ഫുട്ബോൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യൂറോ കപ്പ് 2020 ടൂർണമെൻ്റിന് ഇന്ന് ഇറ്റലിയിൽ തുടക്കമാകും. രാത്രി 12-30 ന് നടക്കുന്ന മത്സരം ഇറ്റലിയിലെ ഒളിംപിക്കോ സ്റ്റേഡിയത്തിൽ വച്ച് നടക്കും. സ്വന്തം നാട്ടിൽ വച്ച് മികച്ച വിജയം നേടാൻ ആയിരിക്കും അസൂറികളുടെ ലക്ഷ്യം. ആദ്യ മത്സരത്തിൽ തന്നെ തോൽവി നേരിടാൻ തുർക്കിയും ആഗ്രഹിക്കുന്നില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വർഷം യൂറോകപ്പ് ഉയർത്താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇറ്റലി. 2018 ഫിഫ ലോകകപ്പ് യോഗ്യത നഷ്ടമായതിന് ശേഷമുള്ള ഇറ്റലിയുടെ മറ്റൊരു വലിയ ടൂർണമെൻ്റാണിത്. മുൻ ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകളുടെ കോച്ചായ റോബർട്ടോ മാൻസിനിയുടെ കീഴിൽ ഇറ്റലി മികച്ച പ്രകടനമാണ് സമീപ മത്സരങ്ങളിൽ പുറത്തെടുക്കുന്നത്.

1968 ലെ കിരീട നേട്ടത്തിന് ശേഷം പിന്നീട് ഇതുവരെ ഇറ്റലി യൂറോകപ്പ് ചാമ്പ്യന്മാരായിട്ടില്ല എന്നതാണ് വസ്തുത. കോച്ച് റോബർട്ടോ മാൻസിനിയുടെ കീഴിലുള്ള അവരുടെ ഇപ്പോഴുള്ള ടീം റെക്കോർഡുമായാണ് വരുന്നത്. 2018 ൽ അദ്ദേഹം കോച്ചായി വന്നതിന് ശേഷം ടീമിനെ ആരും ഭയക്കുന്ന ഒരു ടീമാക്കി മാറ്റി.

ചരിത്രത്തിലെ ഏതൊരു ഇറ്റലി മാനേജരുടെയും ഏറ്റവും ഉയർന്ന വിജയനിരക്കാണ് മാൻസിനിക്കുള്ളത്. അദ്ദേഹത്തിന്റെ കീഴിൽ ഇറങ്ങിയ ടീം 70 ലധികം ഗോളുകൾ നേടിയിട്ടുണ്ട്. വെറും 14 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. അവസാന 27 മത്സരങ്ങൾ ഇറ്റലി തോൽവി അറിഞ്ഞിട്ടില്ല എന്നതാണ് സത്യം.

എ സി മിലാൻ ഗോൾകീപ്പർ ഗിയാൻലൂയിജി ഡോണറമ്മ, യുവൻ്റസ് വിംഗർ ഫെഡറിക്കോ ചിസ, ഇന്റർ താരങ്ങളായ നിക്കോളോ ബറെല്ല, അലസ്സാൻഡ്രോ ബാസ്റ്റോണി എന്നിവരെപ്പോലുള്ള പ്രതിഭാധനരായ താരങ്ങളാണ് ഇറ്റലിയുടെ കരുത്ത്. മുൻ മാഞ്ചസ്റ്റർ സിറ്റി മാനേജരുടെ കീഴിൽ മികച്ച ഒരുപിടി താരങ്ങളുണ്ട്.

അദ്ദേഹത്തിന്റെ കീഴിൽ ഇറ്റലി യൂറോകപ്പിനും നേഷൻസ് ലീഗിന്റെ സെമി ഫൈനലിലും എത്തി. അതേസമയം 2022 ഖത്തർ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എല്ലാ മത്സരത്തിലും വിജയിച്ചു. അവരുടെ ഹോം ഗ്രൗണ്ടിൽ നടന്ന അവസാന 56 കളികളിലും അവർ പരാജയപ്പെട്ടിട്ടില്ല.

