എല്ലാ വർഷത്തെയും പോലെ ഈ വർഷവും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചിറകിലേറിയായിരിക്കും യൂറോ കപ്പിൽ പോർച്ചുഗലിന്റെ നീക്കം. അവരുടെ പുത്തൻ താരോദയം മാഞ്ചസ്റ്റർ സിറ്റിയുടെ സ്വന്തം റൂബൻ ഡിയാസും മികച്ച ഫോമിൽ ആണ് ഉള്ളത്. സിറ്റിയിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ഡിയാസ് പോർച്ചുഗലിൻ്റെ ചുവന്ന ജേഴ്സിയിലും അതെ ഫോം തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഈ വർഷത്തെ യൂറോ കപ്പിൽ പോർച്ചുഗലിനെ ആർക്കും അവഗണിക്കാൻ കഴിയില്ല.

ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം, സ്പെയിൻ, ജർമ്മനി എന്നിങ്ങനെ വലിയ ടീമുകൾ യൂറോകപ്പിൽ മാറ്റുരക്കുന്നുണ്ടെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഒരു താരത്തിൻ്റെ സാന്നിധ്യം ഇവർക്കൊപ്പം ഉള്ള ആരാധകരെ നേടിക്കൊടുക്കുന്നു. മാത്രവുമല്ല കഴിഞ്ഞ യൂറോയിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയത് ആരും മറക്കാൻ ഇടയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് യുവന്റസിൽ ഈ വർഷം നിരാശാജനകമായ സീസൺ ആയിരുന്നു. അതിനൊക്കെ ഒരു യൂറോ കപ്പ് അടിച്ച് പകരം വീട്ടാൻ ആയിരിക്കും താരം ശ്രമിക്കുക.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

29 ഗോളുകളുമായി റൊണാൾഡോ സീരി എയിലെ ടോപ് സ്കോററാണ്. പക്ഷേ യുവന്റസ് 9 വർഷം തുടർച്ചയായി നേടിയ ലീഗ് കിരീടം ഈ വർഷം നേടാനായില്ല. ആ ഒരു റെക്കോർഡ് ഇന്റർ മിലാൻ തകർത്തു. അത് കൊണ്ട് തന്നെ ഇറ്റാലിയൻ ലീഗ് കിരീടത്തിൻ്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന റൊണാൾഡോയ്ക്ക് യൂറോ കപ്പ് നേടി വിമർശകരുടെ വായടപ്പിക്കാൻ സാധിക്കും.

പോർച്ചുഗൽ ഫ്രാൻസും ജർമ്മനിയുമുള്ള മരണ ഗ്രൂപ്പിൽ ആണ്. പോർച്ചുഗൽ, ഫ്രാൻസ്, ജർമനി, ഹംഗറി ഗ്രൂപ്പ് എഫിൽ ഉള്ള എല്ലാവരും ശക്തരായ ടീമുകളാണ്. അതുകൊണ്ട് തന്നെ വലിയ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

അവരുടെ ടീമിൽ ക്രിസ്റ്റ്യാനോ ഉണ്ടെങ്കിലും അവരുടെ തന്ത്രങ്ങൾ പ്രതിരോധത്തെ ആശ്രയിച്ചായിരിക്കും. ജോവാ കാൻസലോ, റൂബൻ ഡയസ്, പെപ്പെ, റാഫേൽ ഗുറേരിയോ എന്നിവരെ കബളിപ്പിച്ച് ഗോൾ കണ്ടെത്താൻ എതിരാളികൾ ഇത്തിരി വിയർക്കും. മാത്രമല്ല മധ്യനിരയിൽ ആണെങ്കിൽ ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോവ ഫെലിക്സ് എന്നിവരും മികച്ച താരങ്ങൾ ആണ്.

