കോപ്പ അമേരിക്ക ബ്രസീലിലേക്ക് മാറ്റാനുള്ള കോൺമെബോളിന്റെ തീരുമാനത്തെ അംഗീകരിക്കാതെ അർജൻ്റീനൻ ഹെഡ് കോച്ച് ലയണൽ സ്കലോണി. ടൂർണമെൻ്റ് ബ്രസീലിൽ വച്ച് നടത്തുന്നതിലുള്ള അതൃപ്തി അർജൻ്റീനൻ ആരാധകർക്കിടയിലും ഉണ്ട്. അർജൻ്റീനയിൽ നിന്ന് ടൂർണമെൻ്റ് മാറ്റിയതിനെതിരെ ചില അർജൻ്റീനൻ താരങ്ങളും കഴിഞ്ഞ ദിവസം അതൃപ്തി പരസ്യമാക്കിയിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2020 ൽ നടക്കേണ്ട ടൂർണമെൻ്റ് ആണ് കോവിഡ് മഹാമാരി കാരണം ഈ വർഷം നടക്കുന്നത്. കൊളംബിയയിലും അർജന്റീനയിലും ആയി നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് വ്യത്യസ്ത കാരണങ്ങൾ കൊണ്ട് ബ്രസീലിലേക്ക് മാറ്റിയത്. ഇരുരാജ്യങ്ങളിലും വച്ച് നടത്താൻ സംഘാടകരായ കോൺമെബോൾ പരമാവധി ശ്രമിച്ചെങ്കിലും കൊളംബിയയിലെ രാഷ്ട്രീയ പ്രശ്നവും അർജൻ്റീനയിലെ കൊറോണ പ്രശ്നങ്ങളെയും തുടർന്നാണ് ബ്രസീലിലേക്ക് മാറ്റിയത്.

കോവിഡ് പ്രതിസന്ധി മൂലം ബ്രസീലും ഇപ്പോൾ മോശം അവസ്ഥയിലാണ്. എന്നാൽ കോപ്പ അമേരിക്ക മുൻ നിശ്ചയിച്ച പോലെ മുന്നോട്ട് പോകുമെന്ന് കോൺമെബോൾ സ്ഥിരീകരിച്ചു. ടൂർണമെൻ്റ് പ്രതിസന്ധിയിൽ ആകുമെന്ന ഘട്ടം വന്നപ്പോൾ അണ് ബ്രസീൽ ഹോസ്റ്റിംഗ് ചുമതലകൾ ഏറ്റെടുത്തത്.

ജൂൺ 14 ന് ചിലിക്കെതിരെ ആണ് അർജൻ്റീനയുടെ ആദ്യ മത്സരം. മികച്ച പ്രകടനത്തോടെ കിരീടം സ്വന്തമാക്കാൻ അർജന്റീന തയ്യാറെടുക്കുമ്പോൾ അർജന്റീനയുടെ ഹോസ്റ്റിംഗ് അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ഭരണസമിതിയുടെ തീരുമാനങ്ങളെ സ്കലോണി വിമർശിക്കുന്നു.

“കുറച്ചുനാൾ മുമ്പ് കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള ഒരു രാജ്യമെന്ന നിലയിൽ ഞങ്ങൾ കുറച്ച് പ്രശ്നങ്ങൾ നേരിട്ടിരുന്നു. അർജന്റീനയിൽ തന്നെ ടൂർണമെൻ്റ് നടത്താൻ സർക്കാരും എഎഫ്‌എയും ശ്രമം നടത്തിയിരുന്നു.” വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിച്ച സ്കലോണി പറഞ്ഞു.

“കൊളംബിയ ആദ്യമേ പിന്മാറിയിരുന്നു. കൊറോണ കാരണം ടൂർണമെൻ്റ് അർജൻ്റീനയിൽ നടത്തരുത് എന്നും സംഘാടകർ തീരുമാനിച്ചു. പക്ഷേ ഇപ്പോൾ ടൂർണമെൻ്റ് ബ്രസീലിൽ വച്ച് നടക്കുന്നത് കൊണ്ടും വലിയ മാറ്റമൊന്നും വരാനില്ല. ബ്രസീലിലെ സ്ഥിതി അർജൻ്റീനയേക്കാൾ മോശമാണ്. അത്തരമൊരു സ്ഥലത്ത് കോപ്പ അമേരിക്ക നടത്തുക എന്നത് നല്ല കാര്യമല്ല.” സ്കലോണി പറഞ്ഞു നിർത്തി.

ലില്ലെ റൈറ്റ് ബാക്കിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മുൻനിര മൂന്ന് ക്ലബ്ബുകൾ!