കോപ്പ അമേരിക്കയിൽ ബ്രസീലിൻ്റെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് പുലർച്ചെ 5.30 ന് നടന്ന മത്സരത്തിൽ പെറുവിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കാനറികൾ ടൂർണമെൻ്റിൽ തങ്ങളുടെ തുടർച്ചയായ രണ്ടാം വിജയം ആഘോഷിച്ചത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

വലിയ മാറ്റങ്ങളുമായി ഇറങ്ങിയ ബ്രസീൽ കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം നടത്തിയ കാസമെറോ മാർക്കിന്യോസ് എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇറങ്ങിയത്. ആദ്യ പകുതിയിൽ 12-ാം മിനുട്ടിൽ തന്നെ ഗോൾ നേടി അലക്സി സാൻഡ്രോ ബ്രസീലിൻ്റെ അക്കൗണ്ട് തുറന്നു. ഗബ്രിയേൽ ജിസുസിൻ്റെ പാസ് അദ്ദേഹം പെറു ഗോളിയെയും കബളിപ്പിച്ച് മനോഹരമായി വലയിലെത്തിക്കുകയായിരുന്നു.

ഗോളിന് പുറമെ ആദ്യ പകുതിയിൽ വലിയ നീക്കങ്ങൾ ഒന്നും നടത്താൻ കഴിയാത്ത ബ്രസീൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് മാറ്റങ്ങൾ വരുത്തി. ഇവർട്ടൻ സൊയാരസിന് പകരം ഇവർട്ടൻ സാൻ്റോസും ഗബ്രിയേൽ ബാർബോസക്ക് പകരം റിച്ചാർലിസണും കളത്തിൽ ഇറങ്ങി.

തുടരെ രണ്ട് മാറ്റങ്ങൾ വന്നതിന് ശേഷം ആദ്യ പകുതിയിൽ കണ്ട ബ്രസീലിനെ അല്ല പിന്നീടങ്ങോട്ട് കണ്ടത്. തുടർച്ചയായ ആക്രമണങ്ങളും നല്ല നീക്കങ്ങളും കൊണ്ട് ബ്രസീൽ പെറുവിനെ നിരന്തരം സമ്മർദ്ദത്തിലാക്കി. 62-ാം മിനുട്ടിൽ ബ്രസീലിന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചു എന്ന് കരുതിയെങ്കിലും പിന്നിട് റഫറി അത് നിഷേധിച്ചു.

തുടർന്നും ആക്രമങ്ങൾ നടത്തിയ ബ്രസീലിൻ്റെ ലീഡ് 68-ാം മിനുട്ടിൽ നെയ്മർ വീണ്ടും രണ്ടായി വർധിപ്പിച്ചു. ഫ്രെഡ് നൽകിയ പന്ത് ബോക്‌സിന് പുറത്ത് നിന്നും വലയിൽ എത്തിച്ച് നെയ്മർ ഒരിക്കൽ കൂടി ബ്രസീലിൻ്റെ ഹീറോ ആയി. 72-ാം മിനുട്ടിൽ ബ്രസീൽ ഒരു മാറ്റം കൂടി കൊണ്ടു വന്നു. ഗബ്രിയേൽ ജിസുസിന് പകരം ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയെ പകരക്കാരനായി കൊണ്ടുവന്നു.

പെറു നിരയിൽ ഗുവേരക്ക് പകരം ടവാരയും യോഷിമാർ യൂട്ടിന് പകരം അലക്സിസ് അരിയാസും വന്നെങ്കിലും അവർക്കും പെറുവിന് വേണ്ടി കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 89-ാം മിനുട്ടിൽ വീണ്ടും ബ്രസീലിൻ്റെ മൂന്നാം ഗോൾ വന്നു. റിച്ചാർലിസന്റെ പാസിൽ നിന്ന് ഇവർട്ടൻ റിവേര ബ്രസീലിനായി സ്കോർ ചെയ്തു.

94-ാം മിനുട്ടിൽ നെയ്മർ നടത്തിയ നീക്കങ്ങൾക്കൊടുവിൽ റിച്ചാർലിസൻ ഗോൾ വല കുലുക്കി ബ്രസീലിൻ്റെ വിജയം കൂടുതൽ തിളക്കമാർന്നതാക്കി. മത്സരത്തിലുടനീളം നിറഞ്ഞ് നിന്നത് ബ്രസീൽ സൂപ്പർ താരം നെയ്മർ തന്നെയായിരുന്നു. ചാൻസ് ക്രിയേഷനും ഡ്രിബിളുകളും ഗോളുമൊക്കെയായി ബ്രസീൽ നിറഞ്ഞുനിന്നു.

മത്സരത്തിലുടനീളം തികഞ്ഞ ആധിപത്യത്തോടെ കളിച്ച ബ്രസീലിന് 55% ബോൾ പൊസിഷനുണ്ട്. മൊത്തം 17 ഷോട്ട് എടുത്ത ബ്രസീലിന് 9 എണ്ണം ഓൺ ടാർഗറ്റിൽ എത്തിക്കാനായി. 7 അവസരങ്ങൾ സൃഷ്ടിച്ച ബ്രസീലിന് 4 എണ്ണത്തോളം ഫിനിഷിംഗ് പോരായ്മകൾ കൊണ്ട് ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. അത് ബ്രസീൽ അടുത്ത കളിയിൽ തിരുത്തും എന്ന് പ്രതീക്ഷിക്കാം.

അത്തരം പിഴവുകൾ വന്നില്ലായിരുന്നു എങ്കിൽ പെറുവിന്റെ തോൽവിയുടെ ആഘാതം കൂടിയനെ. കോപ്പ അമേരിക്ക ടൂർണമെൻ്റിൽ സമ്പൂർണ്ണ ആധിപത്യത്തോടെയുള്ള ബ്രസീലിൻ്റെ രണ്ടാം വിജയമാണിത്. മികച്ച ഫോമിൽ കളിക്കുന്ന ബ്രസീൽ ഓരോ മത്സരങ്ങൾ കഴിയുന്തോറും കൂടുതൽ അപകടകാരികൾ ആയി മാറുകയാണ്. 24-ാം തിയ്യതി കൊളംബിയയുമായാണ് ബ്രസീലിൻ്റെ അടുത്ത മത്സരം.