ചെൽസിക്കെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള മാഞ്ചസ്റ്റർ സിറ്റി ടീമിനെ തിരഞ്ഞെടുക്കുന്നത് ക്ലബ്ബിൽ തന്റെ അഞ്ച് വർഷത്തിനിടയിൽ നടത്തുന്ന ഏറ്റവും കഠിനമായ വെല്ലുവിളികളിൽ ഒന്നാണെന്ന് പെപ് ഗ്വാർഡിയോള.

മെയ് 29 നാണ് ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ. ഈ സീസണിലുടനീളം ടീം ഘടനകൾ നിരന്തരം മാറ്റി പരീക്ഷിച്ച ഗ്വാർഡിയോള ലൈനപ്പ് എന്താണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറയുന്നു.

മെയ് എട്ടിന് ലീഗ് മത്സരത്തിലും ഏപ്രിൽ 17 ന് നടക്കുന്ന എഫ്എ കപ്പ് സെമിഫൈനലിലും തോമസ്‌ ടുഷേലിനെതിരെ ടീമിനെ എങ്ങനെ ഇറക്കും എന്നതിന് രണ്ട് ഓപ്ഷനുകൾ തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

“എനിക്ക് ഒരു വ്യക്തമായ പ്ലാൻ ഉണ്ട്. ഞങ്ങൾ എങ്ങനെ കളിക്കുമെന്ന് എനിക്കറിയാം. പക്ഷേ എനിക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്. കളിക്കാർക്ക് അത്തരം പ്ലാനുകൾ ആവശ്യമാണ്. കളിക്കാൻ അവർ എനിക്ക് വേണ്ടി നന്നായി കളിക്കും. അത് എനിക്കറിയാം. ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയൊരു കടുത്ത തീരുമാനമായിരിക്കും. ഞാൻ എതിരാളിയെ വിശകലനം ചെയ്ത് വേണം ടീമിനെ ഇറക്കാൻ. അതിന് ഞങ്ങൾ ശ്രമിക്കും.

ഒരു സാധാരണ മത്സരത്തിൽ തന്നെ ടീമിൽ നിന്ന് പുറത്താക്കുന്ന കളിക്കാരോട് അത് പറയാൻ ബുദ്ധിമുട്ടാണ്. അതിനാൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അത് അതിലും ബുദ്ധിമുട്ട് ആയിരിക്കും. പക്ഷേ കളിക്കാർക്കിടയിൽ ഞങ്ങൾക്ക് നല്ല ബന്ധമുണ്ട്.”

അടുത്ത രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളെയും പരിശീലന സെഷനുകളെയും അടിസ്ഥാനമാക്കി മികച്ച സ്റ്റാർട്ടിംഗ് ലൈനപ്പിനെ കണ്ടെത്തുക എന്ന് ഗ്വാർഡിയോള പറയുന്നു. മികച്ച രീതിയിൽ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിയുന്നവരെ ടീമിലേക്ക് തിരഞ്ഞെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

” ഞാൻ കളിക്കാനും പ്രതിരോധിക്കാനും ആഗ്രഹിക്കുന്ന രീതി, മാനസികാവസ്ഥ, സമ്മർദ്ദം കൈകാര്യം ചെയ്യുന്ന താരങ്ങൾ, ആ നിമിഷത്തിൽ എന്നോടും ടീമിനോടും സത്യസന്ധത പുലർത്താൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകൾ തുടങ്ങി മികച്ച അഞ്ച് കാര്യങ്ങൾക്ക് മുൻഗണന കൊടുക്കുന്നു. എല്ലാവരും എന്തിനും തയ്യാറായിരിക്കണം. കാരണം അന്തിമമായി പലതും മാറാം അല്ലെങ്കിൽ പലതും സംഭവിക്കാം.” സിറ്റി കോച്ച് പറഞ്ഞു നിർത്തി.