കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരെ പ്രീമിയർ ലീഗിൽ ആദ്യ ഇലവനിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി എലംഗ സോഷ്യൽ മീഡിയയിൽ തൻ്റെ അനുഭവം പങ്കുവെച്ചത് വൈറൽ ആകുന്നു.

ഞായറാഴ്ച ആസ്റ്റൺ വില്ലയെ 3-1 ന് പരാജയപ്പെടുത്തിയ യുണൈറ്റഡ് ടീമിൽ യുണൈറ്റഡ് ഒലെ ഗുന്നാർ സോൾസ്‌ജെയർ പത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു. ഇത് ലിവർപൂൾ ആരാധകരുടെ അതൃപ്തിക്ക് കാരണമായെങ്കിലും യുണൈറ്റഡിനെയും അവരുടെ ആരാധകരെയും സംബന്ധിച്ച് പുത്തൻ അനുഭവം ആയിരുന്നു. കോച്ചിൻ്റെ ഈ ഒരു തീരുമാനം 19 വയസുള്ള എലംഗയ്ക്ക് തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിൽ ഇറങ്ങാൻ അവസരം നൽകി. മറ്റൊരു യുണൈറ്റഡ് താരമായ അമാദ് ഡിയല്ലോയ്‌ക്കും ഇത് ആദ്യ മത്സരം ആയിരുന്നു.

സ്വന്തം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ ലെസ്റ്റർ സിറ്റിക്കെതിരെ ഇറങ്ങിയ എലംഗയ്ക്കും യുണൈറ്റഡിനും 2-1 ന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.
പക്ഷേ താരത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് എടുക്കുമ്പോൾ എലംഗ സന്തോഷവാനാണ്. “ഇന്ന് രാത്രി എന്റെ അരങ്ങേറ്റം ഞാൻ ഒരു ബഹുമതി ആയി കണക്കാക്കുന്നു. ഈ ക്ലബ് എന്നെ എത്രമാത്രം അർത്ഥമാക്കുന്നുവെന്ന് എല്ലാവർക്കും അറിയാം.” അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“ ഈ നേട്ടം ഒരു നീണ്ട യാത്രയുടെ ഭാഗമാണ്. എന്റെ കുടുംബത്തിന്റെ പിന്തുണയില്ലാതെ എനിക്ക് ഇത് നേടാൻ കഴിയുമായിരുന്നില്ല. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് എന്നെ പിന്തുണച്ച നിരവധി ആളുകൾ ഉണ്ട്. എപ്പോഴും ദൈവത്തിന്റെ മഹത്വം ഞാൻ അനുഭവിച്ചിരുന്നു. ” അദ്ദേഹം പറയുന്നു.

എലംഗയുടെയും ഡിയല്ലോയുടെയും അരങ്ങേറ്റത്തെ ടീം അംഗം നെമഞ്ച മാറ്റിക് പ്രശംസിച്ചു. “ഞങ്ങൾക്ക് ചില പിഴവുകൾ ഉണ്ടായിരുന്നു. തീർച്ചയായും ഈ ഫലത്തിൽ ഞങ്ങൾക്ക് സന്തോഷമില്ല. പക്ഷേ ഞങ്ങൾ നല്ല ഫുട്ബോൾ കാഴ്ചവച്ചു. ചെറുപ്പക്കാരായ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു, വളരെ നല്ലൊരു ടീമിനെതിരെ മികച്ച രീതിയിൽ കളിച്ചു. ” അദ്ദേഹം പറഞ്ഞു.

ചാമ്പ്യന്മാരായ ലിവർപൂളിനെതിരെയാണ് അടുത്ത മത്സരം. ലിവർപൂളിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത് പോയിൻ്റ് ടേബിളിൽ ആദ്യ നാല് സ്ഥാനങ്ങളിൽ ലീഗ് അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിൽ ആയിരിക്കും യുണൈറ്റഡ്. ആസ്റ്റൺ വില്ലയുമായി നടന്ന മത്സരത്തിൽ കണങ്കാലിന് പരിക്കേറ്റതിനാൽ ക്യാപ്റ്റൻ ഹാരി മാഗ്വെയർ ഇല്ലാതെ ആയിരിക്കും യുണൈറ്റഡ് ഇറങ്ങുക. യൂറോപ്പ ലീഗ് അവസാന ലാപ്പിൽ എത്തുമ്പോൾ മാഗ്വെയറിന്റെ പരിക്ക് ടീമിനെ കൂടുതൽ ബുദ്ധിമുട്ടിലാക്കും.
ഈ സീസണിൽ തന്നെ പരിക്ക് മാറി മാഗ്വെയർ തിരിച്ചു വരും എന്നാണ് പ്രതീക്ഷയെന്ന് യുണൈറ്റഡ് കോച്ച് സോൽ‌സ്‌ജെയർ പറയുന്നു.