ലാറ്റിനമേരിക്കൻ ഫുട്ബോളിൻ്റെ ഏറ്റവും വലിയ പോരാട്ടമായ കോപ്പ അമേരിക്കക്ക് ഇനി ഏതാനും കുറച്ച് ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ ടൂർണമെന്റിൽ എല്ലാ ടീമുകളുടെയും പ്രധാന പ്രതീക്ഷകൾ അവരുടെ മുന്നേറ്റ നിരയിലെ മിന്നും താരങ്ങൾ തന്നെയാണ്. മത്സരിക്കുന്ന പത്ത് ടീമുകൾക്കും ധാരാളം മികച്ച സ്‌ട്രൈക്കർമാരുണ്ട്. ഈ വർഷത്തെ കോപ്പ അമേരിക്കയിൽ മികച്ച പ്രകടനം നടത്താൻ സാധ്യതയുള്ള പത്ത് സ്ട്രൈക്കർമാർ ആരൊക്കെയാണെന്ന് നോക്കാം.

1. ലൗട്ടാരോ മാർട്ടിനെസ് – അർജന്റീന

ഇൻ്റർമിലാൻ്റെ മുന്നേറ്റത്തിലെ കുന്തമുനയാണ് ലൗട്ടാരോ മാർട്ടിനെസ് സഹതാരം ലുകാകുവിനോടോപ്പം ഇറ്റലിയിൽ ഒരുപാട് മികച്ച ഗോളുകൾ ഇദ്ദേഹം സ്കോർ ചെയ്തിട്ടുണ്ട്.

അർജന്റീനൻ ടീമിൽ ഇദ്ദേഹം പരിശീലകൻ്റെ തന്ത്രങ്ങളുടെ ഒരു പ്രധാന ഭാഗമായിരിക്കും എന്നത് തീർച്ച. 47 കളികളിൽ നിന്നും 18 ഗോളുകൾ സ്കോർ ചെയ്യുകയും 10 അസിസ്റ്റുകൾ നേടുകയും ചെയ്ത് ഈ സീസണിൽ ഇൻ്റർ മിലാൻ സീരി എ കിരീടം നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു.

അർജന്റീനയ്‌ക്കായി 19 മത്സരങ്ങളിൽ നിന്നും ഇതുവരെ 10 ഗോളുകൾ മാർട്ടിനസ് നേടിയിട്ടുണ്ട്. ഈ വർഷത്തെ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി മാർട്ടിനസ് കോമ്പോ എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തും എന്നതിൽ സംശയമില്ല.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

2. ലൂയിസ് സുവാരസ് – ഉറുഗ്വേ

ഈ സീസണിലെ ലാലിഗയിൽ ലൂയിസ് സുവാരസ് എന്ന താരത്തിൻ്റെ പ്രകടനം എത്രമാത്രം ടീമിന് ഗുണകരമാണെന്ന് നമ്മൾ കണ്ടതാണ്. ബാഴ്സലോണയിൽ നിന്നും നിന്ന് അറ്റ്ലെറ്റികോ മാഡ്രിഡിൽ എത്തിയ സുവാരസ് 32 മത്സരങ്ങളിൽ നിന്നും 21 ഗോളുകളാണ് അടിച്ച് കൂട്ടിയത്. മൂന്ന് അസിസ്റ്റുകളും സ്വന്തം പേരിലാക്കി. അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാരണം അറ്റ്ലെറ്റിക്കോ മാഡ്രിഡ് 6 വർഷത്തിന് ശേഷം അവരുടെ ആദ്യത്തെ ലാ ലിഗ കിരീടം നേടി.

32 വയസുകാരനായ സുവാരസ് ഉറുഗ്വേയ്ക്ക് വേണ്ടി 116 കളികളിൽ നിന്നും 63 തവണ സ്കോർ ചെയ്തു. ഉറുഗ്വേയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും സുവാരസ് ആണ്. വളരെ ബുദ്ധിയോടെ ഫിനിഷ് ചെയ്യുന്ന സുവാരസ് ഈ കോപ്പ അമേരിക്കയിലും അത് തുടരും എന്നതിൽ സംശയമില്ല.

3. ലൂയിസ് മുരിയേൽ- കൊളംബിയ

സീരി എയിൽ അറ്റലാന്റയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് മുരിയേൽ. അറ്റ്‌ലാൻ്റയ്ക്ക് വേണ്ടി 46 മത്സരങ്ങളിൽ നിന്നും 24 ഗോളുകളാണ് മുരിയേൽ അടിച്ച് കൂട്ടിയത്. 11 അസിസ്റ്റുകളും നേടി. ഫോർ‌വേർ‌ഡ്, സെക്കൻ്റ് സ്‌ട്രൈക്കർ‌ എന്നിങ്ങനെ ഏത് റോളിലും തിളങ്ങാൻ കഴിയുന്ന കളിക്കാരനാണ് മുരിയൽ‌. 30 കാരനായ ഇദ്ദേഹത്തിന് നല്ല ഡ്രിബ്ലിങ് സ്കില്ലും ഉണ്ട്.

എതിർബോക്‌സിൽ നിരന്തരം വെല്ലുവിളി ഉയർത്താൻ അദ്ദേഹത്തിനാകും. അദ്ദേഹത്തിന്റെ വേഗത കാരണം എതിർ ബോക്‌സിലേക്ക് ആക്രമണങ്ങൾ നടത്താൻ കൊളംബിയക്ക് സാധിക്കും. ഈ വർഷത്തെ കോപ അമേരിക്കയിൽ തിളങ്ങാൻ പോകുന്ന മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് അദ്ദേഹം.

