ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങുന്ന പരാഗ്വേയും ബ്രസീലും ഇന്ന് എസ്റ്റാഡിയോ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. എഡ്വേർഡോ ബെറിസോയുടെ കീഴിൽ ഇറങ്ങുന്ന പരാഗ്വേക്ക് തോൽവി അറിയാതെ മുന്നേറുന്ന ബ്രസീലിനെ തടഞ്ഞു നിർത്താൻ കഴിയുമോ എന്ന് കണ്ടറിയാം.

കഴിഞ്ഞ മത്സരത്തിൽ പരാഗ്വേ ഉറുഗ്വേയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. ഇക്വഡോറിനെതിരെ 2-0 ൻ്റെ വിജയം നേടിയാണ് ബ്രസീലിൻ്റെ വരവ്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇതുവരെ അഞ്ച് മത്സരത്തിന് ഇറങ്ങിയ ബ്രസീൽ അഞ്ചിലും വിജയം നേടി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2010 ലോകകപ്പിന് ശേഷം പരാഗ്വേക്ക് ലോകകപ്പിൽ യോഗ്യത നേടാൻ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. 2022 ഖത്തർ ലോകകപ്പിൽ യോഗ്യത നേടാൻ വേണ്ടി പരാഗ്വേയുടെ ഭാഗത്ത് നിന്നും മികച്ച പ്രകടനം തന്നെയാണ് ഈ വർഷത്തെ യോഗ്യതാ മത്സരത്തിൽ കാണുന്നത്.

ഉറുഗ്വേയുമായുള്ള ഗോൾ രഹിത സമനിലയിൽ പരാഗ്വേ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവരുടെ ആദ്യ അഞ്ച് കളികളിലും പരാഗ്വേ പരാജയം നേരിട്ടിട്ടില്ല. വെനസ്വേലയോടുള്ള മത്സരം അവർ വിജയിച്ചു. മറ്റ് നാല് മത്സരങ്ങളും സമനിലയിൽ കലാശിച്ചു. അർജന്റീനക്കെതിരെയും മികച്ച പ്രകടനത്തോടെ 1-1 ൻ്റെ സമനില നേടാൻ അവർക്ക് സാധിച്ചു.

പരിക്കുകൾ കാരണം ബ്രസീലിലെ പ്രതിരോധ താരങ്ങളായ ഡാനി ആൽ‌വസ്, തിയാഗോ സിൽ‌വ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. സസ്‌പെൻഷൻ കാരണം കളിക്കാൻ സാധിക്കാത്ത ഡഗ്ലസ് ലൂയിസ് ഈ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയുണ്ട്.

ബ്രസീൽ പരിശീലകൻ ടിറ്റെ മിഡ്ഫീൽഡിൽ ഫ്രെഡിന് പകരം ഡഗ്ലസ് ലൂയിസിനെ പരീക്ഷിക്കാൻ സാധ്യതയുണ്ട്. അതേസമയം ഇക്വഡോറിനെതിരായ ഗബ്രിയേൽ ബാർബോസയുടെ മോശം പ്രകടനം കാരണം റോബർട്ടോ ഫിർമിനോയോ ഗബ്രിയേൽ ജിസുസോ സ്റ്റാർട്ടിംഗ് ഇലവനിൽ വരാൻ സാധ്യതയുണ്ട്.

ഇക്വഡോറിനെതിരായ വിജയത്തിൽ നിർണായക ഗോളുകൾ നേടിയ റിച്ചാർലിസണും നെയ്മറും തന്നെയായിരിക്കും ഈ മത്സരത്തിലും ബ്രസീലിൻ്റെ കുന്തമുനകൾ. ഫാബിന്യോയെ മികച്ച പകരക്കാരനായും പരിഗണിക്കും.

പരാഗ്വേ ലൈനപ്പ്:
സിൽവ, റോജാസ്, ഗോമസ്, ബൽ‌ബുവീന, ആൽ‌ഡെറേറ്റ്, ഗിമെനെസ്, ലൂസെന, വില്ലസന്തി, ഒ. റൊമേറോ, എ. റൊമേറോ, അൽമിറോൺ

ബ്രസീൽ ലൈനപ്പ്:
അലിസൺ, ഡാനിലോ, മിലിറ്റാവോ, മാർക്വിന്യോസ്, അലക്സി സാൻഡ്രോ, കാസെമിറോ, ലൂയിസ്, പക്വെറ്റ, റിച്ചാർലിസൺ, ഫിർമിനോ, നെയ്മർ