ഇറ്റലിയും ഇംഗ്ലണ്ടും തമ്മിലുള്ള യൂറോ കപ്പ് ഇന്ന് നടക്കും. ഇംഗ്ലണ്ടിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30 ന് മത്സരം ആരംഭിക്കും.

സ്വന്തം കാണികൾക്കു മുന്നിലാണ് ഇംഗ്ലണ്ട് ഇന്ന് കളിക്കാൻ ഇറങ്ങുന്നത്. അതു കൊണ്ട് തന്നെ ഹോം സപ്പോർട്ട് ഇംഗ്ലണ്ട് ടീമിന് ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ ഗുണം ചെയ്യും. ഈ രാജ്യങ്ങൾ തമ്മിൽ ഇതുവരെ 27 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ 11 വിജയം ഇറ്റലിക്കായിരുന്നു. ഇംഗ്ലണ്ട് 8 വിജയം നേടുകയും ബാക്കിയുള്ള 8 മത്സരങ്ങൾ സമനിലയിലും ആയി.

അവസാനമായി ഈ രാജ്യങ്ങൾ ഏറ്റുമുട്ടിയത് 2018 ലെ ഒരു രജ്യാന്തര സൗഹൃദ മത്സരത്തിലായിരുന്നു. ഈ കളിയിൽ രണ്ട് ടീമും ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ഫിഫ റാങ്കിങ് നോക്കുകയാണെങ്കിൽ ഇറ്റലി 7-ാം സ്ഥാനത്താണ്. ഇംഗ്ലണ്ട് 4-ാം സ്ഥാനത്തും.

55 വർഷങ്ങൾക്കു ശേഷമാണ് ഇംഗ്ലണ്ട് ഒരു ഫൈനൽ മത്സരത്തിൽ ഇറങ്ങുന്നത്. 55 വർഷങ്ങൾക്ക് മുൻപ് ഇതേ സ്റ്റേഡിയത്തിൽ 1966 ലോകകപ്പ് കീരീടം നേടിയിരുന്നു. അതിനു ശേഷം ഇംഗ്ലണ്ട് യൂറോ കപ്പിലോ ലോകകപ്പിലോ കളിച്ചിട്ടില്ല. മറുവശത്ത് റോബർട്ടോ മാൻസീനിയുടെ ഇറ്റലി തോൽവിയറിയാതെ 33 മത്സരങ്ങൾ കഴിഞ്ഞാണ് ഫൈനൽ കളിക്കാൻ എത്തിയിരിക്കുന്നത്.

ഈ യൂറോ കപ്പിൽ ഇംഗ്ലണ്ട് 6 മത്സരങ്ങളിൽ നിന്ന് 10 ഗോളുകളാണ് സ്കോർ ചെയ്തത്. 6 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രമാണ് ഗാരെത് സൗത്ത് ഗേറ്റിന്റെ ടീം വഴങ്ങിയത്. അഞ്ച് ക്ലീൻ ഷീറ്റുകൾ നേടാൻ ഇംഗ്ലണ്ടിന് സാധിച്ചു. ക്യാപ്റ്റൻ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. താരം ആറ് കളികളിൽ നിന്ന് നാല് ഗോളുകളാണ് നേടിയത്. ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത് ലെഫ്റ്റ് ബാക്കായ ലൂക്ക് ഷാ ആണ്. താരം 3 അസിസ്റ്റാണ് നേടിയത്.

ഇറ്റലി ആറ് മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ സ്കോർ ചെയ്യുകയും 3 ഗോളുകൾ വഴങ്ങുകയും ചെയ്തു. ഇറ്റലിക്ക് ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് ക്ലീൻ ഷീറ്റ് നേടിയിട്ടുണ്ട്. 2 ഗോൾ സ്കോർ ചെയ്ത ലോറെൻസോ ഇൻസൈൻ, സിറോ ഇമ്മൊബൈൽ, ഫെഡറിക്കോ ചിസ, മാനുവൽ ലോക്കറ്റെല്ലി, മാറ്റിയോ പെസിന എന്നിവരാണ് ടോപ് സ്കോറർന്മാർ. സിറോ ഇമ്മൊബൈൽ , മാർക്കോ വരാറ്റി , നിക്കോളോ ബരേല്ല എന്നിവരാണ് ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയത്. 2 അസിസ്റ്റുകളാണ് ഈ താരങ്ങൾ നേടിയത്.

ഇംഗ്ലണ്ട് ഡെന്മാർക്കിനെ 2:1 സെമി ഫൈനലിൽ തോൽപ്പിച്ചാണ് ഫൈനലിൽ എത്തിയത്. ഒരുപാട് വിവാദങ്ങൾ നിറഞ്ഞ മത്സരമായിരുന്നു ഇത്. ഇതിനകം തന്നെ ഇംഗ്ലീഷ് ആരാധകരുടെ ലേസർ പ്രയോഗത്തിലും അവസാന നിമിഷത്തിൽ റഫറി അനുവദിച്ച പെനാൽറ്റിയുടെ പേരിലും ഒരു പാട് ചർച്ചകൾ നടന്നു കഴിഞ്ഞു. ഡെന്മാർക്ക് ഗോളി കാസ്പർ സ്മൈക്കേലിന്റെ മുഖത്തേക്ക് ഇംഗ്ലീഷ് ആരാധകർ ലേസർ പ്രയോഗം നടത്തിയതിനാൽ യുവേഫ 30000 യൂറോ ഇംഗ്ലണ്ട് ടീമിനു പിഴ ചുമത്തിയിട്ടുണ്ട്.

ഇറ്റലി സെമി ഫൈനലിൽ സ്പെയിനെ മറികടന്നത് പെനാൽറ്റി ഷൂട്ട് ഔട്ടിലായിരുന്നു. മത്സരം ഒരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. പെനാൽറ്റി ഷൂട് ഔട്ടിൽ 4: 2 നാണ് ഇറ്റലിയുടെ വിജയം.

ഇറ്റലി സാധ്യത ഇലവൻ:

ഡോണറുമ്മ; ഡി ലോറെൻസോ, ബോണൂച്ചി, ചിയേലിനി, എമേഴ്‌സൺ; ബറെല്ല, ജോർ‌ജിൻ‌ഹോ, വെരാട്ടി; ചീസ, ഇമ്മൊബൈൽ, ഇൻ‌സൈൻ

ഇംഗ്ലണ്ട് സാധ്യത ഇലവൻ:

പിക്ക്ഫോർഡ്; വാക്കർ, സ്‌റ്റോയിൻസ് മാഗ്വെയർ, ഷാ; ഫിലിപ്സ്, റൈസ്, മൗണ്ട്; സാക, കെയ്ൻ, സ്റ്റെർലിംഗ്.