2018 ലോകകപ്പ് സ്വന്തമാക്കിയ ഫ്രാൻസ് അതിലും മികച്ച ടീമുമായാണ് ഈ വർഷത്തെ യൂറോ കപ്പിന് എത്തുന്നത്. ഇന്ന് ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് ഫ്രാൻസ്. ഓരോ പൊസിഷനിലും സൂപ്പർ താരങ്ങളാണ് ഇന്ന് ഫ്രാൻസ് ടീമിലുള്ളത്. ക്ലബ്ബ് ഫുട്ബോളിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന താരങ്ങൾ ദേശീയ ടീമിലും അതേ പ്രകടനം കാഴ്ച വെക്കും എന്ന് മുന്നേ തെളിയിച്ചിട്ടുള്ളതാണ്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ലോകകപ്പ് ടീമിൽ ഇല്ലാതിരുന്ന റയൽ മാഡ്രിഡിന്റെ സൂപ്പർ താരം കരീം ബെൻസെമ കൂടി ഈ വർഷം ടീമിനൊപ്പം ചേരുമ്പോൾ ഫ്രാൻസ് പണ്ടത്തേക്കാൾ കൂടുതൽ ശക്തരാകുന്നു. കെലിയൻ എംബാപ്പെ, പോൾ പോഗ്ബ, അന്റോണിയോ ഗ്രീസ്മാൻ, ഹ്യൂഗോ ലോറിസ്, എൻഗോളോ കാൻ്റെ, ആന്ദ്രെ റാബിയോട്ട് റാഫേൽ വരാനെ, ഉസ്മാൻ ഡെംബലെ തുടങ്ങി ഓരോ പൊസിഷനിലും മികച്ച താരങ്ങളാണ് ഫ്രാൻസ് നിരയിലുള്ളത്.

പോൾ പോഗ്ബയും എൻഗോളോ കാൻ്റെയുമെല്ലാം തകർപ്പൻ ഫോമിലാണ്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ചെൽസിയെ സഹായിച്ച പ്രധാന താരമാണ് കാൻ്റെ. അന്റോണിയോ ഗ്രിസ്മാനും ബാഴ്‌സലോണയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എംബാപ്പെ ഈ വർഷത്തെ ലീഗ് വൺ ടോപ്പ് സ്കോറർ കൂടിയാണ്.

ടൂർണമെൻ്റിന്റെ താരമാകാൻ സാധ്യതയുള്ള ഒരുപാട് യുവ താരങ്ങളുടെ ഒരു കൂട്ടമാണ് ഫ്രാൻസ്. എതിരാളികൾ അവരുടെ എല്ലാ താരങ്ങൾക്കെതിരെയും പ്രത്യേക പദ്ധതികൾ തയ്യാറാക്കേണ്ടി വരും. ഈ വർഷത്തെ ഫ്രാൻസ് ടീമിന് ശക്തമായ ഒരു അടിത്തറയുണ്ട് എന്നതാണ് സത്യം.

ഡിഡിയർ ഡെഷാംപ്‌സ് എന്ന പരിശീലകൻ്റെ കയ്യിൽ ഇത്തരമൊരു ടീമിനെ ലഭിക്കുമ്പോൾ അവർ എത്രത്തോളം അപകടകരമാകുമെന്ന് നമ്മൾ കഴിഞ്ഞ ലോകകപ്പിൽ കണ്ടതാണ്. ഒരുപാട് പരിചയസമ്പന്നനും മികച്ച തന്ത്രങ്ങളും ഉള്ള പരിശീലകനാണ് അദ്ദേഹം. എംബാപ്പെയെയും ഗ്രീസ്‌മാനെയും പോഗ്ബയെയുമൊക്കെ മികച്ച രീതിയിൽ ഉപയോഗിച്ച് മികച്ച ഒരു ടീമാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

Image Credits | FB

ലോക കപ്പിൽ ഫ്രാൻസിൻ്റെ അതിവേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകൾ തടഞ്ഞ് നിർത്താൻ പല ടീമുകളും പാടുപെട്ടു. കഴിഞ്ഞ ടീമിൽ നിന്ന് വ്യത്യസ്തമായി കരീം ബെൻസെമയെ തിരിച്ചുവിളിച്ച അദ്ദേഹം തൻ്റെ ടീം കൂടുതൽ ശക്തമാക്കാനുള്ള ശ്രമത്തിൽ തന്നെയാണ്. ഇപ്പോഴുള്ള ടീമിൽ ബെൻസെമ കൂടി എത്തുമ്പോൾ ഫ്രാൻസിനോട് ഏറ്റുമുട്ടാൻ എല്ലാവരും ഒന്ന് ഭയപ്പെടും എന്നത് തീർച്ച.

