യൂറോ കപ്പിലെ മരണ ഗ്രൂപ്പ് ആയ ഗ്രൂപ്പ് എഫിൽ ഇന്ന് ടൂർണമെൻ്റിലെ ഏറ്റവും മികച്ച ടീമുകളും കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളുമായ പോർച്ചുഗലും ഫ്രാൻസും പരസ്പരം ഏറ്റുമുട്ടും. ഇരു ടീമുകളുടെയും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമാണ് ഇത്. 2016 യൂറോ കപ്പ് ഫൈനലിന് ശേഷം ഇരു ടീമുകളും തമ്മിലുള്ള മത്സരം വന്നിട്ടില്ല. വർഷങ്ങളായി രണ്ട് ടീമുകളുടെയും ആരാധകർ കാത്തിരിക്കുന്ന മത്സരമാണിത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവസാന മത്സരത്തിൽ ഹംഗറിയോട് 1-1 ൻ്റെ സമനിലയിൽ പിരിഞ്ഞു എങ്കിലും ഫ്രാൻസ് തന്നെയാണ് ഗ്രൂപ്പ് എഫിൽ റാങ്കിംഗിൽ ഒന്നാമത് അതേസമയം ആദ്യ മത്സരത്തിൽ ഹംഗറിക്കെതിരെ 3-0 ൻ്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ പോർച്ചുഗൽ ജർമ്മനിയോട് 4-2 ൻ്റെ തോൽവി ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ടൂർണമെൻ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോൾ നേടിയ അദ്ദേഹം യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. മത്സരം പരാജയപ്പെട്ടു എങ്കിലും ജർമനിക്കെതിരെയും റൊണാൾഡോ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. മികച്ച ഒരു ഗോളും അസിസ്റ്റുമായി അദ്ദേഹം പോർച്ചുഗലിൻ്റെ പ്രകടനത്തിൽ നിർണായകമായി.

റൂബൻ ഡിയാസ്, റാഫേൽ ഗ്വെറേറോ എന്നിവരിൽ നിന്നും നാല് മിനിറ്റിനുള്ളിൽ വന്ന രണ്ട് ഓൺ ഗോളുകൾ പോർച്ചുഗലിനെ ആദ്യ പകുതിയിൽ 2-1 ന് പിന്നിലാക്കി. ജർമനിക്ക് വേണ്ടി ഹാവെർട്സ്, റോബിൻ ഗോസെൻസ് എന്നിവരുടെ ഗോളുകൾ കൂടി വന്നപ്പോൾ പോർച്ചുഗലിൻ്റെ പരാജയം ദയനീയമായി.

2016 ലും പോർച്ചുഗലും ഫ്രാൻസും ഒരേ ഗ്രൂപ്പിൽ ആയിരുന്നു. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി അടുത്ത ഘട്ടത്തിലേക്ക് എത്തിയ പോർച്ചുഗൽ ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടുകയും ചെയ്തു. 2016 ലെ യൂറോ കപ്പിനെ അപേക്ഷിച്ച് വമ്പൻ താരനിരയുമായാണ് പോർച്ചുഗലിൻ്റെ വരവ്. ക്രിസ്റ്റ്യാനോക്ക് പുറമെ ബ്രൂണോ ഫെർണാണ്ടസ്, റൂബൻ ഡിയാസ്, ബെർണാഡോ സിൽവ, പെപ്പെ തുടങ്ങിയ ഒട്ടനവധി സൂപ്പർ താരങ്ങൾ പോർച്ചുഗൽ നിരയിലുണ്ട്.

യൂറോ കപ്പിൽ കഴിഞ്ഞ ഏഴ് തവണയായി പോർച്ചുഗൽ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായിട്ടില്ല. മൂന്ന് മത്സരങ്ങൾ ഫ്രാൻസിനെതിരെ റൊണാൾഡോ കളിച്ചു എങ്കിലും അദ്ദേഹം ഇതുവരെ ഫ്രാൻസിനെതിരെ ഗോൾ നേടിയിട്ടില്ല എന്നതാണ് വസ്തുത. ജർമനിക്കെതിരെയും ഗോൾ നേടാത്ത റൊണാൾഡോ കഴിഞ്ഞ കളിയിൽ ഗോൾ നേടിയിരുന്നു.

