പ്രീ ക്വാട്ടറിലെ ആദ്യത്തെ വമ്പൻ പോരാട്ടമാണ് ഈ മത്സരം. പോർച്ചുഗലും ബെൽജിയവും ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കും എന്ന് പ്രവചിക്കാൻ വരെ പ്രയാസമാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് സ്പെയ്നിലെ എസ്റ്റാഡിയോ ഡി ലാ കാർട്ടുജ സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.

നിലവിൽ ഫിഫ റാംങ്കിങിൽ ഒന്നാമതാണ് ബെൽജിയം. പോർച്ചുഗൽ അഞ്ചാം സ്ഥാനത്തുമാണ്. ഇതിനു മുൻപ് 2018 ൽ ആണ് ഈ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ആ മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. അതിനു ശേഷം മൂന്ന് വർഷത്തിനു ശേഷമാണ് ഇരവരും മത്സരത്തിറങ്ങുന്നത്.

ഈ യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ നിന്നും മൂന്നാം സ്ഥാനക്കാരായാണ് പോർച്ചുഗലിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി 4 പോയിന്റാണ് നേടിയത്. ആദ്യത്തെ മത്സരത്തിൽ ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചു. രണ്ടാമത്തെ മത്സരത്തിൽ ജർമ്മനിയോട് 4:2 ന്റെ തോൽവി വഴങ്ങി. മൂന്നാം മത്സരത്തിൽ ഫ്രാൻസിനോട് 2:2 ന്റെ സമനിലയും വഴങ്ങി.

ലോക ഒന്നാം റാങ്ക് കാരായ ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ഫോമിലാണ് കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും അവർ വിജയിച്ചു. ഗ്രൂപ്പ് ബി യിൽ 9 പോയിന്റോടെ ചാമ്പ്യന്മാരായിട്ടാണ് ബെൽജിയം ക്വാട്ടർ പ്രവേശനം നേടിയത്. റഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ആദ്യ മത്സരം തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2:1 ന് തോൽപ്പിച്ചു. മൂന്നാം മത്സരത്തിൽ ഫിൻലാന്റിനെ എതിരില്ലാത്ത 2 ഗോളിനും തോൽപ്പിച്ചു.

ഇതുവരെ നടന്ന മത്സരത്തിൽ പോർച്ചുഗലിന്റെ ടോപ്പ് സ്കോററും ഇപ്പോഴത്തെ യൂറോ കപ്പ് ടോപ്പ് സ്കോററും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 3 മത്സരങ്ങളിൽ നിന്ന് 5 ഗോളും 1 അസിസ്റ്റുമാണ് പോർച്ചുഗൽ ക്യാപ്റ്റൻ നേടിയത്. ഈ താരത്തിന്റെ സ്കോറിങ് മികവിലാണ് പോർച്ചുഗലിന്റെ പ്രതീക്ഷകൾ. ഡിയാഗോ ജോട്ടയും റാഫേൽ ഗ്വരേറയുമാണ് മറ്റ് സ്കോറർന്മാർ. റാഫാ സിൽവയും ജോട്ടയും ഒരോ അസിസ്റ്റ് വീതം നേടി.

മൂന്ന് ഗോൾ സ്കോർ ചെയ്ത റൊമേലു ലുക്കാകു ആണ് ബെൽജിയത്തിന്റെ ടോപ് സ്കോറർ. കെവിൻ ഡി ബ്രൂയിനെയും ഫോം വീണ്ടെടുത്ത ഈഡൻ ഹസാർഡും വരുമ്പോൾ ബെൽജിയം കൂടുതൽ ശക്തരാകുന്നു. ഡി ബ്രൂയനെ, തോമസ് മുനിയർ, തോർഗൻ ഹസാർഡ് എന്നിവരാണ് ബെൽജിയത്തിന്റെ മറ്റു സ്കോറർന്മാർ. ഡി ബ്രൂയനെ രണ്ടും തോമസ് മുനിയർ, ഈഡൻ ഹസാർഡ് എന്നിവർ ഓരോ അസിസ്റ്റും നേടി.

ഇതുവരെ ഈ രാജ്യങ്ങൾ തമ്മിൽ കളിച്ചപ്പോൾ പോർച്ചുഗലിന് വിജയ പ്രതീക്ഷകൾ നൽക്കുന്നു. ബെൽജിയവും പോർച്ചുഗലും അവസാനമായി കളിച്ച ആറ് മത്സരങ്ങളിൽ മൂന്ന് വിജയം നേടി പറങ്കി പടയാണ് മുന്നിൽ. രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബാക്കിയുള്ള മത്സരത്തിലെ റിസൽട്ട്.

ബെൽജിയം സാധ്യത ഇലവൻ:

കോർട്ടോയിസ്, ആൽ‌ഡർ‌വെയർ‌ഡ്, വെർ‌മെലെൻ, വെർ‌ട്ടോൻ‌ഗെൻ, മ്യൂനിയർ, ഡി ബ്രൂയിൻ, വിറ്റ്‌സെൽ, ടി. ഹസാർഡ്, കറാസ്കോ, ലുകാകു, ഇ.ഹസാർഡ്

പോർച്ചുഗൽ സാധ്യത ഇലവൻ:

പാട്രേഷ്യോ, നോൾസൺ സെമെഡോ, റോബെൻ ഡയസ്, പെപ്പെ, ഗ്വെറീറോ, പൽ‌ഹിന്യ, റെനാറ്റോ സാഞ്ചസ്, ജോവോ മൗട്ടിന്യോ; ബെർണാർഡോ സിൽവ, റൊണാൾഡോ, ഡിയോഗോ ജോട്ട.