പോർച്ചുഗൽ കീ പ്ലയേഴ്സ്

റൂബൻ ഡിയാസ്

പ്രീമിയർ ലീഗ് നേടാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ച പ്രധാന താരമായിരുന്നു റൂബൻ ഡിയാസ്. ഈയിടെയായി വളർന്നുവന്ന സൂപ്പർതാരം എന്ന് നമുക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാം.

24 വയസുകാരനായ ഡിയാസ് മാഞ്ചസ്റ്റർ സിറ്റിയിൽ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ഏതൊരു താരത്തെയും തടഞ്ഞ് നിർത്താനും ബോൾ ക്ലിയറൻസും അദ്ദേഹത്തിന്റെ കളി ശൈലിയും സിറ്റിയെ അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കും പ്രീമിയർ ലീഗ് കിരീടത്തിലേക്കും നയിച്ചു.

ഫ്രാൻസും ജർമ്മനിയും, പോർച്ചുഗലിന്റെ ഗ്രൂപ്പിലെ രണ്ട് മികച്ച ടീമുകളാണ്. ഗ്രൂപ്പ് ഘട്ടങ്ങൾ മറികടക്കണമെങ്കിൽ പോർച്ചുഗലിന് പ്രതിരോധത്തിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതായുണ്ട്. ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ പിഎസ്ജി ക്കെതിരെ നടന്നപോലെ ഉള്ള ഒരു പ്രകടമാണ് ആരാധകർ ഇദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.

പെഡ്രോ ഗോൺകാൽവ്സ്

ഈ സീസണിൽ ഗോൺകാൽവ്‌സ് മികച്ച ഫോമിലാണ്. ഈ സീസണിൽ സ്പോർട്ടിംഗ് ലിസ്ബണിനായി 32 മത്സരങ്ങളിൽ നിന്ന് 23 ഗോളുകളാണ് ഈ യുവതാരം അടിച്ചുകൂട്ടിയത്. ഇദ്ദേഹത്തിൻ്റെ ഈ പ്രകടനത്തിന് ശേഷം ലിവർപൂൾ ഇദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള നീക്കവുമായി രംഗത്തുവന്നു.

അടുത്ത ബ്രൂണോ ഫെർണാണ്ടസ്’ എന്ന് പറയപ്പെടുന്ന മിഡ്ഫീൽഡറാണ് ഗോൺകാൽവ്സ് മികച്ച ഗോൾ സ്കോറിംഗും കൃത്യതയാർന്ന പാസുകളും ആണ് ഇദ്ദേഹത്തിൻ്റെ പ്രധാന സവിശേഷതകൾ.

ഗോൺ‌കാൽ‌വസിന് ഇതുവരെ ദേശീയ ടീമിനായി ഇറങ്ങാൻ സാധിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ ആദ്യ നാഷണൽ ടൂർണമെൻ്റ് ആണിത്. ആദ്യ ടൂർണമെൻ്റ് തന്നെ മികച്ച പ്രകടനം നടത്താൻ അദ്ദേഹം ശ്രമിക്കും എന്നാണ് ആരാധകർ കരുതുന്നത്.

ഫെർണാണ്ടോ സാന്റോസ് എന്ന പരിശീലകൻ

പോർച്ചുഗൽ ടീമിൽ ഫെർണാണ്ടോ സാന്റോസ് എത്തിയ ശേഷം ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഫെർണാണ്ടോ സാന്റോസ് 2014 ലാണ് പോർച്ചുഗൽ ദേശീയ ടീമിൻ്റെ പരിശീലകനായി എത്തുന്നത്. അതിന് ശേഷം പോർച്ചുഗൽ വലിയ വിജയങ്ങളാണ് നേടിയത്.

കളിച്ചിരുന്ന കാലത്ത് പ്രതിരോധക്കാരനായ താരമായിരുന്നു സാൻ്റോസ്. 2016 ൽ പോർച്ചുഗലിനെ അവരുടെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് നയിച്ചത് ഇദ്ദേഹത്തിൻ്റെ തന്ത്രങ്ങൾ ആയിരുന്നു. വലിയ താരങ്ങൾ അടങ്ങിയ ഫ്രാൻസ് ടീമിനെ തോൽപ്പിച്ചാണ് പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്.

