ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് അർജന്റീന. ലോക ഫുട്ബോളിൽ ഒരുപാട് ചരിത്രങ്ങൾ രചിച്ച അർജൻ്റീന അഞ്ച് ലോകകപ്പ് ഫൈനൽ കളിക്കുകയും രണ്ട് തവണ കിരീടം നേടുകയും ചെയ്തു. 14 കിരീടങ്ങളുമായി ഏറ്റവും കൂടുതൽ കോപ്പ അമേരിക്ക കിരീടം നേടിയ രണ്ടാമത്തെ ടീമാണ് അർജന്റീന. അർജൻ്റീനയ്ക്ക് മുന്നിൽ ഉറുഗ്വേ മാത്രമാണ് ഏറ്റവും കൂടുതൽ കിരീടം നേടിയത്. അർജൻ്റീന എന്ന ഫുട്ബോൾ രാജ്യം മറഡോണ മുതൽ മെസ്സി വരെ ഒരുപാട് പ്രതിഭകളെ ലോകത്തിന് സമ്മാനിച്ചു.

Link to join the Galleries Review Facebook page

എന്നാൽ പഴയ പ്രതാപം നിലനിർത്താൻ കഴിയുന്നില്ല എന്നതാണ് അർജന്റീന ഇപ്പോൾ നേരിടുന്ന പ്രധാന പ്രതിസന്ധി. കോപ്പ അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫൈനലുകൾ കളിച്ച ടീമാണ് അർജൻ്റീന. 28 തവണ അവർ ഫൈനലിൽ എത്തി. 455 ഗോളുകളുമായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോൾ അടിച്ച് കൂട്ടിയതും അർജൻ്റീനയാണ്. എന്നാൽ 1993 ന് ശേഷം കോപ്പ അമേരിക്കയിൽ അവർക്ക് കിരീടം നേടാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

Image Credits | FB

നാല് തവണ അവർ ഫൈനലിൽ എത്തിയെങ്കിലും കിരീടം നേടാൻ മാത്രം അവർക്ക് കഴിഞ്ഞില്ല. 2015, 2016 വർഷങ്ങളിൽ തുടർച്ചയായി രണ്ട് ഫൈനൽ കളിക്കാൻ അവർക്ക് സാധിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ രണ്ടിലും അവർ ചിലിയോട് പരാജയപ്പെട്ടു.

ലയണൽ സ്കലോണി എന്ന മികച്ച കോച്ച് ആണ് 2018 മുതൽ അർജൻ്റീന ടീമിൻ്റെ മുഖ്യ പരിശീലകൻ. അദ്ദേഹം പരിശീലകനായി വന്നതിന് ശേഷം 26 കളികളിൽ നിന്നും 16 വിജയങ്ങൾ നേടാൻ അവർക്ക് കഴിഞ്ഞു. ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും നാല് മത്സരങ്ങൾ മാത്രമാണ് അവർ തോൽവി നേരിട്ടത് .

2018 ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ അർജന്റീന ഫ്രാൻസിനെതിരെ തോൽവി നേരിട്ട് പുറത്തായി. അതിന് ശേഷം 2018 നവംബറിൽ സ്കലോണിയെ ഹെഡ് കോച്ചായി നിയമിച്ചു. കോച്ച് ആയി നിയമിതനായതിന് ശേഷം അദ്ദേഹത്തിൻ്റെ ആദ്യ ടൂർണമെൻ്റിൽ സ്കലോണി നയിച്ച ടീം കോപ്പ അമേരിക്കയുടെ സെമി ഫൈനലിലെത്തി.

messi Image Credits | FB

ഈ വർഷവും ലയണൽ മെസ്സി തന്നെയായിരിക്കും അർജൻ്റീനൻ ആക്രമണങ്ങളുടെ കുന്തമുന. അദ്ദേഹത്തെ ആശ്രയിച്ചായിരിക്കും കോച്ച് സ്കലോണിയും തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. ഇപ്പോൾ ബാഴ്‌സലോണയിലും അർജന്റീനയിലും ഓരോ ഗോളിന്റെ പിന്നിലും മെസ്സിയുടെ മാന്ത്രിക വിദ്യകൾ ഉണ്ട്.

കിംഗ് ലിയോ ഈ കോപ്പ കളത്തിലിറങ്ങുമ്പോൾ അദ്ദേഹത്തെ മറികടക്കാൻ പോകുന്ന ഏതെങ്കിലും കളിക്കാരൻ മറ്റൊരു ടീമിൽ ഉണ്ടോ എന്നത് സംശയമാണ്. അർജന്റീനൻ ജഴ്സിയിൽ വർഷങ്ങളായി മെസ്സി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുക്കുന്നത്. അർജന്റീനയ്ക്ക് വേണ്ടി കിരീടങ്ങൾ ഒന്നും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും തൻ്റെ ടീമിനെ നാല് ഫൈനലുകളിലേക്ക് നയിക്കാൻ അദ്ദേഹത്തിനായി. നാല് പ്രാവശ്യം കൈവിട്ട് പോയ കിരീടം ഈ പ്രാവശ്യം നേടാൻ തന്നെയായിരിക്കും മെസ്സി ഇറങ്ങുക.

ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യതാ പോയിൻ്റ് പട്ടികയിൽ അർജന്റീന രണ്ടാം സ്ഥാനത്താണ്. പട്ടികയിൽ മുന്നിലുള്ള ബ്രസീലിനും രണ്ട് പോയിന്റ് മാത്രം പിന്നിൽ. നാല് മത്സരങ്ങളിൽ നിന്നും ആറ് ഗോളുകളാണ് അവർ ഇതുവരെ നേടിയത്. ഇനി അവർക്ക് ജൂണിൽ മൂന്ന് യോഗ്യതാ മത്സരങ്ങൾ കൂടി ബാക്കി ഉണ്ട്.

2019 ലെ കോപ്പ അമേരിക്ക സീസൺ അർജൻ്റീനയെ സംബന്ധിച്ചെടുത്തോളം ഒരു മോശം സീസൺ ആയിരുന്നു. വലിയ മികച്ച പ്രകടനം ഒന്നും നടത്താതിരുന്നിട്ടും ക്വാർട്ടർ ഫൈനലിലേക്ക് കടക്കാൻ അവർക്ക് സാധിച്ചു. ക്വാർട്ടർ ഫൈനലിൽ അർജന്റീന വെനസ്വേലെയെ അനായാസം പരാജയപ്പെടുത്തി സെമി ഫൈനലിലെത്തി. ബ്രസീലിനെതിരായ സെമിയിൽ രണ്ട് ഗോളിൻ്റെ തോൽവി നേരിടേണ്ടി വന്നു. ബ്രസീലിനെതിരായ മത്സരത്തിൽ ചില മോശം റഫറിയിംഗ് തീരുമാനങ്ങളും അർജൻ്റീനയെ പ്രതികൂലമായി ബാധിച്ചു.

Image Credits | FB

ബൊളീവിയ, ചിലി, പരാഗ്വേ, ഉറുഗ്വേ എന്നീ മികച്ച ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പ് എ യിലാണ് അർജൻ്റീന. അത്കൊണ്ട് തന്നെ അവർക്ക് എല്ലാ മത്സരത്തിലും വലിയ പോരാട്ടം തന്നെ പുറത്തെടുക്കേണ്ടതായുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കഠിനമായിരിക്കും. എന്നാൽ മറ്റ് ടീമുകളെ അപേക്ഷിച്ച് മികച്ച സ്ക്വാഡ് അർജന്റീനയുടേതാണ്. ലയണൽ മെസ്സി മികച്ച ഫോമിലെത്തിയാൽ നിഷ്പ്രയാസം അവർക്ക് ഒന്നാം സ്ഥാനം നേടാൻ സാധിക്കും. മാർട്ടിനസും അലാരിയോയും പപ്പു ഗോമസും പരഡെസും ഒക്കെ മികച്ച പ്രകടനം പുറത്തെടുത്താൽ ആരും ഭയക്കുന്ന ടീമായി അർജൻ്റീന മാറും.

അർജന്റീന പ്രോബബിൾ സ്ക്വാഡ്

മാർക്കോസ് അക്യുന, സെർജിയോ അഗ്യൂറോ, ലൂക്കാസ് അലാരിയോ, എമിലിയാനോ ബ്യൂണ്ടിയ, ഏഞ്ചൽ കൊറെയ, ജോക്വിൻ കൊറെയ, റോഡ്രിഗോ ഡി പോൾ, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഡൊമിംഗ്യൂസ്, ജുവാൻ ഫോയ്ത്ത്, അലജാൻഡ്രോ ഗോമസ്, നിക്കോളാസ് ഗോൺസാലസ്, ജിയോവന്നി ലോ സെൽസോ, അഗസ്റ്റിൻ മാർഷെസിൻ, എമിലിയാനോ മാർട്ടിനെസ്, ലൗട്ടരോ മാർട്ടിനെസ്, ലിസാന്ദ്രോ മാർട്ടിനെസ്, ലൂക്കാസ് മാർട്ടിനെസ് ക്വാർട്ട, ലയണൽ മെസ്സി, നഹുവൽ മോളിന, ജുവാൻ മുസ്സോ, ഗ്വിഡോ റോഡ്രിഗസ്, ക്രിസ്റ്റ്യൻ റൊമേറോ, ലൂക്കാസ് ഒകാംപസ്, നിക്കോളാസ് ഒക്റ്റോമെൻ, ജർമ്മൻ പെസെല്ല, നിക്കോളാസ് ടാഗ്ലിയാഫിക്കോ