ഇന്ത്യയും പാക്കിസ്ഥാനും കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ അതിൻ്റെ വീറും വാശിയും പ്രത്യേകമാണ്. ഇരു ടീമുകളുടെയും പോരാട്ടം ആരാധകർ വികാരഭരിതരായി ആണ് വീക്ഷിക്കുന്നത്. ഇപ്പോൾ ഇന്ത്യയുമായി സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാൻ പാകിസ്ഥാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ത്യയുമായും മറ്റ് ഏഷ്യൻ രാജ്യങ്ങളുമായും സൗഹൃദ‌ ഫുട്ബോൾ മത്സരങ്ങൾ കളിക്കാൻ പാകിസ്ഥാന് താല്പര്യമുണ്ടെന്നും ഇതിനായി ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുമായി തങ്ങൾ ചർച്ച നടത്തുകയാണെന്നും പാകിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ (പി എഫ് എഫ്) ചെയർമാൻ ഹാറൂൺ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും നേർക്ക് വരുമ്പോൾ ആ മത്സരം സൗഹൃദ മത്സരം ആണെങ്കിൽ പോലും അത് നല്ല പ്രാധാന്യം അർഹിക്കും എന്നത് തീർച്ച.
“ഞങ്ങൾ ഇന്ത്യ അടക്കമുള്ള എല്ലാ എ എഫ് സി അംഗങ്ങളോടും ബന്ധപ്പെട്ടു. അവരോട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നതിനെപ്പറ്റി ആവശ്യപ്പെട്ടു.

മത്സരങ്ങൾ നടത്താനും പര്യടനങ്ങൾ നടത്താനും ഞങ്ങൾ തയ്യാറാണ്.” ഹാറൂൺ പറയുന്നു. അതേ‌ സമയം രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള കായിക മത്സരങ്ങളൊന്നും നടക്കുന്നില്ല എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. “ഫുട്ബോൾ രാഷ്ട്രീയത്തിന് അതീതമാണ്.‌ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ ഏഷ്യൻ രാജ്യങ്ങൾക്കും സൗഹൃദ മത്സരങ്ങൾക്കായി ക്ഷണിച്ചു കൊണ്ട് ഞങ്ങൾ കത്തെഴുതിയിട്ടുണ്ട്.” മികച്ച റാങ്കിലുള്ള ഇന്ത്യക്കെതിരെ കളിക്കുന്നത് ഞങ്ങളുടെ കളികാർക്കും വലിയ നേട്ടമാകും‌ എന്നും അദ്ദേഹം കരുതുന്നു.

“ഇന്ത്യയെപ്പോലൊരു മികച്ച ടീമിനെതിരെ കളിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് പല കാര്യങ്ങളും പഠിക്കാ‌ൻ കഴിയും. ഫെഡറേഷന്റെ വലിപ്പത്തിന്റെ കാര്യത്തിലും ഇന്ത്യ ‌ഞങ്ങളേക്കാൾ വളരെ വലുതാണ്. അതിനാൽ ഇന്ത്യയിൽ നിന്നും ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കും.” അദ്ദേഹം പറഞ്ഞു നിർത്തി. ഈ ഒരു മത്സരം നടക്കാൻ ഇരു ടീമുകളുടെ ആരാധകരും ഒരുപോലെ കാത്തിരിക്കും എന്നത് തീർച്ച. ഇന്ത്യ പാക്കിസ്ഥാൻ അങ്കം ഫുട്ബാളിലും കാണാൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

🖊️അനിരുദ്ധ്