ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ച് കോപ്പ അമേരിക്ക ക്വാർട്ടർ മത്സരങ്ങൾക്ക് ജൂലൈ മൂന്ന് മുതൽ തുടക്കമാകും. ജൂലൈ മൂന്ന് 2.30 നുള്ള ആദ്യ മത്സരത്തിൽ പെറുവും പരാഗ്വെയും പരസ്പരം ഏറ്റുമുട്ടും. രണ്ട് വിജയങ്ങളും ഒരു സമനിലയും ഒരു തോൽവിയും ആയാണ് പെറുവിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തിൽ അവർ ആകെ ഒരു പരാജയം മാത്രമാണ് ഏറ്റുവാങ്ങിയത്. ബ്രസീലിനെതിരെയാണ് അവരുടെ ഏക പരാജയം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ഗ്രൂപ്പ് എ യിൽ നിന്ന് രണ്ട് വിജയങ്ങളുടെ അകമ്പടിയിൽ ക്വാർട്ടറിൽ എത്തിയ പരാഗ്വെ രണ്ട് വിജയങ്ങൾ സ്വന്തമാക്കിയപ്പോൾ രണ്ട് പരാജയങ്ങളും നേരിട്ടു. ഉറുഗ്വേയോടും അർജൻ്റീനയോടും തോൽവി ഏറ്റുവാങ്ങിയ അവർ ചിലിക്കെതിരെയും ബൊളീവിയക്കെതിരെയും വിജയങ്ങൾ സ്വന്തമാക്കി. അവസാനമായി ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 2-2 ൻ്റെ സമനിലയിലാണ് മത്സരം അവസാനിച്ചത്.

ടൂർണമെൻ്റിലെ തന്നെ മികച്ച ടീമുകളായ ബ്രസീലും ചിലിയും തമ്മിലാണ് രണ്ടാം ക്വാർട്ടർ മത്സരം. ജൂലൈ മൂന്നിന് ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് മത്സരം. ഫുട്ബോൾ ലോകം ആകാംക്ഷയോടെ വീക്ഷിക്കുന്ന മത്സരങ്ങളിൽ ഒന്നാണ് ബ്രസീൽ ചിലി പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും പരാജയപ്പെട്ടില്ല എന്ന ആത്മവിശ്വാസത്തോടെ ബ്രസീൽ ഇറങ്ങുമ്പോൾ ബ്രസീലിനെ പരാജയപ്പെടുത്താൻ കഴിയും എന്ന് തന്നെയാണ് ചിലി ആരാധകരുടെയും പ്രതീക്ഷ.

ഗ്രൂപ്പ് ഘട്ടത്തിൽ നാല് കളികളിൽ മൂന്ന് വിജയവും ഒരു സമനിലയുമായി ബ്രസീൽ സമ്പൂർണ ആധിപത്യം തുടർന്നപ്പോൾ ചിലി രണ്ട് സമനിലയും ഒരു വിജയവും ഒരു തോൽവിയുമായി ക്വാർട്ടറിലെത്തി. ചിലി താരങ്ങൾക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങൾ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഈ ഒരു ആരോപണത്തിന് ശേഷം പ്രധാന താരങ്ങളില്ലാതെ പാരഗ്വേക്കെതിരെ ഇറങ്ങിയ ചിലി ഏകക്ഷീയമായ രണ്ട് ഗോളിൻ്റെ പരാജയം ഏറ്റുവാങ്ങി. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ ചിലിക്കെതിരെ 3-0 ൻ്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

മൂന്നാം ക്വാർട്ടർ മത്സരത്തിൽ കൊളംബിയയും ഉറുഗ്വേയുമാണ് നേർക്കുനേർ വരുന്നത്. ജൂലൈ നാലിന് 2.30 നുള്ള മത്സരത്തിൽ ബ്രസീലിലെ ഗാരിഞ്ച സ്റ്റേഡിയത്തിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് എ യിൽ നിന്ന് രണ്ട് വിജയങ്ങളും ഒരു സമനിലയും ഒരു തോൽവിയുമായി ഉറുഗ്വേ വരുമ്പോൾ ഒരു വിജയവും ഒരു സമനിലയും രണ്ട് തോൽവിയുമായാണ് കൊളംബിയ വരുന്നത്. ഇരു ടീമുകളും ഏറ്റുമുട്ടിയ അവസാന മത്സരത്തിൽ വിജയം ഉറുഗ്വേക്ക് ഒപ്പമായിരുന്നു. സുവാരസും കവാനിയും നുവെസും ഉറുഗ്വേക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അവർ കൊളംബിയയെ പരാജയപ്പെടുത്തി.

അവസാന ക്വാർട്ടർ മത്സരം ടൂർണമെൻ്റിൽ വലിയ ആരാധക പിന്തുണ ഉള്ള അർജൻ്റീനയും ഇക്വഡോറും തമ്മിലാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി കൈവിട്ട് പോകുന്ന കോപ്പ അമേരിക്ക കിരീടം ഈ വർഷം കൈപ്പിടിയിൽ ഒതുക്കാനാണ് അർജൻ്റീന ശ്രമം. മൂന്ന് വിജയങ്ങളും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അർജൻ്റീനയുടെ വരവ്.

എന്നാൽ വിജയങ്ങൾ ഒന്നുമില്ലാതെ മൂന്ന് സമനിലയും ഒരു തോൽവിയും കൊണ്ട് ഇക്വഡോറിനും ക്വാർട്ടറിലെത്താനായി. ബ്രസീലിനെതിരെയും പെറുവിനെതിരെയും വെനസ്വേലക്കെതിരെയും സമനില നേടിയ ഇക്വഡോർ കൊളംബിയക്കെതിരെ 1-0 ൻ്റെ പരാജയം ഏറ്റുവാങ്ങി. ബൊളീവിയക്കെതിരെയും പരാഗ്വേക്കെതിരെയും ഉറുഗ്വേക്കെതിരെയും വിജയങ്ങൾ സ്വന്തമാക്കിയ അർജൻ്റീന ചിലിക്കെതിരെയുള്ള മത്സരം മാത്രം സമനിലയിൽ പിരിഞ്ഞു.

ടൂർണമെൻ്റിലെ മികച്ച ടീമുകളും ഏറ്റവും കൂടുതൽ ആരാധക പിന്തുണയുള്ള ടീമുകളുമായ ബ്രസീൽ അർജൻ്റീന പോരാട്ടം കാത്തിരിക്കുകയാണ് ആരാധകർ. ക്വാർട്ടറിലും സെമിയിലും ഇരു ടീമുകളും വിജയിച്ചാൽ അവർക്ക് ഫൈനലിൽ ഒരു ക്ലാസിക് പോരാട്ടം കാണാം. ഫുട്ബോൾ ലോകത്തെ ചിരവൈരികളായ രണ്ട് ടീമുകൾ തമ്മിലുള്ള ഈ ഒരു വലിയ പോരാട്ടമാണ് ഫുട്ബോൾ പ്രേമികളും ഉറ്റുനോക്കുന്നത്. അർജൻ്റീനയെ പരാജയപ്പെടുത്തി കിരീടം നേടാൻ ബ്രസീൽ ആരാധകരും ബ്രസീലിനെ പരാജയപ്പെടുത്തി കിരീടം നേടാൻ അർജൻ്റീന ആരാധകരും ആഗ്രഹിക്കും എന്നത് തീർച്ച.