കോപ്പ അമേരിക്ക സെമി ഫൈനൽ മത്സരങ്ങൾക്ക് നാളെ പുലർച്ചെ 4.30 ന് ബ്രസീലിലെ റിയോ ഡി ജനീറോ സ്റ്റേഡിയത്തിൽ തുടക്കമാകും. ആതിഥേയരായ ബ്രസീലും പെറുവും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയിൽ അർജൻ്റീന കൊളംബിയയെ നേരിടും. ഇരു ടീമുകളും തമ്മിലുള്ള വാശിയേറിയ പോരാട്ടം തന്നെ നാളെ റിയോ ഡി ജനീറോയിൽ പ്രതീക്ഷിക്കാം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഈ വർഷം നടന്ന രണ്ട് മത്സരങ്ങളിലും 4-2 ൻ്റെയും 4-0 ൻ്റെയും തകർപ്പൻ വിജയങ്ങളാണ് ബ്രസീൽ പെറുവിനെതിരെ സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഗ്രൂപ്പ് എ യിൽ ആയിരുന്ന ബ്രസീലും പെറുവും ഏറ്റുമുട്ടിയപ്പോൾ വിജയം ബ്രസീലിന് ഒപ്പമായിരുന്നു. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് കാനറികൾ സ്വന്തം പേരിൽ കുറിച്ചത്.

അവസാന 12 മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറുന്ന ബ്രസീലിന് വിജയം തുടരാൻ കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ബ്രസീലിനെതിരെയുള്ള തോൽവിക്ക് ശേഷം അവസാന നാല് മത്സരങ്ങളിൽ പെറുവും തോൽവി അറിഞ്ഞിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ബ്രസീലിനെതിരെ നേരിട്ട തോൽവികൾക്ക് സെമി വിജയത്തോടെ മധുര പ്രതികാരം ചെയ്യുക എന്നതായിരിക്കും പെറുവിന്റെ ലക്ഷ്യം.

പെറു അവസാനമായി ബ്രസീലിനെ തോൽക്കുന്നത് രണ്ട് വർഷം മുൻപാണ്. ഇരു ടീമുകളും തമ്മിൽ 13 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 11 എണ്ണത്തിൽ ബ്രസീലും 2 എണ്ണത്തിൽ പെറുവും വിജയിച്ചു. അവസാന മത്സരത്തിൽ ബ്രസീൽ പെറുവിനെതിരെ 17 ഷോട്ടുകളാണുതിർത്തത്. ഇതിൽ 9 എണ്ണവും ഓൺ ടാർഗറ്റിൽ എത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ സമ്പൂർണ ആധിപത്യം നിലനിർത്തിയ ബ്രസീലിന് സെമിയിലും അത് നിലനിർത്താൻ കഴിയുമോ എന്നത് കാത്തിരുന്ന് കാണാം.

സൂപ്പർ താരം നെയ്മറിൽ തന്നെയാണ് ബ്രസീലിൻ്റെ പ്രതീക്ഷ മുഴുവൻ. നാല് കളികളിൽ നിന്നും 2 ഗോളുകളും 2 അസിസ്റ്റുകളുമായി ബ്രസീലിൻ്റെ ഈ വിജയ കുതിപ്പിൽ നിർണായകമാണ് ഇദ്ദേഹത്തിൻ്റെ പ്രകടനം. റിച്ചാർലിസണും ഫ്രെഡും കാസമെറോയും മാർക്കിന്യോസും സിൽവയുമൊക്കെ താരതമ്യേന മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുക്കുന്നു.

കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളായ ലൂയിസ് പക്വെറ്റയും ഗോൾ കീപ്പർ എഡേഴ്സണും അടുത്ത മത്സരത്തിലും ഇടം നേടുമെന്ന് കരുതാം. കഴിഞ്ഞ കളിയിൽ ചുവപ്പ് കാർഡ് കണ്ട ബ്രസീൽ മുന്നേറ്റ താരം ഗബ്രിയേൽ ജീസസ് സെമി മത്സരത്തിന് ഇറങ്ങാൻ സാധ്യതയില്ല.

ക്വാർട്ടറിൽ പരാഗ്വേയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് പെറു സെമിയിലേക്ക് പ്രവേശിച്ചത്. റഗുലർ ടൈം 3-3 ന് അവസാനിച്ച മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു. സംഘാടകരായ കോൺമെ ബോളിന്റെ പുതിയ തീരുമാന പ്രകാരം നോക്കൗട്ട് മത്സരങ്ങളിൽ എക്സ്ട്രാ ടൈം ഇല്ല. പെറു നിരയിൽ യോഷിമാർ യോട്ടൂണും സെർജിയോ പെനയും ലപാഡുലയുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്തായാലും ഇരു ടീമുകളും തമ്മിലുള്ള നല്ലൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ബ്രസീൽ സാധ്യതാ ഇലവൻ:

അലിസൺ ബെക്കർ (GK), ഡാനിലോ ഡാ സിൽവ, തിയാഗോ സിൽവ, മാർക്വിന്യോസ്, റെനാൻ ലോഡി, കാസെമിറോ, ഫ്രെഡ്, ലൂക്കാസ് പക്വെറ്റ, റിച്ചാർലിസൺ, റോബർട്ടോ ഫിർമിനോ, നെയ്മർ.

പെറു സാധ്യതാ ഇലവൻ:

പെഡ്രോ ഗാലീസ് (GK), ആൽഡോ കോർസോ, ആൻഡേഴ്സൺ സാന്റാമരിയ, ക്രിസ്റ്റ്യൻ റാമോസ്, മിഗുവൽ ട്രൗക്കോ, സെർജിയോ പെന, സാന്റിയാഗോ ഒർമെനോ, റെനാറ്റോ ടാപിയ, ക്രിസ്റ്റ്യൻ ക്യൂവ, യോഷിമാർ യോട്ടൂൺ, ജിയാൻലൂക്ക ലപാഡുല.