കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഈ സീസണിലെ ആദ്യ വിദേശ താരത്തെ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓസ്ട്രേലിയൻ ലീഗിൽ കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച 29 കാരനായ ഉറുഗ്വേ താരം അഡ്രിയാൻ ലൂണയെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടുക. കഴിഞ്ഞ രണ്ട് സീസണുകളിലും ഓസ്ട്രേലിയൻ ലീഗിൽ മെൽബൺ സിറ്റി എഫ്സിക്ക് വേണ്ടി കളിച്ച ലൂണ അവർക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അറ്റാക്കിംഗ് മിഡ്ഫീൽഡറായി കളിക്കുന്ന താരത്തിന് റൈറ്റ് വിംഗറായും ലെഫ്റ്റ് വിംഗറായും കളിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. സെറ്റ്പീസുകൾ എടുക്കുന്നതിൽ ഉള്ള ലൂണയുടെ വൈദഗ്ധ്യം വരും സീസണിൽ ബ്ലാസ്റ്റേഴ്സിന് ഗുണകരമാകും എന്നാണ് ബ്ലാസ്റ്റേഴ്സിൻ്റെ കണക്കുകൂട്ടൽ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ സെറ്റ് പീസുകൾ എടുത്ത അർജൻ്റീനൻ താരം ഫകുണ്ടോ പേരേരയുടെ സെറ്റ് പീസുകളിൽ നിന്നും നിരവധി ഗോളുകൾ സ്കോർ ചെയ്യാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ മികച്ച ഒരു പകരക്കാരൻ ആയാണ് മാനേജ്മെൻ്റ് ലൂണയെ പരിഗണിക്കുന്നത്. ഇത്തവണ ബ്ലാസ്റ്റേഴ്സ് ലൂണ സെറ്റ് പീസുകകളിൽ കൂടുതൽ അപകടം വിതക്കും എന്നത് തീർച്ച.

ഫകുണ്ടോ പേരേരക്ക് പുറമെ ഓപ്പൺ പ്ലേ ഗോൾ നേടാനും മികച്ച ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനും ലൂണ മിടുക്കനാണ്. മധ്യ നിരയിൽ ഒരു പ്ലേമേക്കറുടെ റോൾ വളരെ ഭംഗിയായി നിർവഹിക്കാൻ അദ്ദേഹത്തിന് സാധിക്കും. മെൽബൺ സിറ്റിക്ക് വേണ്ടി രണ്ട് എ ലീഗ് കിരീടങ്ങൾ നേടിയ ലൂണ സ്പാനിഷ് ക്ലബ്ബ് ആയ എസ്പനിയോളിന് വേണ്ടിയും കളിച്ചിട്ടുണ്ട്. വിവിധ പൊസിഷനുകളിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ലൂണ റൈറ്റ് വിംഗിൽ കൂടുതൽ അപകടകാരിയാണ്. 336 ക്ലബ്ബ് മത്സരങ്ങളിൽ നിന്നും 47 ഗോളുകളും 46 അസിസ്റ്റുകളുമാണ് താരത്തിൻ്റെ സമ്പാദ്യം.

ആദ്യ സൈനിംഗിൽ തന്നെ മികച്ച ഒരു മധ്യനിര താരത്തെ ലഭിച്ച സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഓസ്ട്രേലിയൻ ലീഗിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ ലൂണ ബ്ലാസ്റ്റേഴ്സിൻ്റെ മഞ്ഞ ജേഴ്സിയിലും പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. മധ്യനിര കൂടുതൽ ശക്തമാക്കാൻ ബംഗളൂരു എഫ്സിയിൽ നിന്ന് ഹർമൻജോദ് ഖബ്രയെയും ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ ദിവസം ടീമിൽ എത്തിച്ചിരുന്നു.