മെയ് 29 ന് നടക്കാനിരുന്ന ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ പോർച്ചുഗലിലെ പോർട്ടോയിലേക്ക് മാറ്റിയതായി യുവേഫ പ്രഖ്യാപിച്ചു. മത്സരം ഇസ്താംബൂളിൽ ആണ് നടക്കാനിരുന്നതെങ്കിലും സുരക്ഷ മുൻനിർത്തി മറ്റ് മാർഗങ്ങൾ പരിഗണിക്കാൻ യുവേഫയെ നിർബന്ധിതരാക്കി.

കഴിഞ്ഞയാഴ്ച ബ്രിട്ടീഷ് സർക്കാർ തുർക്കിയെ കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അപകടസാധ്യതയുള്ള ‘റെഡ് ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിരുന്നു. ഇത് കാരണം ആരാധകർക്ക് മത്സരം കാണാൻ സാധിക്കില്ല.

ഇസ്താംബൂളിന് പകരമായി വെംബ്ലിയെ പരിഗണിച്ചിരുന്നു എങ്കിലും ആയിരക്കണക്കിന് സ്പോൺസർമാർക്കും വിഐപികൾക്കും ആരാധകർക്കും ക്വാറന്റെയ്ൻ ഇളവ് അനുവദിക്കണമെന്ന അഭ്യർത്ഥന ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചില്ല. ഇത് കാരണം മത്സരം പോർട്ടോയിലേക്ക് മാറ്റുന്നതിന് യുവേഫ നിർബന്ധിതരായി.

ഫൈനലിൽ എത്തിയ ഇരു ടീമുകൾക്കും 6,000 ടിക്കറ്റുകൾ ലഭ്യമാക്കുമെന്ന് യുവേഫ സ്ഥിരീകരിച്ചു. കാണികളുടെ ആവേശത്തോടെ ഇരു ടീമുകൾക്കും കളിക്കാം എന്നതാണ് ഇതിലെ പ്രധാന സവിശേഷത. തുർക്കിയിലോ ഇംഗ്ലണ്ടിലോ വച്ച് ഫൈനൽ നടത്താൻ അധികൃതർ പരമാവധി ശ്രമിച്ചെങ്കിലും കൂടുന്ന കൊറോണ കേസുകൾ അത് ബുദ്ധിമുട്ടിലാക്കി. പുതിയ വേദിയിലും ആവേശം ഒട്ടും ചോരാതെ തന്നെ ഫൈനൽ നടത്താം എന്ന ആത്മവിശ്വാസത്തിലാണ് യുവേഫ.