കഴിഞ്ഞ ദിവസം ഖത്തറിനോടേറ്റ തോൽവിയിൽ നിന്നും തിരിച്ചു വരാനായി ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ ലോകകപ്പ് യോഗ്യതാ, ഏഷ്യ കപ്പ് യോഗ്യതാ, മത്സരത്തിന് ഇറങ്ങുന്നു. ഇന്ന് വിജയം നേടിയാൽ ഇന്ത്യക്ക് ഏഷ്യ കപ്പ് പ്രതീക്ഷകൾ സജീവമായി നിലനിർത്താൻ കഴിയും.

ഫിഫ ലോകകപ്പ് 2022ലേക്കും 2023 എ.എഫ്.സി ഏഷ്യൻ കപ്പിലേക്കും ഉള്ള യോഗ്യതാ മത്സരങ്ങളിൽ ബംഗ്ലാദേശുമായുള്ള മത്സരം ഇന്ത്യക്ക് നിർണായകമാണ്. ഖത്തറിലെ ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ രാത്രി 7-30 നാണ് മത്സരം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന മത്സരത്തിൽ നിലവിലെ ഏഷ്യ കപ്പ് ചാമ്പ്യൻമാരും ഗ്രൂപ്പ് ജേതാക്കളുമായ ഖത്തറിനോട് ഇന്ത്യ 1-0 ന് പരാജയപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 1-1 ൻ്റെ സമനില നേടിയാണ് ബംഗ്ലാദേശ് ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്നത്.

ഖത്തറിനെതിരായ മത്സരത്തിൽ തുടക്കത്തിൽ തന്നെ രാഹുൽ ഭേക്കെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. 17 ആം മിനുട്ടിൽ പത്തുപേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. അബ്ദുൽ അസീസ് ഹതീം ആണ് ഇന്ത്യക്കെതിരെ ഖത്തറിനായി ഗോൾ നേടിയത്. ഇന്ത്യയുടെ പോസ്റ്റിലേക്ക് ഖത്തറിന്റെ ആക്രമണം ഒഴിവാക്കി കൂടുതൽ ഗോൾ വഴങ്ങാതിരിക്കാൻ വേണ്ടി മത്സരത്തിൽ കൂടുതലും ഇന്ത്യ പ്രതിരോധത്തിൽ ഊന്നി ആണ് കളിച്ചത്.

അതേസമയം കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെ പിടിച്ചുനിർത്താൻ ബംഗ്ലാദേശ് പാടുപെട്ടു. രണ്ടാം പകുതിയിലെ ആദ്യ മിനിറ്റിൽ തന്നെ അമീറുദ്ദീൻ മുഹമ്മദ് അൻവർ ഷെരീഫിയുടെ ഗോളിലൂടെ ബംഗ്ലാദേശ് മുന്നിലെത്തിയിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാൻ ഗോൾ നേടി മത്സരം സമനിലയിലാക്കുകയായിരുന്നു.

ഇന്ത്യയും ബംഗ്ലാദേശും ഇതുവരെ 29 തവണ പരസ്പരം ഏറ്റുമുട്ടി. ഇത്രയും മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് രണ്ടെണ്ണം മാത്രം വിജയിച്ചപ്പോൾ ഇന്ത്യ 15 വിജയങ്ങൾ നേടി. 12 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന മൂന്ന് മത്സരങ്ങളും സമനിലയിൽ ആണ് അവസാനിച്ചത്. അവസാനമായി 2019 ഒക്ടോബറിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരം 1-1നാണ് അവസാനിച്ചത്.

ഇന്ത്യ സ്ക്വാഡ്:

ഗോൾ കീപ്പേഴ്സ്: ഗുർപ്രീത് സിംഗ് സന്ധു, അമൃന്ദർ സിംഗ്, ധീരജ് സിംഗ്

ഡിഫൻഡേഴ്സ്: പ്രീതം കോട്ടാൽ, രാഹുൽ ഭെകെ, നരേന്ദർ ഗേലോട്ട്, ചിംഗ്‌ലെൻസാന സിംഗ്, സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുഭാഷിഷ് ബോസ്

മിഡ്‌ഫീൽഡേഴ്സ്: ഉദാന്ത സിംഗ്, ബ്രാൻഡൻ ഫെർണാണ്ടസ്, ലിസ്റ്റൺ കൊളാക്കോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് താപ്പ, പ്രണയ് ഹാൽഡർ, സുരേഷ് വാങ്ജാം, ലാലെങ്‌മാവിയ, സഹൽ അബ്ദുൾ സമദ്, മുഹമ്മദ് യാസിർ, ലാലിയാൻസുവാല ചാങ്‌യാൻ, ബിപിൻ സിംഗ്

ഫോർവേഡ്സ്: ഇഷാൻ പണ്ഡിറ്റ, സുനിൽ ഛേത്രി, മൻ‌വീർ സിംഗ്.