ലോകകപ്പ് ക്വാളിഫയർ മത്സരത്തിന് ഇറങ്ങിയ ബ്രസീലിന് വീണ്ടും തകർപ്പൻ ജയം. എതിരില്ലാതെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പരാഗ്വെയെ കെട്ടുകെട്ടിച്ചത്. ബ്രസീലിനായി സൂപ്പർ താരം നെയ്മർ ജൂനിയർ ഗോളും അസിസ്റ്റുമായി കളം നിറഞ്ഞു നിന്നു. ഇതോടെ ക്വാളിഫയർ മത്സരങ്ങളിൽ ബ്രസീലിൻ്റെ തുടർച്ചയായ ആറാം വിജയമാണിത്.

എസ്റ്റാഡിയോ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ എഡ്വേർഡോ ബെറിസോയുടെ കീഴിൽ ഇറങ്ങിയ പരാഗ്വെ ബ്രസീലിന് യാതൊരു വലുവിളിയും ഉയർത്തിയില്ല. കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ നെയ്മർ ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടി. ഗബ്രിയേൽ ജിസുസ് ബോക്‌സിൽ നിന്ന് കൊടുത്ത പന്ത് മനോഹരമായി നെയ്മർ വലയിൽ എത്തിക്കുകയായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ബ്രസീൽ തുടർന്നും റിച്ചാർലിസണിലൂടെയും നെയ്മറിലൂടെയും നിരന്തരം ആക്രമണങ്ങൾ നടത്തി. 46-ാം മിനുട്ടിൽ ബ്രസീൽ ആദ്യ സബ്സ്റ്റിറ്റ്യൂഷൻ നടത്തി. മഞ്ഞക്കാർഡ് കിട്ടിയ ഫ്രെഡിന് പകരം പക്വേറ്റ വന്നു. 73-ാം മിനുട്ടിൽ ഫിർമിനോക്ക് പകരം റോഡ്രിഗോ കൂടി വന്നപ്പോൾ ബ്രസീൽ കൂടുതൽ ശക്തരായി.

13 ടോട്ടൽ ഷോട്ടുകളിൽ 4 എണ്ണം ലക്ഷ്യത്തിൽ എത്തിക്കാൻ ബ്രസീലിന് കഴിഞ്ഞു. മൂന്നെണ്ണം പരാഗ്വെയും എത്തിച്ചു. എന്നാൽ അലിസണ് പകരം ഇറങ്ങിയ എഡേഴ്സണെ മറികടന്ന് പന്ത് വലയിലെത്തിക്കാൻ അവർക്ക് സാധിച്ചില്ല. 94-ാം മിനുട്ടിൽ നെയ്മർ നൽകിയ ബോൾ മികച്ച രീതിയിൽ ഫിനിഷ് ചെയ്ത് പക്വെറ്റ ബ്രസീലിന് രണ്ട് ഗോളിൻ്റെ മികച്ച വിജയം സമ്മാനിച്ചു.

അർജന്റീനക്ക് വീണ്ടും സമനില!