2018 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്ന പി‌എസ്‌ജി ഫോർവേഡ് കെലിയൻ എംബാപ്പെ. അദ്ദേഹം തന്നെയായിരിക്കും ഈ വർഷവും ഫ്രാൻസിൻ്റെ തുറുപ്പ് ചീട്ട്. ലീഗ് 1ൽ 42 ഗോളുകളും 11അസിസ്റ്റികളുമായി എംബാപ്പെ ഈ സീസണിൽ തകർപ്പൻ ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തിൽ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് പിഎസ്ജിക്ക് വലിയ വിജയം സമ്മാനിച്ചത്.

മധ്യ നിരയിൽ കാൻ്റെ എന്ന താരത്തെ മറികടന്ന് പന്തും കൊണ്ട് പോകുക എന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയാണ്. അറ്റാക്കിലും ഡിഫൻസിലും ഒരുപോലെയുള്ള സാന്നിധ്യമാണ് കാൻ്റെ. ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ചെൽസി ടീമിൻ്റെ തുറുപ്പ് ചീട്ട് തന്നെ ആയിരുന്നു കാൻ്റെ. രണ്ട് സെമി ഫൈനൽ മത്സരങ്ങളിലും ഫൈനലിലും ഹീറോ ഓഫ് ദ മാച്ച് ആയി അദ്ദേഹത്തെ തിരഞ്ഞെടുത്തു

ഈ സീസണിൽ റാഫേൽ വരാനെ പരിക്ക് പറ്റി കുറച്ച് മത്സരങ്ങൾ ഇറങ്ങിയില്ല എങ്കിലും ഫ്രാൻസിന് വേണ്ടി യൂറോ കപ്പിൽ ഇറങ്ങും. അദ്ദേഹത്തിന് കൂട്ടായി ഡിഫൻസിൽ സെവിയ്യ ഡിഫെൻഡർ ജൂൾസ് കൗണ്ടെയും ഉണ്ട്. മുന്നേറ്റം പോലെ തന്നെ ഫ്രാൻസ് ഡിഫൻസും വളരെ ശക്തമാണ്. ഹംഗറിയും ജർമനിയും പോർച്ചുഗലും ഉള്ള ഗ്രൂപ്പ് എഫിലാണ് ഫ്രാൻസ്. മരണഗ്രൂപ്പായ എഫിൽ പോർച്ചുഗലും ജർമനിയും ശക്തരാണ്. സമീപ കാലത്തെ ഫ്രാൻസിൻ്റെ പ്രകടനം വച്ച് ഇവരെ മറികടക്കും എന്ന് പ്രതീക്ഷിക്കാം.

ഫ്രാൻസ് യൂറോ സ്ക്വാഡ് 2020

ഗോൾകീപ്പേഴ്സ്: ഹ്യൂഗോ ലോറിസ്, മൈക്ക് മൈഗ്നൻ, സ്റ്റീവ് മന്റണ്ട

ഡിഫെൻഡേഴ്സ്: റാഫേൽ വരാനെ, കുർട്ട് സൗമ, പ്രെസ്‌നെൽ കിംപെംബേ, ലൂക്കാസ് ഹെർണാണ്ടസ്, ബെഞ്ചമിൻ പവാർഡ്, ലൂക്കാസ് ഡിഗ്നെ, ലിയോ ഡുബോയിസ്, ജൂൾസ് കൗണ്ടെ, ക്ലെമന്റ് ലാങ്ലെറ്റ്

മിഡ്‌ഫീൽഡേഴ്സ്: പോൾ പോഗ്ബ, എൻ ഗോളോ കാന്റെ, കോറെന്റിൻ ടോളിസോ, അഡ്രിയൻ റാബിയോട്ട്, മൗസ സിസോക്കോ, തോമസ് ലെമാർ

ഫോർവേഡ്സ്: കെലിയൻ എംബാപ്പേ, അന്റോയിണിയോ ഗ്രീസ്മാൻ, കിംഗ്സ്ലി കോമാൻ, കരീം ബെൻസെമ, ഒളിവർ ജിറൂഡ്, മാർക്കസ് ടുറാം, ഉസ്മാൻ ഡെംബെലെ, വിസാം ബെൻ യെഡെർ