ഇന്നത്തെ മത്സരത്തിന് ഇറങ്ങുന്ന തുർക്കിക്കും പ്രതീക്ഷകൾ വളരെ വലുതാണ്. 2002 ലെ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിച്ച കോച്ച് സെനോൽ ഗുൺസ് ആണ് തുർക്കി കോച്ച്. മികച്ച റെക്കോർഡുള്ള കോച്ചിന്റെ കീഴിലാണ് ഒളിംപിക്കോ സ്റ്റേഡിയത്തിൽ ഇന്ന് തുർക്കിയും ഇറങ്ങുന്നത്.

യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ക്വാഡാണ് തുർക്കിക്കുള്ളത്. 25 വയസ്സിന് താഴെയുള്ള ഒരുപാട് കളിക്കാർ തുർക്കി നിരയിൽ ഉണ്ട്. ഈ യുവ താരങ്ങളുടെ മികച്ച പ്രകടനം കാരണം ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെതിരെ സമനില നേടിയാണ് അവർ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്.

സീരി എ യിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മെറിഹ് ഡെമിറൽ, കാൻ അയ്ഹാൻ എന്നിങ്ങനെ ഒരുപാട് മികച്ച താരങ്ങൾ അവർക്കുണ്ട്. യോഗ്യതാ മത്സരത്തിൽ അവർ വെറും മൂന്ന് തവണ മാത്രമാണ് പരാജയപ്പെട്ടത്. 10 മത്സരങ്ങളിൽ എട്ട് ക്ലീൻ ഷീറ്റുകൾ നേടാൻ അവർക്കായി

മികച്ച പ്രകടനമാണ് സമീപ മത്സരങ്ങളിൽ തുർക്കി പുറത്തെടുത്തത്. അവസാന 26 മത്സരങ്ങളിൽ മൂന്ന് തവണ മാത്രമാണ് അവർ പരാജയപ്പെട്ടത്. ലില്ലെ സ്‌ട്രൈക്കർ ബുറാക് യിൽമാസാണ് അവരുടെ ആക്രമണത്തിൻ്റെ കുന്തമുന. സമീപ കാലത്ത് അദ്ദേഹം മികച്ച ഫോമിലുമാണ്. തുർക്കി പ്ലേമേക്കർ ഹകാൻ കാൽഹനോഗ്ലുവും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

പി‌എസ്‌ജി മിഡ്‌ഫീൽഡർ മാർക്കോ വെരാട്ടിക്ക് കഴിഞ്ഞ ദിവസം പരിശീലനത്തിൽ പരിക്കേറ്റതിനാൽ ഇന്നത്തെ മത്സരത്തിൽ അദ്ദേഹം ഇറങ്ങാൻ ഇടയില്ല. അദ്ദേഹത്തിന് പകരം മാനുവൽ ലോക്കറ്റെല്ലി ഇറങ്ങാനാണ് സാധ്യത. തുർക്കി നിരയിൽ ആരും പരിക്കിൻ്റെ പിടിയിലല്ല എന്ന ആശ്വാസവും അവർക്കുണ്ട്.

തുർക്കി സാധ്യതാ ഇലവൻ: കാക്കിർ, സെലിക്, ഡെമിറൽ, സോയൻകു, മേരസ്, യോകുസ്ലു, കാൽ‌നോഗ്ലു, തുഫാൻ, സെൻഗിസ് യാസിസി, യിൽമാസ്.

ഇറ്റലി സാധ്യതാ ഇലവൻ: ഡോണറുമ്മ; ഫ്ലോറൻസി, ബോണൂച്ചി, ചില്ലീനി, സ്പിനാസോള, ബറെല്ല, ജോർ‌ജിന്യോ, ലോക്കറ്റെല്ലി, ബെരാർഡി, ഇമ്മൊബൈൽ, ഇൻ‌സൈൻ.