സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാത്തൊരു ബാഴ്സലോണയെക്കുറിച്ച് ആരാധകർക്ക് ആലോചിക്കാൻ പോലും സാധിക്കില്ല. കാരണം കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി ബാഴ്സ ജഴ്സിയിൽ അദ്ദേഹമുണ്ട്. ബാഴ്സലോണയിലെ മികച്ച പ്രകടനം കണക്കിലെടുത്താണ് അദ്ദേഹത്തിന് ആറ് ബാലൺ ഡി യോർ ലഭിച്ചത്. ലോക ഫുട്ബോളിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളായ മെസ്സിയെ നഷ്ടപ്പെടുത്താൻ ബാഴ്സലോണയും ആഗ്രഹിക്കുന്നില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ സീസണിൽ ടീം വിടാൻ മെസ്സി താൽപര്യം പ്രകടിപ്പച്ചിരുന്നു എങ്കിലും അവസാനം ക്ലബ്ബിൽ തന്നെ തുടരുകയായിരുന്നു. കരാർ പുതുക്കുന്നതിനായി മെസ്സിയുമായി ബാഴ്‌സലോണ വിപുലമായ ചർച്ചകൾ ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ കരാർ പുതുക്കാൻ ഇനിയും പ്രധാനപ്പെട്ട കാര്യങ്ങൾ താരം അംഗീകരിക്കേണ്ടതുണ്ട്.

അർജന്റീനക്ക് വേണ്ടി ബ്രസീലിൽ കോപ്പ അമേരിക്ക ടൂർണമെൻ്റിൽ പങ്കെടുക്കുന്ന മെസ്സി അതിന് ശേഷമായിരിക്കും കൂടുതൽ ചർച്ചകളിലേക്ക് കടക്കുക. താരത്തിന് രണ്ട് വർഷത്തിൽ കൂടുതൽ ദൈർ‌ഘ്യമുള്ള കരാർ കൊടുക്കാനാണ് ബാഴ്സ ശ്രമിക്കുന്നത്. നിലവിലെ കരാർ‌ അവസാനിക്കുന്നതിന് അഞ്ച് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നത് ചർച്ചകൾ വേഗത്തിലാക്കാൻ അവരെ പ്രേരിപ്പിക്കുന്നു.

നല്ല ഓഫർ ലഭിക്കുകയാണെങ്കിൽ ബാല്യകാലം മുതൽ കളിച്ചുവളർന്ന ക്ലബ്ബിൽ തന്നെ തുടരാൻ ആയിരിക്കും മെസ്സിയുടെ ശ്രമം. മെസ്സി ക്ലബ്ബ് വിടാൻ ശ്രമിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും പാരീസ് സെന്റ് ജെർ‌മെയിനും അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ താൽ‌പര്യപ്പെട്ടിരുന്നു. ഈ വർഷവും മെസ്സി മറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ മുൻ‌നിര ക്ലബ്ബുകൾ താരത്തിനായി വീണ്ടും ശ്രമിക്കുമെന്ന് തീർച്ച. മാത്രവുമല്ല തൻ്റെ കരിയർ അവസാനം എം‌എൽ‌എസിൽ കളിക്കാനും മെസ്സി ആഗ്രഹിക്കുന്നു.

മെസ്സിയെ ടീമിൽ നിലനിർത്താൻ അദ്ദേഹത്തിൻ്റെ വേതനം കുറക്കാൻ ക്ലബ്ബ് നിർബന്ധിതരായിരിക്കുന്നു. ലാലിഗ നിശ്ചയിച്ചതിനേക്കാൾ കൂടുതൽ തുക ക്ലബ്ബ് താരങ്ങൾക്കായി മുടക്കുന്നു എന്നത് കാരണം ലാലിഗയും താരങ്ങളുടെ മൂല്യം കുറക്കാൻ ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു. താരത്തിനായി ബാഴ്സ മുന്നോട്ട് വെക്കുന്ന ഓഫർ എന്താണെന്ന് കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

മുൻ ബാഴ്‌സ താരവും ബ്രസീലിയൻ താരവുമായ പൗളിന്യോ തൻ്റെ പഴയ തട്ടകമായ ക്യാമ്പ്‌നൗവിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നതായി റിപ്പോർട്ട്. 32 കാരനായ ബ്രസീലിയൻ മിഡ്ഫീൽഡർ ബാഴ്സയിൽ ഒരു സീസൺ മാത്രമാണ് ചെലവഴിച്ചത്. കരാർ പുതുക്കുന്നതിനായി മുമ്പ് ചൈനീസ് ലീഗിലേക്ക് വായ്പ അടിസ്ഥാനത്തിലാണ് അദ്ദേഹം പോയത്.

“എനിക്ക് ഇനിയും കളിക്കാൻ ആഗ്രഹമുള്ള ഒരു ടീമാണ് ബാഴ്സ. ഞാൻ അവിസ്മരണീയമായ ഒരു വർഷം അവിടെ ചെലവഴിച്ചു. അവിടെ ഞങ്ങൾ ലീഗും കോപ ഡെൽ റേയും നേടി. എനിക്ക് ബാഴ്സലോണയിൽ കളിക്കാൻ മറ്റൊരു അവസരം ലഭിക്കുകയാണെങ്കിൽ ഞാൻ കൂടുതൽ സന്തോഷിക്കും.” അദ്ദേഹം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം പണമോ കരാർ കാലാവധിയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ബാഴ്സയിൽ നിന്ന് ഒരു ഓഫർ ലഭിക്കുക ആണെങ്കിൽ തീർച്ചയായും സ്വീകരിക്കും. ഞാൻ ബാഴ്സയിൽ നിന്ന് ചൈനീസ് ക്ലബ്ബ് ആയ ഗ്വാങ്‌ഷോവിലേക്ക് പോകുമ്പോൾ ബാഴ്സയെ ശരിക്കും മിസ്സ് ചെയ്തിരുന്നു. എന്റെ കരിയറിൽ ഒരിക്കലും ഞാൻ പണത്തിന് മുൻതൂക്കം കൊടുത്തിട്ടില്ല. അതുകൊണ്ട് തന്നെ അവിടേക്ക് മടങ്ങുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. കൂടാതെ ഞാൻ ഇപ്പോൾ ഫ്രീ ഏജൻ്റ് ആയതിനാൽ ക്ലബ് എനിക്ക് ട്രാൻസ്ഫർ ഫീസ് നൽകേണ്ടതില്ല. ” അദ്ദേഹം കൂട്ടിച്ചേർത്തു.