അർജന്റീനൻ ക്ലബ്ബായ റിവർ പ്ലെയിറ്റിന്റെ സൂപ്പർ താരമായ ജൂലിയൻ അൽവാരെസിനെ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും രംഗത്ത്. മറ്റു പ്രമുഖ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, എ സി മിലാൻ, ഇന്റർ മിലാൻ എന്നീ പ്രമുഖ ക്ലബ്ബുകൾക്കും ഈ അർജന്റീനൻ താരത്തെ സ്വന്തമാക്കാൻ താൽപര്യം ഉണ്ട്.

21 കാരനായ ജൂലിയൻ അൽവാരെസ് ഈ സീസണിൽ മികച്ച പ്രകടനം നടത്തിയോടെയാണ് യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ഈ താരത്തിനായി രംഗത്ത് എത്തിയത്. ഈ സീസണിൽ റിവർ പ്ലെയിറ്റിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് 17 ഗോളുകളും 6 അസിസ്റ്റുമാണ് നേടിയത്.

2018 ൽ ആണ് താരം റിവർ പ്ലെയിറ്റിനായി ആദ്യമായി കളിച്ചത്. 2018 ൽ അൽവാരെസ് ആകെ കളിച്ചത് 5 മത്സരങ്ങളാണ്. ഈ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം ഒരു ഗോളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. 2019 – 20 സീസണിൽ താരം 7 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഈ സീസണിൽ താരത്തിന് ഗോളും അസിസ്റ്റും ഒന്നും നേടാൻ സാധിച്ചില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ ടീമിനെ ശക്തിപ്പെടുത്താൻ ജൂലിയൻ അൽവാരസിനെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നു. ജെസ്സി ലിംഗാർഡും ആന്റണി മാർഷ്യലും ജനുവരി ട്രാൻസ്ഫർ വിന്റോയിൽ ക്ലബ്ബ് വിടാൻ സാധ്യത ഉണ്ട്. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും എഡിസൺ കവാനിക്കും പ്രായം കൂടിവരികയാണ്. ആയതിനാൽ യുവ താരമായ ജൂലിയൻ അൽവാരെസിനെ സൈൻ ചെയ്യാനുള്ള അവസരം യുണൈറ്റഡ് നഷ്ടപ്പെടുത്തില്ല.

കൂടാതെ പെപ്പ് ഗ്വാഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി കുറച്ചു കാലമായി ഒരു മികച്ച സ്ട്രൈക്കറെ സൈൻ ചെയ്യാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിന്റോയിലൂടെ സെർജിയോ അഗ്യൂറോ എഫ് സി ബാഴ്സലോണയിലേക്ക് പോയി കഴിഞ്ഞു. അതിനു ശേഷം ഒരു സ്ട്രൈക്കറായി ക്ലബ്ബിൽ കളിക്കുന്നത് ബ്രസീലുകാരനായ ഗബ്രിയേൽ ജീസസ് ആണ്. സിറ്റി കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിന്റോയിൽ ടോട്ടൻഹാം സ്ട്രൈക്കർ ഹാരി കെയ്നെ സൈൻ ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എന്നാൽ ജൂലിയൻ അൽവാരെസിനെ സൈൻ ചെയ്യൽ മാഞ്ചസ്റ്റർ ക്ലബ്ബുകൾക്ക് ഒരിക്കലും എളുപ്പമാവില്ല. ഒരോ ദിവസം കഴിയുന്തോറും താരത്തെ സ്വന്തമാക്കാനുള്ള ക്ലബ്ബുകളുടെ എണ്ണം കൂടി കൊണ്ടിരിക്കുകയാണ്. അവസാനമായി എഫ് സി ബാഴ്സലോണയും പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൺ വില്ലയും താരത്തിനായി രംഗത്തുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.