ഇറ്റലിയുടെ സൂപ്പർ താരമാണ് ലോറൻസോ ഇൻസൈൻ. ഇപ്പോൾ യൂറോ കപ്പിൽ തകർത്ത് കളിച്ച് കൊണ്ടിരിക്കുന്ന അദ്ദേഹം ഇറ്റാലിയൻ ലീഗായ സീരി എ യിലെ നപ്പോളിയുടെ നിർണായക താരങ്ങളിൽ ഒരാളാണ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇൻസൈനെ ടീമിൽ എത്തിക്കാൻ ആണ് പ്രീമിയർ ലീഗ് ക്ലബ്ബ് ആയ ടോട്ടൻഹാമും ലാലിഗ വമ്പന്മാരായ ബാഴ്‌സലോണയും ശ്രമിക്കുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ലോറെൻസോ ഇൻസൈൻ എന്ന താരം നപ്പോളിയെ സംബന്ധിച്ച് എത്രത്തോളം വലുതാണ് എന്ന് ടീം മാനേജ്മെന്റും ആരാധകരും മനസ്സിലാക്കുന്നു. നപ്പോളി മാനേജ്മെൻ്റിന് അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ അതിയായ ആഗ്രഹമുണ്ട്. എന്നാൽ അവരുടെ സാമ്പത്തികമായ പ്രതിസന്ധി കാരണം ഇത്തരമൊരു സൂപ്പർ താരത്തെ നിലനിർത്താൻ വലിയ ബുദ്ധിമുട്ടാണ്.

കോറിറെഡെല്ലോ സ്പോർട്ട് എന്ന പ്രശസ്ത സ്പോർട്സ് മാധ്യമത്തിൻ്റെ റിപ്പോർട്ട് പ്രകാരം ടോട്ടൻഹാമും ബാഴ്സലോണയും ഇൻ‌സൈന്റെ ഏജന്റുമായി കരാർ കാര്യങ്ങൾ ചർച്ച ചെയ്തു എന്നാണ് പറയപ്പെടുന്നത്. ഈ രണ്ട് ടീമുകളും ഇദ്ദേഹത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. പുതിയ കരാറിന്റെ നിബന്ധനകളെച്ചൊല്ലി ഇൻ‌സൈനും നപ്പോളിയും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഇൻസൈൻ തന്റെ നിലവിലെ ശമ്പളം 4.3 മില്യൺ ഡോളർ ആയി ഉയർത്തണമെന്ന് നപ്പോളിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ഈ ആവശ്യം അംഗീകരിക്കാൻ ക്ലബ്ബ് തയാറായില്ല എന്നതാണ് വസ്തുത.

തന്റെ കരിയർ മുഴുവൻ ക്ലബിൽ ചെലവഴിച്ച തങ്ങളുടെ ക്യാപ്റ്റനെ നിലനിർത്താൻ നപ്പോളിക്ക് താൽപ്പര്യമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ അംഗീകരിക്കാൻ തക്ക സാമ്പത്തിക സ്ഥിതി അവർക്കുണ്ടോ എന്ന കാര്യം സംശയമാണ്. ഇനി ഒരു വർഷം മാത്രമേ അദ്ദേഹത്തിന് നപ്പോളിയുമായി കരാർ ഉള്ളൂ. അടുത്ത വർഷം ഫ്രീ ഏജൻ്റ് ആകുന്ന ഇൻസൈനെ ട്രാൻസ്ഫർ ഫീ ലഭിക്കാതെ നഷ്ടപ്പെടുമോ എന്ന ഭയവും അവർക്കുണ്ട്. ആ ഒരു കാരണത്താൽ അദേഹത്തെ വിൽക്കാൻ നപ്പോളി തയ്യാറാണെന്ന റിപ്പോർട്ടുമുണ്ട്.

ഈ വർഷത്തെ യൂറോ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളിൽ ഒരാളാണ് 30 കാരനായ ഇൻസൈൻ. നാല് കളികളിൽ നിന്ന് രണ്ട് ഗോളുകൾ നേടിയ അദ്ദേഹം സെമി ഫൈനലിലെത്തിയ ഇറ്റലി ടീമിന്റെ പ്രധാന ഘടകമാണ്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്ത താരങ്ങളിൽ ഒരാളുമാണ് ഇൻസൈൻ. ഇറ്റലിയുടെ പത്താം നമ്പർ ജേഴ്സിയിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്ത് കൊണ്ടിരിക്കുന്നത്.

“ഇറ്റലിയുടെ പത്താം നമ്പർ ജേഴ്സി ധരിക്കുന്നതിൽ എനിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. പക്ഷേ എന്റെ ചുമലിൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ എപ്പോഴും കൂൾ ആയിരിക്കാൻ ശ്രമിക്കുന്നു. കോച്ച് എനിക്ക് ധാരാളം നിർദ്ദേശങ്ങൾ നൽകുന്നു. അത് അനുസരിക്കുന്നു. അദ്ധേഹവും ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു. അതിനാൽ ഞങ്ങളെ പഠിപ്പിക്കാൻ അദ്ദേഹത്തിന് ധാരാളം കാര്യങ്ങൾ ഉണ്ട്. ഇതാദ്യമായാണ് ഞാൻ ഒരു നായകനെന്ന നിലയിൽ ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നത്, അതിൽ ഞാൻ അഭിമാനിക്കുന്നു. പരിശീലകന്റെയും ടീമിന്റെയും വിശ്വാസ്യത സംരക്ഷിക്കാൻ ഞാൻ എനിക്ക് പരിധികൾ ഇല്ല. ” ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ഇൻസൈൻ പറഞ്ഞ കാര്യങ്ങളാണിത്.

ബെൽജിയത്തിനെതിരായ 2-1 വിജയത്തിൽ ഇൻസൈനിന്റെ തകർപ്പൻ പ്രകടനത്തിൽ നാപ്പോളി പ്രസിഡന്റ് യുറേലിയോ ഡി ലോറൻറിസും തൻ്റെ സന്തോഷം രേഖപ്പെടുത്തി. “ബെൽജിയത്തിനെതിരെ അദ്ദേഹം ഒരു മികച്ച ഗോൾ നേടി. അദ്ദേഹത്തിൻ്റെ പ്രകടനത്തിൽ മത്സരത്തിലുടനീളം ശ്രദ്ധയും കാര്യക്ഷമതയുമുണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു നിർത്തി.