നാളെ നടക്കുന്ന കോപ്പ അമേരിക്ക ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബ്രസീലിലെ എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയ സ്റ്റേഡിയത്തിൽ അർജൻ്റീന പരാഗ്വേയയെ നേരിടും. ഇരു ടീമുകളും അവസാന മത്സരം മികച്ച പ്രകടനം പുറത്തെടുത്ത് മികച്ച വിജയം നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർജൻ്റീന ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയപ്പോൾ പാരഗ്വേ ബൊളീവിയക്കെതിരെ 3-1 ൻ്റെ തകർപ്പൻ വിജയമാണ് നേടിയത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പരാഗ്വേ ഈ വർഷത്തെ കോപ്പ അമേരിക്ക വിജയത്തോടെ തുടങ്ങിയത് അവരുടെ ആരാധകരിൽ കൂടുതൽ പ്രതീക്ഷ ജനിപ്പിക്കുന്നു. അർജൻ്റീനക്കെതിരായ മത്സരത്തിലും അവർ വിജയം നേടുകയാണെങ്കിൽ ഗ്രൂപ്പിൽ അവർക്ക് വലിയ മുന്നേറ്റം നടത്താം. ബൊളീവിയയെ 3-1 ന് പരാജയപ്പെടുത്തിയ മത്സരത്തിൽ അവരുടെ എല്ലാ താരങ്ങളും മികച്ച പ്രകടമാണ് പുറത്തെടുത്തത്. ഈ മത്സരത്തിലും അതേ പ്രകടനം പുറത്തെടുക്കാൻ കഴിയും എന്ന ആത്മവിശ്വാസത്തിൽ ആയിരിക്കും അവർ.

അർജന്റീനയുടെ ആദ്യ കോപ്പ അമേരിക്ക മത്സരത്തിൽ ചിലിക്ക് എതിരായി സമനില വഴങ്ങിയാണ് അവരുടെ തുടക്കം. എന്നാൽ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയത്തോടെ അർജൻ്റീന ഫോമിലേക്ക് മടങ്ങി വന്നു. ശക്തരായ ഉറുഗ്വേയ്‌ക്കെതിരെ 1-0 ൻ്റെ മികച്ച വിജയമാണ് നേടിയത്.

ഈ ഒരു മത്സരത്തിൽ സൂപ്പർ താരങ്ങളായ കവാനിയും സുവാരസും അടങ്ങുന്ന മുന്നേറ്റ നിരക്ക് അർജൻ്റീനയ്ക്ക് എതിരെ ഒരു ഓൺ ടാർഗറ്റ് ഷൂട്ട് പോലും നേടാൻ സാധിച്ചില്ല എന്നതാണ് വസ്തുത. മുൻ വർഷങ്ങളെ അപേക്ഷിച്ച് അർജൻ്റീനൻ പ്രതിരോധം എത്ര ശക്തമാണ് എന്നതിന് തെളിവായിരുന്നു ഈ മത്സരം.

ഇരു ടീമുകളും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ 108 മത്സരങ്ങളിൽ 58 കളികളിലും അർജൻ്റീന ആണ് വിജയിച്ചത്. ഇത്രയും മത്സരങ്ങളിൽ നിന്നും പരാഗ്വേയ്ക്ക് അർജന്റീനയ്‌ക്കെതിരെ 16 വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ എന്നത് അർജൻ്റീനയ്ക്ക് കൂടുതൽ പ്രതീക്ഷകൾ നൽകുന്നു. ഈ മത്സരത്തിൽ പരാഗ്വേക്ക് വിജയം നേടണമെങ്കിൽ അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടതുണ്ട്.

ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരം 1-1 സമനിലയിൽ ആണ് അവസാനിച്ചത്. ഈ മത്സരത്തിലും സമാനമായ ഫലം ആയിരിക്കും ആഗ്രഹിക്കുന്നത്. സമീപ കാല ഫോം വച്ച് ഒരു സമനിലക്കോ വിജയത്തിനോ വേണ്ടി പരാഗ്വേ പൊരുതും എന്നത് തീർച്ച.

ഉറുഗ്വേയ്‌ക്കെതിരെ ലിയാൻ‌ഡ്രോ പരേഡസിന് പകരക്കാരനായി ഇറങ്ങിയ ഗ്വിഡോ റോഡ്രിഗസ് പരാഗ്വേക്കെതിരെ ഉള്ള മത്സരത്തിലും ടീമിൽ ഇടംനേടാൻ സാധ്യതയുണ്ട്. ക്രിസ്റ്റ്യൻ റൊമേറോയും നിക്കോളാസ് ഒറ്റമെൻഡിയും പ്രതിരോധത്തിൽ തുടരും. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത എയ്ഞ്ചൽ റൊമേറോയുടെ പ്രകടനം ഈ മത്സരത്തിലും അർജന്റീനക്ക് നിർണായകമായിരിക്കും. പരാഗ്വേയെ സംബന്ധിച്ച് പരിക്കുകളുടെ ആശങ്കകളില്ല. ഈ മത്സരത്തിനായി അവരുടെ മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കാൻ അവർക്ക് സാധിക്കും.

അർജന്റീന vs പരാഗ്വേ സാധ്യതാ ഇലവൻ

അർജന്റീന (4-3-3): എമിലിയാനോ മാർട്ടിനെസ്, മാർക്കസ് അക്യുന, നിക്കോളാസ് ഒറ്റമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, നഹുവൽ മോളിന, റോഡ്രിഗോ ഡി പോൾ, ഗ്വിഡോ റോഡ്രിഗസ്, ജിയോവാനി ലോ സെൽസോ, സെർജിയോ അഗ്യൂറോ, ലയണൽ മെസ്സി, ലൗട്ടാരോ മാർട്ടിനെസ്.

പരാഗ്വേ (4-2-3-1): ആന്റണി സിൽവ, സാന്റിയാഗോ അർസമെൻഡിയ, ജൂനിയർ അലോൺസോ, ഗുസ്റ്റാവോ ഗോമസ്, ആൽബർട്ടോ എസ്പിനോല, റോബർട്ട് പിരിസ് ഡാ മോട്ട, മറ്റിയാസ് വില്ലസന്തി, മിഗുവൽ അൽമിറോൺ, ഏഞ്ചൽ റൊമേറോ, അലജാൻഡ്രോ റൊമേറോ; ഗബ്രിയേൽ ആവ്ലോസ്.