2019 ൽ പോർച്ചുഗലിനെ യുവേഫ നേഷൻസ് ലീഗ് വിജയത്തിലേക്കും സാൻ്റോസ് നയിച്ചു. ഈ യൂറോ കപ്പ് വിജയിക്കണമെങ്കിൽ സാന്റോസിന് വലിയ തന്ത്രങ്ങൾ തന്നെ ആവിഷ്കരിക്കേണ്ടി വരും. മരണഗ്രൂപ്പിലുള്ള പോർച്ചുഗലിനെ ചാമ്പ്യന്മാർ ആക്കുക എന്നത് ഭാരിച്ച ഉത്തരവാദിത്വം തന്നെയാണ്.

മാച്ച് ഷെഡ്യൂൾ

ജൂൺ 4 – സ്പെയിൻ vs പോർച്ചുഗൽ 18:30 (ഫ്രണ്ട്‌ലി)

ജൂൺ 9 – പോർച്ചുഗൽ vs ഇസ്രായേൽ 19:45 (ഫ്രണ്ട്‌ലി)

ജൂൺ 15 – പോർച്ചുഗൽ vs ഹംഗറി 20:00

ജൂൺ 19 – പോർച്ചുഗൽ vs ജർമ്മനി 17:00

ജൂൺ 23 – ഫ്രാൻസ് vs പോർച്ചുഗൽ 20:00

സ്ക്വാഡ് ലിസ്റ്റ്

ഗോൾകീപ്പർമാർ: ആന്റണി ലോപ്സ് (ഒളിമ്പിക് ലിയോൺ), റൂയി പട്രീഷ്യോ (വോൾവ്സ്), റൂയി സിൽവ (ഗ്രാനഡ)

ഡിഫെൻഡർമാർ: ജോവ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി), നെൽ‌സൺ സെമെഡോ (വോൾവ്സ്), ജോസ് ഫോണ്ടെ (ലില്ലെ), പെപ്പെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), നുനോ മെൻഡിസ് (സ്പോർട്ടിംഗ്), റാഫേൽ ഗ്വെറോ (ബോറുസിയ ഡോർട്മണ്ട്)

മിഡ്‌ഫീൽഡർമാർ: ഡാനിലോ പെരേര (പാരീസ് സെന്റ് ജെർമെയ്ൻ), ജോവ പൽഹിൻ‌ഹ (സ്പോർട്ടിംഗ്), റൂബൻ നെവ്സ് (വോൾവ്സ്), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവ മൗട്ടിന്യോ (വോൾവ്സ്), റെനാറ്റോ സാഞ്ചസ് (ലില്ലെ), സെർജിയോ ഒലിവേര (പോർട്ടോ), വില്യം കാർവാലോ ( റിയൽ ബെറ്റിസ്)

ഫോർ‌വേർ‌ഡ്സ്: പെഡ്രോ ഗോൺ‌കാൽ‌വ്സ് (സ്പോർട്ടിംഗ്), ആൻഡ്രെ സിൽ‌വ (ഐൻ‌ട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), ബെർണാഡോ സിൽ‌വ (മാഞ്ചസ്റ്റർ സിറ്റി), ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ (യുവന്റസ്), ഡിയോഗോ ജോറ്റ (ലിവർ‌പൂൾ), ഗോൺ‌കലോ ഗ്വെസ് (വലൻ‌സിയ), ജോവ ഫെലിക്സ് (അറ്റ്ലെറ്റിക്കോ മാഡ്രിഡ്) റാഫ സിൽവ (ബെൻഫിക്ക).

യൂറോ കപ്പിന് ശേഷം ഹാൻസി ഫ്ലിക്ക് ജർമനി കോച്ച് ആയി ചുമതലയേൽക്കും!