യൂറോകപ്പിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഗ്രൂപ്പ് എഫിൽ നിലവിലെ യൂറോകപ്പ് ചാമ്പ്യന്മാരായ പോർച്ചുഗലും മുൻ ലോകകപ്പ് ചാമ്പ്യന്മാരായ ജർമനിയും ഇന്ന് പരസ്പരം ഏറ്റുമുട്ടും. ജർമനിയിലെ മ്യൂണിച്ചിലെ അലിയാൻസ് അരീനയിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30 നാണ് മത്സരം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പോർച്ചുഗലിനെ സംബന്ധിച്ചെടുത്തോളം അവർ കഴിഞ്ഞ തവണ കിരീടം നേടിയ ടീമിനേക്കാൾ മികച്ച ടീമാണ്. സൂപ്പർ താരം റൊണാൾഡോയും മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ബ്രൂണോ ഫെർണാണ്ടസും മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ റൂബൻ ഡിയാസ് ബെർണാഡോ സിൽവ എന്നിവരുമോക്കെ തകർപ്പൻ ഫോമിലാണ്.

ഹംഗറിയ്‌ക്കെതിരായ ഓപ്പണിംഗ് മാച്ചിൽ മികച്ച പ്രകടനമാണ് നടത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ വിജയത്തോടെ പോർച്ചുഗൽ വിലയേറിയ മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. 85-ാം മിനിറ്റിൽ റാഫേൽ ഗ്വെയ്റോ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചു. അതിന് ശേഷം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ കൂടി വന്നപ്പോൾ വിജയം പോർച്ചുഗലിന് ഒപ്പം നിന്നു.

യൂറോപ്പിലെ മുൻനിര ടീമുകളിലൊന്നാണ് പോർച്ചുഗൽ. അവർ 1984, 2000, 2012 എന്നീ വർഷങ്ങളിൽ സെമി ഫൈനലിലെത്തി. യൂറോ 1996, യൂറോ 2008 ന്റെ സൂപ്പർ എട്ടിൽ എത്താനും അവർക്ക് കഴിഞ്ഞിരുന്നു. നിലവിലെ യൂറോ ചാമ്പ്യൻമാർ ആയ പോർച്ചുഗൽ കിരീടം നിലനിർത്താൻ തന്നെ ആയിരിക്കും ശ്രമിക്കുക.

ആദ്യ മൽസരത്തിൽ ഫ്രാൻസിനോട് 1-0 ന് തോറ്റതിന് ശേഷമാണ് ജർമനി ഇന്നത്തെ മത്സരത്തിലേക്ക് പ്രവേശിക്കുന്നത്. മ്യൂണിക്കിൽ നടന്ന ആദ്യ മത്സരത്തിൽ മാറ്റ് ഹമ്മൽസിന്റെ ഓൺ ഗോളിലൂടെ ഫ്രാൻസിന് ജയിക്കാൻ സാധിച്ചു. ആദ്യം ഒരു ഗോൾ വഴങ്ങി എങ്കിലും നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ മികച്ച പ്രകടനം നടത്താൻ ജർമനിക്ക് സാധിച്ചു. ഫ്രാൻസ് പോസ്റ്റിലേക്ക് നിരന്തരം മുന്നേറ്റങ്ങൾ നടത്താൻ അവർക്ക് സാധിച്ചു.

2012 യൂറോയിലും 2016 യൂറോയിലും സെമി ഫൈനലിൽ എത്തിയ ജർമനി യൂറോ 2008 ൽ ഫൈനലിൽ എത്തുകയും ചെയ്തു. ജർമനിക്ക് ഇന്ന് കഴിഞ്ഞ മത്സരത്തിൽ കണ്ട സമാനമായ പ്രകടനം നടത്താൻ കഴിയുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. യൂറോ 2020 ന് ശേഷം വിരമിക്കുന്ന അവരുടെ കോച്ച് ജോക്കിം ലോയ്ക്ക് ഉചിതമായ വിടവാങ്ങൽ നൽകാൻ സാധിക്കുമെന്ന് ജർമനി പ്രതീക്ഷിക്കുന്നു.

ഈ രണ്ട് ടീമുകളും ഇതുവരെ മൊത്തം 18 തവണ ഏറ്റുമുട്ടിയപ്പോൾ പോർച്ചുഗലിന് ജർമനിയേക്കാൾ വ്യക്തമായ ആധിപത്യമുണ്ട്. ജർമ്മനി 5 എണ്ണത്തിൽ വിജയിച്ചപ്പോൾ പോർച്ചുഗലിന് 10 വിജയങ്ങൾ നേടാനായി. മൂന്ന് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. കണക്കുകൾ ജർമനിക്ക് എതിരാണെങ്കിലും ഇന്നത്തെ വിജയം അവർക്ക് നിർണായകമാണ്.

പരിക്ക് കാരണം ന്യൂനോ മെൻഡിസ് ജർമ്മനിക്കെതിരായ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡീഗോ ജോട്ട, ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരെ തന്നെ ആയിരിക്കും സാന്റോസ് ഈ മത്സരത്തിലും തന്റെ ആദ്യ ഇലവനിൽ ഇറക്കാൻ സാധ്യത. കഴിഞ്ഞ മത്സരത്തിൽ പകരക്കാരായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത ആന്ദ്രേ സിൽവക്കും റാഫ സിൽവക്കും അവസരം കൊടുത്താലും അതിശയിക്കാനില്ല.

ജർമ്മനിയെ സംബന്ധിച്ചിടത്തോളം, മറ്റിയാസ് ജിന്റർ ആണ് ഇന്ന് കളിക്കാൻ സാധ്യത ഇല്ലാത്ത താരം. പക്ഷേ ചിലപ്പോൾ കോച്ച് ഈ മത്സരത്തിലും കൂടെ അദ്ദേഹത്തിന് അവസരം കൊടുക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്ന കൈ ഹാവെർട്സിന് പകരക്കാരനായി ലെറോയ് സനെ വരാൻ സാധ്യതയുണ്ട്. തോമസ് മുള്ളറും സെർജ് ഗ്നാബ്രിയും ആദ്യ ഇലവനിൽ സ്ഥാനം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പോർച്ചുഗൽ vs ജർമ്മനി സാധ്യതാ ഇലവൻ

പോർച്ചുഗൽ: പട്രീഷ്യോ, സെമെഡോ, പെപ്പെ, ഡയസ്, ഗ്വെറീറോ, ഡാനിലോ, കാർവാലോ; ബെർണാർഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ്, ഡീഗോ ജോറ്റ, റൊണാൾഡോ.

ജർമ്മനി: ന്യൂയർ; ജിന്റർ, ഹമ്മൽസ്, റൂഡിഗർ, കിമ്മിച്ച്, ഗുണ്ടോഗൻ, ടോണി ക്രൂസ്, ഗോസെൻസ്, സനെ, തോമസ് മുള്ളർ, ഗ്നാബ്രി.