സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിൽ ഹംഗറിക്കെതിരായ മത്സരത്തിൽ പോർച്ചുഗലിന് 3-0 ൻ്റെ തകർപ്പൻ ജയം. മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഹംഗറിയും പോർച്ചുഗലും വിജയം തേടിയാണ് ഇറങ്ങിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച പോർച്ചുഗലിന് ഒരുപാട് അവസരങ്ങൾ കിട്ടിയിരുന്നു എങ്കിലും അതൊന്നും ലക്ഷ്യത്തിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആദ്യ പകുതിയിൽ റൊണാൾഡോയ്ക്കും ജോട്ടക്കും നല്ല അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും ഗോൾ മാത്രം വന്നില്ല. മത്സരത്തിൽ 70% ബോൾ പൊസിഷനും പോർച്ചുഗലിനായിരുന്നു. മത്സരത്തിലുടനീളം പോർച്ചുഗൽ എടുത്ത 11 ഷോട്ടുകളിൽ 7 എണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകൾ ആയിരുന്നു. 5 ഷോട്ടുകൾ എടുത്ത ഹംഗറിക്കും മൂന്നെണ്ണം ഓൺ ടാർഗറ്റിൽ എത്തിക്കാനായി.

പോർച്ചുഗൽ മൊത്തം 6 കോർണർ കിക്ക് നേടിയെടുത്തപ്പോൾ ഹംഗറിക്ക് ഒന്ന് പോലും നേടാനായില്ല. 71-ാം മിനുട്ടിൽ ബെർണാഡോ സിൽവക്ക് പകരം റാഫ സിൽവയും 81-ാം മിനുട്ടിൽ ഡീഗോ ജോട്ടക്ക് പകരം ആന്ദ്രേ സിൽവയും വന്നപ്പോൾ പോർച്ചുഗൽ കൂടുതൽ ശക്തരായി. 78-ാം മിനുട്ടിൽ ഹംഗറി ഗോൾ അടിച്ചു എന്ന് തോന്നിപ്പിച്ചെങ്കിലും ലൈൻ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.

84-ാം മിനുട്ടിൽ പോർച്ചുഗലിൻ്റെ ആദ്യ ഗോൾ വന്നു. പോർച്ചുഗൽ ലെഫ്റ്റ് ബാക്ക് റാഫേൽ ഗുറേയ്രോ ബോക്‌സിൽ നിന്ന് ലഭിച്ച ബോൾ പോസ്റ്റിൻ്റെ ഇടത്തെ മുലയിൽ മനോഹരമായി അടിച്ച് കയറ്റി. പകരക്കാരനായി വന്ന ആന്ദ്രേ സിൽവയെ ഹംഗറി ഡിഫൻഡർ വില്ലി ഓർബൻ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.

പെനാൽറ്റി എടുക്കാൻ വന്ന റൊണാൾഡോക്ക് പിഴച്ചില്ല. റൊണാൾഡോ എടുത്ത ബുള്ളറ്റ് ഷോട്ട് ഗോൾ കീപ്പറെയും മറികടന്ന് വലയിലെത്തി. 87-ാം മിനുട്ടിൽ റൊണാൾഡോ ഗോൾ ഇരട്ടിയാക്കിയപ്പോൾ പോർച്ചുഗൽ ജയം ഏതാണ്ട് ഉറപ്പിച്ചു. 92-ാം മിനുട്ടിൽ വീണ്ടുമൊരു ഗോളുമായി റൊണാൾഡോ പോർച്ചുഗൽ ലീഡ് മൂന്നായി ഉയർത്തി.

പോർച്ചുഗൽ ഉള്ള മരണ ഗ്രൂപ്പിൽ ഹംഗറിക്ക് പുറമെ ലോകകപ്പ് ചാമ്പ്യന്മാർ ആയ ഫ്രാൻസും മുൻ ലോക ചാമ്പ്യന്മാർ ആയ ജർമനിയും ആണ് ഉള്ളത്. ഇരുവരും വളരെ ശക്തരാണ്. ഗ്രൂപ്പ് എഫിൽ ഇവരെ ഒക്കെ പരാജയപ്പെടുത്തി വേണം പോർച്ചുഗലിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാൻ. പോർച്ചുഗലിൻ്റെ അടുത്ത മത്സരം ജൂൺ 19 ന് ജർമനിക്ക് എതിരെയാണ്.

അടുത്ത മത്സരത്തിലും ഈ ഒരു വിജയം തുടരാൻ ആയിരിക്കും റൊണാൾഡോയും കൂട്ടരും ശ്രമിക്കുക. ജർമനി ഹംഗറിയേക്കാൾ കരുത്തരായത് കൊണ്ട് വിജയം നേടാൻ കുറേയെറെ വെല്ലുവിളി നേരിടേണ്ടി വരും. ഹംഗറിയുടെ മത്സരവും 19 ന് തന്നെയാണ്. ഫ്രാൻസ് ആണ് എതിരാളികൾ. ഫ്രാൻസിനെതിരെ വിജയം നേടി ഇന്നത്തെ പരാജയം മറക്കാൻ ഹംഗറിയും ഒരുപാട് കഷ്ടപ്പെടേണ്ടി വരും.