പി എസ് ജി നിരയിൽ നിർണായക താരമാണ് ഫ്രാൻസിൻ്റെ കെലിയൻ എംബാപ്പെ. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും കൂടുതൽ മൂല്യമേറിയ താരമായ എംബാപ്പെയുടെ ഇപ്പോഴുള്ള ആഗ്രഹം പി എസ് ജി വിട്ട് സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡിൽ ചേക്കേറണം എന്നാണ്. റയലിൻ്റെ വെള്ള ജേഴ്സിയിൽ കൂടുതൽ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും എന്നാണ് അദ്ദേഹത്തിൻ്റെ കണക്ക് കൂട്ടൽ.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പ്രശസ്ത മാധ്യമമായ മാർക്കയാണ് എംബാപ്പേക്ക് പാരീസ് സെന്റ് ജെർ‌മെയിനുമായുള്ള കരാർ‌ പുതുക്കാൻ‌ താൽ‌പ്പര്യപ്പെടുന്നില്ലെന്നും റയൽ മാഡ്രിഡിലേക്ക് പോകാനാണ് താൽപര്യം എന്നും ആദ്യം റിപ്പോർട്ട് ചെയ്തത്. ഫ്രാൻസിൽ അദ്ദേഹത്തിൻ്റെ സഹതാരവും റയൽ മാഡ്രിഡ് സ്ട്രൈക്കറും ആയ കരീം ബെൻസെമയും എംബാപ്പെ റയൽ മാഡ്രിഡിൽ എത്തുന്നതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്തുകൊണ്ടും റയലിൽ കളിക്കാൻ അർഹതയുള്ള താരമാണ് എംബാപ്പെ എന്നാണ് ബെൻസെമ പറഞ്ഞത്.

എംബപ്പെക്ക് ടീം വിടാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ മാർക്ക തന്നെ പറയുന്നു അത് എളുപ്പമാകില്ല എന്ന്. എംബാപ്പേക്ക് മുന്നിൽ ഇപ്പോൾ രണ്ട് ഓപ്ഷനുകളുകളാണ് ഉള്ളത്. ഒന്ന് ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്ബിൻ്റെ അനുമതിയോടെ ടീം വിടുക അല്ലെങ്കിൽ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജൻ്റ് ആകുന്നത് വരെ കാത്തിരിക്കുക. റയൽ മാഡ്രിഡിനും അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ താല്പര്യമുണ്ട്. എന്നാൽ ഇത്രയും വലിയൊരു സൂപ്പർ താരത്തെ വിട്ടുകൊടുക്കാൻ ഫ്രഞ്ച് ഭീമന്മാർ ഒരുക്കമല്ല.

ഒരു വർഷം കൂടി കാത്തിരുന്ന് ഫ്രീ ഏജൻ്റ് ആയി ടീം വിടാൻ എംബാപ്പേക്ക് താൽപര്യമില്ല. പരമാവധി ഈ സീസണിൽ തന്നെ പുതിയ തട്ടകത്തിൽ എത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ടീം വിടാൻ ആഗ്രഹിച്ച രണ്ട് പി എസ് ജി താരങ്ങൾ കഴിഞ്ഞ സീസണിൽ ഫ്രീ ഏജൻ്റ് ആയാണ് ടീം വിട്ടത്. ബ്രസീൽ പ്രതിരോധ താരം തിയാഗോ സിൽവയും ഉറുഗ്വേ സ്ട്രൈക്കർ എഡിൻസൺ കവാനിയുമാണ് ക്ലബുമായുള്ള ബന്ധം അവസാനിപ്പിച്ചത്. ഇരുവരും ദീർഘകാലമായി പാരീസിൽ കളിച്ചവർ ആയിരുന്നു.

എന്നാൽ ഈ താരങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തനാണ് എംബപ്പേ. യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിൻ്റെ വേഗതയും ഡ്രിബിളും സ്കില്ലും എടുത്തു പറയേണ്ടതാണ്. ഗോൾ കണ്ടെത്തുന്നതിൽ എംബാപ്പെയുടെ വൈധഗ്ദ്ധ്യം മറ്റ് യുവ താരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഈ വർഷത്തെ ബാലൺദ്യോർ അവാർഡ് നേടാൻ സാധ്യത ഉള്ള താരങ്ങളിൽ ഒരാളാണ് എംബാപ്പെ. ഇത്തരമൊരു താരത്തെ നഷ്ടപ്പെടുന്നത് പി‌ എസ്‌ ജി യുടെ പ്രതിച്ഛായയ്ക്ക് കനത്ത പ്രഹരമായിരിക്കും. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ടീമിൽ നിലനിർത്താൻ പി എസ് ജി പരമാവധി ശ്രമിക്കും എന്നത് തീർച്ച.