ചെൽസി ലക്ഷ്യമിട്ട രണ്ട് താരങ്ങളെയും റാഞ്ചിയത് പി എസ് ജി. പുതിയ സൈനിംഗുകൾ നടക്കാത്തതിൽ ചെൽസി ആരാധകർക്ക് അതൃപ്തി. പി എസ് ജി യുടെ അടുത്ത ലക്ഷ്യം മറ്റൊരു വമ്പൻ താരം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി സ്വന്തമാക്കാൻ ശ്രമിച്ച രണ്ട് താരങ്ങളായിരുന്നു സെർജിയോ റാമോസും അക്രഫ് ഹക്കിമിയും. ഈ രണ്ട് താരങ്ങളുമായി കരാർ ഒപ്പിടാൻ ചെൽസിക്ക് അതിയായ താൽപ്പര്യമുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചെൽസിയെ ഞെട്ടിച്ച് കൊണ്ട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെന്റ് ജെർമെയ്ൻ ഈ രണ്ട് താരങ്ങളെയും സ്വന്തം കൂടാരത്തിലെത്തിച്ചു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ സൈനിംഗുകൾ ഒന്നും നടത്താത്തത് ചെൽസി ആരാധകരുടെ ഇടയിൽ വൻ അതൃപ്തിക്ക് കാരണമായി. 2021/22 പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ഒരുമാസം മാത്രമാണ് ഇനി ബാക്കി. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് അടിച്ചിരുന്നു എങ്കിലും ഈ സീസണിൽ ടീമിനെ കൂടുതൽ ശക്തമാക്കും എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. സീസണിന്റെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസുമായാണ് അവരുടെ ആദ്യ മത്സരം. മത്സരം അടുത്തിട്ടും പുതിയ താരങ്ങൾ എത്താത്തത് മാനേജ്മെൻ്റിനെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു. പരിശീലകൻ തോമസ് ടുഷേലിന് കീഴിൽ പുതിയ താരങ്ങളെ കൊണ്ടുവരാൻ ശ്രമിച്ചു എങ്കിലും അതൊന്നും യാഥാർഥ്യമായില്ല.

ബൊറുസിയ ഡോട്മുണ്ട് താരം എർ‌ലിംഗ് ഹാലാൻഡിനായി ഒരു സ്വാപ്പ് ഡീലിനായി ചെൽസി ശ്രമിച്ചെങ്കിലും ആ ഒരു നീക്കത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല. ഈ ട്രാൻസ്ഫർ വിൻഡോയിൽ ഡോർട്മുണ്ട് താരം എർലിംഗ് ഹാലാൻഡായിരുന്നു ടുഷേലിന്റെ പ്രധാന ലക്ഷ്യം. ആ ഒരു ട്രാൻസ്ഫർ ഇനി നടക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ഈ വർഷം ഏറ്റവും കൂടുതൽ വലിയ സൈനിംഗുകൾ നടത്തിയ ടീമാണ് ഫ്രഞ്ച് ഭീമൻമാരായ പാരിസ് സെൻ്റ് ജർമെയ്ൻ. ബാഴ്സലോണ ക്യാംപ് നൗവിൽ എത്തിക്കാൻ ശ്രമിച്ച വൈനാൾഡത്തെ ഒരു ഹൈജാക്കിലൂടെ പി എസ് ജി ടീമിലെത്തിച്ചു. കരാറിലെത്താൻ ഏതാണ്ട് ധാരണയായ സമയത്താണ് താരത്തിനായി പി എസ് ജി യുടെ വരവ്. ബാഴ്സ ഓഫർ ചെയ്ത ഇരട്ടി തുകയാണ് വൈനാൾഡത്തിനായി പി എസ് ജി മാനേജ്മെൻ്റ് മുടക്കിയത്.

ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നോട്ടമിട്ട റയൽ മാഡ്രിഡ് താരം ആയിരുന്ന സെർജിയോ റാമോസിനെയും ഹക്കിമിയെയും ബാഴ്സലോണ ടീമിൽ എത്തിക്കാൻ ശ്രമിച്ച ഇറ്റാലിയൻ ഗോൾ കീപ്പർ ഡോണറുമ്മയെയുമൊക്കെ അവർ സ്വന്തമാക്കി. ടീം വിടുമെന്ന് കരുതിയ സൂപ്പർ താരം എംബാപ്പെയെ ടീമിൽ തന്നെ നിലനിർത്താനും അവർക്ക് കഴിഞ്ഞു.

ഈ സീസണിൽ മികച്ച സൈനിംഗുകൾ നടത്തി എല്ലാവരെയും ഞെട്ടിച്ച പി എസ് ജി അടുത്ത ഒരു വമ്പൻ സൈനിംഗിനായി ഒരുങ്ങുകയാണ്. എസി മിലാൻ ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസിനെ സ്വന്തമാക്കാനാണ് പി എസ് ജി യുടെ പുതിയ നീക്കം. പി എസ് ജി യുടെ ഇപ്പോഴുള്ള നെതർലൻഡ്സ് ലെഫ്റ്റ് ബാക്ക് മിഷേൽ ബക്കറെ ലെവർകുസന് കൈമാറാനാണ് പി എസ് ജി ശ്രമിക്കുന്നത്. മാത്രമല്ല എസി മിലാൻ മൊണാക്കോയിൽ നിന്നും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന ബല്ലോ ടുറെയെ എത്തിച്ചത് പി എസ് ജി യുടെ ഈ ഒരു നീക്കം നടക്കാൻ സാധ്യത ഏറുന്നു.