ത്യ

ഗുർ‌പ്രീത് സിംഗ് സന്ധു, സന്ദേശ് ജിംഗൻ, പ്രീതം കോട്ടാൽ, സുഭാഷിഷ് ബോസ്, രാഹുൽ ഭെകെ, ആദിൽ ഖാൻ, ബിപിൻ സിംഗ്, ഉദാന്ത സിംഗ്, ഗ്ലാൻ മാർട്ടിൻസ്, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.

അഫ്ഗാനിസ്ഥാൻ

ഓവയ്‌സ് അസീസി, മാസിഹ് സംഘാനി, ഹാരൂൺ അമിരി, ഡേവിഡ് നജീം, ഹസ്സൻ അമിൻ, മിലാദ് ഇന്റേസർ, ഒമിഡ് പോപാൽസേ, മുസ്തഫ സസായ്, നയീം റഹിമി, ഫൈസൽ ഷായ്‌സ്റ്റെ, അമ്രെഡിൻ ഷെരീഫി.