സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന വാർത്തകൾ ഞെട്ടലോടെയാണ് ഓരോ ഫുട്ബോൾ ആരാധകനും കേട്ടത്. ഇന്നലെ രാത്രിയാണ് ബാഴ്സ അവരുടെ ട്വിറ്റർ പേജിലൂടെ ഈ വിവരം ഔദ്യോഗികമായി പുറത്ത് വിടുന്നത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ആരാധകർ പ്രതിഷേധവുമായി എത്തി. ഈ ജൂലൈ ഒന്നിന് ബാഴ്സയുമായുള്ള കരാർ അവസാനിച്ച മെസ്സി കരാർ പുതുക്കും എന്നാണ് ആരാധകർ കരുതിയത്.

മെസ്സി തൻ്റെ ശമ്പളം പകുതിയായി വെട്ടിക്കുറയ്ക്കാൻ തയ്യാറായത് കൊണ്ട് വരും ദിവസങ്ങളിൽ കരാർ പുതുക്കിയ ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന് കരുതിയ ആരാധകർക്കിടയിലാണ് പെട്ടെന്നുള്ള ഇടിത്തീ ആയി ഈ റിപ്പോർട്ട് പുറത്ത് വന്നത്. ക്ലബ്ബിൻ്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ മെസ്സി ഫ്രീ ട്രാൻസ്ഫർ വഴി ടീം വിടില്ല എന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. ടീം മാനേജമെൻ്റിന്റെ ഈ നീക്കത്തിൽ സമൂഹ മാധ്യമങ്ങളിലും ബാഴ്സലോണ നഗരത്തിലും വമ്പൻ പ്രതിഷേധങ്ങളാണ് ആരാധകർ നടത്തിക്കൊണ്ടിരിക്കുന്നത്.

മെസ്സി ക്ലബ്ബ് വിട്ടു എന്ന ഔദ്യോഗിക സ്ഥിരീകരണം വന്നതിന് ശേഷം പാരീസ് വമ്പന്മാരായ പി എസ് ജി അദ്ദേഹവുമായി നേരിട്ട് ചർച്ചകൾ ആരംഭിച്ചു. കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമന്മാർ മാഞ്ചസ്റ്റർ സിറ്റിയും മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. തൻ്റെ പഴയ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് കീഴിൽ ഒരിക്കൽ കൂടി മെസ്സി കളിക്കാൻ താൽപര്യമറിയിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. മെസ്സിയെ ടീമിൽ എത്തിക്കാൻ ഗ്വാർഡിയോളയും പരമാവധി ശ്രമിക്കുമെന്ന് തീർച്ച.

ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷിനായി സിറ്റി 100 മില്യൺ യൂറോക്ക് മുകളിലാണ് ചെലവഴിച്ചത്. ഗ്രീലിഷിന് പുറമെ ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്നിനെ കൊണ്ടുവരാൻ ശ്രമിക്കുന്ന സിറ്റി ആ ശ്രമത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മെസ്സിയുടെ കാര്യം കൂടുതൽ ശ്രദ്ധിക്കാൻ സാധ്യതയുണ്ട്. മെസ്സിയെ സ്വന്തമാക്കാനുള്ള സാഹചര്യം നിലനിൽക്കെ സിറ്റി ഈ അവസരം ഉപയോഗിക്കും എന്ന് ഫുട്ബോൾ വിദഗ്ധർ കണക്ക് കൂട്ടുന്നു.

മെസ്സിയെ സ്വന്തമാക്കാൻ സിറ്റിക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക പാരീസ് സെന്റ് ജെർമെയ്നാണ്. വാർത്ത വന്ന് മണിക്കൂറുകൾക്കകം അവർ മെസ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതിനകം തന്നെ സെർജിയോ റാമോസ്, ജിയാൻലൂയിജി ഡൊന്നറുമ്മ, ജോർജിന്യോ വൈനാൽഡം എന്നിങ്ങനെ ചില വലിയ ഫ്രീ ട്രാൻസ്ഫർ സൈനിംഗുകൾ അവർ നടത്തി.

മെസ്സി ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ പിഎസ്ജിക്ക് അദ്ദേഹവുമായി ഒരു കരാർ ഉണ്ടാക്കാൻ കഴിയുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. മെസി ക്ലബ്ബ് വിടുമെന്ന പ്രഖ്യാപനത്തിന് ശേഷം മെസ്സിയുടെ ഏജൻ്റ് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുമായും സ്പോർട്ടിംഗ് ഡയറക്ടർ ലിയോനാർഡോയുമായും ബന്ധപ്പെട്ടുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷത്തെ മറ്റൊരു മികച്ച സൈനിംഗിനായി പിഎസ്ജി ആരാധകരും കാത്തിരിക്കുന്നു.