ബാർസലോണയുടെ ലാലിഗയിലെ ഈ സീസണിലെ അവസാന മത്സരം ഇന്ന് ഐബറിനെതിരെയാണ്. ഐബറിന്റെ ഹോം ഗ്രൗണ്ടിൽ ആണ് മത്സരം. അവസാന കളിയിൽ സൂപ്പർ താരം മെസ്സി ഇല്ലാതെയാണ് ബാർസ ഇറങ്ങുന്നത്. മെസ്സി പുറത്തിരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. മെസ്സിക്ക് പുറമെ ഗോൾ കീപ്പർ ടെർ സ്റ്റീഗനും ഇന്നത്തെ മത്സരം കളിക്കില്ല.

ഈ സീസണിൽ ബാർസക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. ഇന്നത്തെ കളിയിൽ ഇറങ്ങാത്തത് കൊണ്ട് മെസ്സി ബാഴ്‌സലോണ വിട്ടുപോകുമോ എന്നാണ് ഓരോ ആരാധകനും സംശയിക്കുന്ന കാര്യം. സ്പാനിഷ് ക്ലബിലെ അർജന്റീന താരത്തിൻ്റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ സീസണിൽ ക്ലബ്ബ് വിടാൻ ഉള്ള താല്പര്യം അദ്ദേഹം അറിയിച്ചിരുന്നുവെങ്കിലും ഒരു സീസൺ കൂടി തുടരാൻ ക്ലബ്ബ് ആവശ്യപ്പെടുകയായിരുന്നു. മുൻ ബാഴ്‌സ കോച്ച് പെപ് ഗ്വാർഡിയോളയുടെ സാന്നിധ്യവും ഉയർന്ന സാമ്പത്തിക സ്ഥിതിയും കാരണം മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പാരീസ് സെന്റ് ജെർമെയ്നും മെസ്സിക്കായി രംഗത്തുണ്ട്. തന്റെ പഴയ കൂട്ടുകാരൻ നെയ്മറുമായി വീണ്ടും ഒന്നിക്കാൻ മെസ്സിക്കും താൽപ്പര്യമുണ്ട്.

ഈ സീസണിൽ ബാഴ്‌സലോണയ്ക്കായി 47 മത്സരങ്ങൾ മെസ്സി കളിച്ചിട്ടുണ്ട്, 38 ഗോളുകളും 11 അസിസ്റ്റുകളും നേടി. മെസ്സി ഇന്നത്തെ മത്സരത്തിന് ഇറങ്ങാത്തത് ഫുട്ബോൾ ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.