യൂറോ കപ്പിന് ശേഷം ഇംഗ്ലണ്ട് താരം ഗ്രീലിഷിനെ 100 മില്യൺ ഡോളർ മുടക്കി ടീമിൽ എത്തിക്കാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. യൂറോ കപ്പിൽ ഇംഗ്ലണ്ട് താരം ടീമിന് വേണ്ടി മികച്ച പ്രകടനമാണ് കഴിഞ്ഞ കളിയിൽ താരം പുറത്തെടുത്തത്. യൂറോ കപ്പ് കഴിഞ്ഞതിന് ശേഷം മാഞ്ചസ്റ്റർ സിറ്റി താരവുമായി ചർച്ചകൾ നടത്തും. അതിന് ശേഷം ജാക്ക് ഗ്രീലിഷിനെ 100 മില്യൺ ഡോളർ എന്ന വലിയ തുകക്ക് അവർ സ്വന്തമാക്കും.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

25 കാരനായ ആസ്റ്റൺ വില്ല താരത്തെ റെക്കോഡ് തുകയ്ക്ക് ടീമിൽ എത്തിക്കാൻ സിറ്റി തയ്യാറാണെന്ന് സ്‌പോർട്‌സ് മെയിൽ ആയിരുന്നു കഴിഞ്ഞ മാസം വെളിപ്പെടുത്തിയത്. ഗ്രീലിഷിൻ്റെ കാര്യത്തിൽ ആസ്റ്റൺ വില്ലയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ ധാരണയിൽ എത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് ക്ലബ്ബുകളും തമ്മിലുള്ള ചർച്ച വേഗത്തിലാണ് പരിസമാപ്തിയിൽ എത്തിയത്. ഈ വേനൽക്കാലത്ത് ടോട്ടൻഹാമിൽ നിന്ന് ഹാരി കെയ്നെ സ്വന്തമാക്കാൻ ആഗ്രഹിച്ച സിറ്റി പെട്ടെന്നാണ് ഇത്രയും വലിയ ഒരു തുക മുടക്കി മറ്റൊരു താരത്തെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത്.

യൂറോ കപ്പിൽ ഇംഗ്ലണ്ടിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന ഗ്രീലിഷ് അവരുടെ അവസാന മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ചെക്ക് റിപ്പബ്ലിക്കിനെതിരെ 1-0 ന് വിജയിച്ച ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടാനുള്ള അസിസ്റ്റ് നൽകിയത് ഗ്രീലിഷ് ആയിരുന്നു. ഗ്രീലിഷ് നൽകിയ മനോഹരമായ പാസ് റഹീം സ്റ്റെർലിങ് ഗോൾ ആക്കി മാറ്റുകയായിരുന്നു.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ആസ്റ്റൺ വില്ലക്കായി മികച്ച പ്രകടനമാണ് ഗ്രീലിഷ് പുറത്തെടുത്തത്. 26 ലീഗ് മത്സരങ്ങളിൽ നിന്നും 6 ഗോളുകളും 12 അസിസ്റ്റുകളുമായി ആസ്റ്റൺ വില്ലയിൽ അദ്ദേഹം തകർത്ത് കളിച്ചു. അതാണ് അദ്ദേഹത്തെ ടീമിൽ എത്തിക്കാൻ സിറ്റിയെ പ്രേരിപ്പിച്ചതും.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം വില്ല മുന്നേറ്റ താരത്തിന് സിറ്റിയിലേക്കുള്ള വഴി തെളിയും. കോച്ച് പെപ് ഗ്വാർഡിയോളയുടെ താല്പര്യ പ്രകാരമാണ് സിറ്റി അദ്ദേഹത്തെ ടീമിൽ എത്തിക്കുന്നത്. യൂറോ കപ്പ് കഴിഞ്ഞ് ജൂലൈയിൽ ഗ്രീലിഷിനെ ടീമിൽ എത്തിക്കും എന്നും അതിന് ശേഷം അദ്ദേഹം പ്രീ-സീസൺ മത്സരങ്ങൾക്കും പരിശീലനങ്ങൾക്കും ഇറങ്ങും എന്നും റിപ്പോർട്ടിൽ പറയുന്നു.

ഗാർഡിയോളയുടെ കീഴിൽ ഗ്രീലിഷ് കൂടുതൽ മെച്ചപ്പെടും എന്നും ഈ മികച്ച മിഡ്ഫീൽഡർക്ക് നീല ജേഴ്സിയിൽ കൂടുതൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. സിറ്റിയുടെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ഇനി ആരാധകർക്ക് ഗ്രീലിഷ് മാജിക്കും കാണാം.

25 കാരനായ താരത്തിന് ആസ്റ്റൺ വില്ലയിൽ നിലവിലെ കരാർ പ്രകാരം നാല് വർഷം കൂടി ബാക്കിയുണ്ട്. എന്നാൽ തന്റെ കരിയർ മുഴുവൻ അവിടെ ചെലവഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. ഈ സമ്മറിൽ ഗ്രീലിഷ് ക്ലബ്ബ് വിടുന്നത് കാരണം അവരുടെ കോച്ച് ഡീൻ സ്മിത്ത് മികച്ച നീക്കങ്ങൾ ആണ് നടത്തിയത്. അവരുടെ ക്ലബ്ബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ട്രാൻസ്ഫർ ഈ വർഷം നടന്നു. അവർ ഇതിനകം തന്നെ മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡറെ ടീമിൽ എത്തിച്ചിട്ടുണ്ട്. എമിലിയാനോ ബ്യൂണ്ടിയ എന്ന സൂപ്പർ താരത്തെ നോർവിച്ചിൽ നിന്നും 40 മില്യൺ ഡോളർ മുടക്കി ഇതിനകം തന്നെ ടീമിൽ എത്തിച്ചിട്ടുണ്ട്.

മാത്രവുമല്ല ഇംഗ്ലണ്ട് താരം ആഷ്‌ലി യങ്ങിനെയും ഫ്രീ ട്രാൻസ്ഫറിൽ അവർ ടീമിൽ എത്തിച്ചു. ഇടത് വിംഗുകളിൽ സജീവ സാന്നിധ്യം ആയിരിക്കും ഇനി ഈ 35 കാരൻ. ഇദ്ദേഹത്തെ ഇന്റർ മിലാനിൽ നിന്നാണ് ആസ്റ്റൺ വില്ല ഇംഗ്ലണ്ടിൽ എത്തിച്ചത്.