കെലിയൻ എംബപ്പേ, കരീം ബെൻസെമ, അന്റോണിയോ ഗ്രീസ്മാൻ എന്നിവർ അണിനിരക്കുന്ന മികച്ച മുന്നേറ്റ നിരയാണ് ഫ്രാൻസിന്റേത്. മധ്യ നിരയിൽ കരുത്തരായ പോഗ്ബയും കാൻ്റെയും റാബിയോട്ടുംഉണ്ട്.

ഗ്രൂപ്പ് എഫിൽ എല്ലാം മുൻനിര ടീമുകൾ ആയതിനാൽ ഓരോ മത്സരവും ആകാംക്ഷ നിറഞ്ഞതായിരുന്നു. മുന്നോട്ടുള്ള കുതിപ്പിന് ഓരോ ടീമിനും വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് മത്സരങ്ങൾ അവസാനത്തോട് അടുക്കുമ്പോൾ മത്സരം കൂടുതൽ ആവേശകരമായി വരികയാണ്.

പോർച്ചുഗൽ നിരയിൽ കാലിലെ പരിക്ക് കാരണം ന്യൂനോ മെൻഡിസ് ഇന്നും ഇറങ്ങാൻ സാധ്യത ഇല്ല. അദ്ദേഹത്തിൻ്റെ അഭാവത്തിൽ ലെഫ്റ്റ് ബാക്ക് ആയി ഗ്വെറേറോ തന്നെ ഈ മത്സരത്തിൽ ഇറങ്ങാനാണ് സാധ്യത. ഇന്നത്തെ മത്സരത്തിൽ കോച്ച് സാന്റോസ് ആദ്യ ഇലവനിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയാം. റാഫ സിൽവയും റെനാറ്റോ സാഞ്ചസും പകരക്കാരായി ഇറങ്ങി മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഹംഗറിക്കെതിരെ ഉള്ള മത്സരത്തിൽ ഫ്രാൻസ് നിരയിൽ പകരക്കാരനായി ഉസ്മാൻ ഡെംബെലെ കളത്തിലിറങ്ങിയിരുന്നു. എന്നാൽ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ബാഴ്‌സ താരത്തിന് ടൂർണമെന്റ് നഷ്ടമാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജർമ്മനിക്കെതിരായ ആദ്യ മത്സരത്തിൽ പരിക്കേറ്റ ബെഞ്ചമിൻ പവാർഡ് കഴിഞ്ഞ മത്സരത്തിൽ ഇറങ്ങി എങ്കിലും ഇന്നത്തെ മത്സരത്തിൽ ഇറങ്ങാൻ സാധ്യതയില്ല.

കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ലൂക്കാസ് ഡിഗ്നെ തന്നെ ആയിരിക്കും ഈ മത്സരത്തിലും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഇറങ്ങുക. കൂടാതെ ജൂവസ് കൗണ്ടെ, കൊറെന്റിൻ ടോളിസോ തുടങ്ങിയവർ ഇന്ന് ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ സാധ്യതയുണ്ട് അങ്ങനെ വന്നാൽ പവാർഡിനും അഡ്രിയൻ റാബിയോട്ടിനും പുറത്തേക്ക് പോകേണ്ടി വരും

പോർച്ചുഗൽ സാധ്യതാ ഇലവൻ

പട്രീഷ്യോ; സെമെഡോ, റൂബൻ ഡിയാസ്, പെപ്പെ, ഗ്വെറേറോ, പെരേര, സാഞ്ചസ്, ബ്രൂണോ ഫെർണാണ്ടസ്; ബെർണാഡോ സിൽവ, റൊണാൾഡോ, ഡീഗോ ജോട്ട

ഫ്രാൻസ് സാധ്യതാ ഇലവൻ

ലോറിസ്; കൗണ്ടെ, വരാനെ, കിംപെംബെ, ഹെർണാണ്ടസ്; കാന്റെ, പോഗ്ബ, ടോളിസോ; ആന്റോണിയോ ഗ്രീസ്മാൻ; കെലിയൻ എംബപ്പേ, കരീം ബെൻസെമ.