4. എഡിൻസൺ കവാനി – ഉറുഗ്വേ

ഉറുഗ്വേ നിരയിൽ അവരുടെ വിശ്വസ്തനായ താരമാണ് എഡിൻസൺ കവാനി. ഇപ്പോൾ 34 വയസായെങ്കിലും ഉറുഗ്വേൻ താരത്തിൻ്റെ കളിയിൽ ഒരു കോട്ടവും വന്നിട്ടില്ല. മാരകമായ ഫിനിഷിംഗും മികച്ച സ്കില്ലും ഉള്ള കവാനി എന്നും എതിർ ടീമിന് ഒരു തലവേദന ആണ്.

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അദ്ദേഹം 15 ഗോളുകളും 6 അസിസ്റ്റുകളും സ്വന്തം പേരിലാക്കി. സഹതാരമായ സുവാരസിന് പിന്നിൽ 118 മത്സരങ്ങളിൽ നിന്ന് 51 ഗോളുകളുമായി രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ തൊട്ട് പിന്നിൽ ഉണ്ട്.

5. ദുവൻ സപാറ്റ – കൊളംബിയ

അറ്റ്ലാന്റയിലും കൊളംബിയയിലും മുരിയേലിനൊപ്പം കളിക്കുന്ന താരമാണ് ഡുവാൻ സപാറ്റ. ഈ രണ്ട് സ്ട്രൈക്കർമാരും കൊളംബിയയിൽ മികച്ച പ്രകടനം നടത്തും എന്നുറപ്പാണ്.അറ്റ്‌ലാൻ്റയിൽ വളരെ വലിയ വിജയം നേടിയ ഈ കോമ്പോ കൊളംബിയൻ ടീമിലും ആവർത്തിക്കും. അറ്റ്‌ലാൻ്റയിൽ സപാറ്റ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് 47 മത്സരങ്ങളിൽ നിന്നും 19 ഗോളുകളും 14 അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിലാക്കി. ഇതേ ഫോം ദേശീയ ടീമിലും തുടരാൻ കൊളംബിയൻ ആരാധകർ ആഗ്രഹിക്കുന്നു.

6. ആൽഫ്രെഡോ മൊറലോസ് – കൊളംബിയ

കോപ്പ 2020 ലെ മറ്റൊരു കൊളംബിയൻ താരവും മികച്ച സ്ട്രൈക്കറുമായ ആൽഫ്രെഡോ മോറെലോസ് സ്കോട്ടിഷ് പ്രീമിയർഷിപ്പിലെ റേഞ്ചേഴ്സിന്റെ ഈ സീസണിലെ മികച്ച താരങ്ങളിൽ ഒരാളാണ്. 44 മത്സരങ്ങളിൽ നിന്നും 17 ഗോളുകളും 13 അസിസ്റ്റുകളുമായാണ് മൊറലോസ് കോപ്പ അമേരിക്കയ്ക്ക് എത്തുന്നത്.

24 കാരനായ ഇദ്ദേഹം മികച്ച വേഗതയുള്ള താരമാണ്. കൊളംബിയയുടെ കോച്ച് റെയ്നാൾഡോ റുഎഡ സ്ട്രൈക്കർ പൊസിഷനിൽ ആരെയൊക്കെ ഇറക്കും എന്ന ആശയക്കുഴപ്പത്തിൽ ആയിരിക്കും. കൊളംബിയൻ നിരയിൽ മൂന്ന് മികച്ച സ്ട്രൈക്കർമാരാണ് ഉള്ളത്.

7. ഡാർവിൻ നുനെസ് – ഉറുഗ്വേ

ഉറുഗ്വേൻ ടീമിലെ മറ്റൊരു സ്ട്രൈക്കർ ആയ ഡാർവിൻ നുനെസ് ഈ സീസണിൽ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പക്ഷേ എഡിൻസൺ കവാനിയുടെയും ലൂയിസ് സുവാരസിന്റെയും പകരക്കാരനായിട്ടായിരിക്കും ഇദ്ദേഹം കളത്തിൽ ഇറങ്ങുക.

ബെൻഫിക്കയ്ക്ക് വേണ്ടി ഡാർവിൻ നുനെസ് 42 കളികളിൽ നിന്നും 14 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്. വേഗതയും സ്കില്ലും കൂടിച്ചേർന്ന അദ്ദേഹത്തിന് മികച്ച ശാരീരിക ഘടനയും ഉണ്ട്. 21കാരനായ നുനെസിന് ബോൾ കൺട്രോളർ, ഡ്രിബ്ലർ, ഫിനിഷർ എന്നിങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

8. മാത്യൂസ് കുൻ‌ഹ – ബ്രസീൽ

21 കാരനായ ബ്രസീലിയൻ താരം മാത്യൂസ് കുൻഹയിൽ ഈ പ്രാവശ്യം പ്രതീക്ഷകൾ ഏറെയാണ്. മികച്ച രീതിയിൽ കളി രീതി മനസ്സിലാക്കി ബോൾ കണക്ട് ചെയ്യുന്ന ഒരു താരമാണ് കുൻഹ. ഗോൾ കണ്ടെത്താനുള്ള ഓരോ സാഹചര്യവും അദ്ദേഹം നന്നായി മനസ്സിലാക്കുന്നു. ഈ സീസണിൽ അദ്ദേഹത്തിൻ്റെ പേരിൽ 8 ഗോളുകളും 8 അസിസ്റ്റുകളുമുണ്ട്. ഇതുവരെ ബ്രസീലിൻ്റെ മഞ്ഞകുപ്പായത്തിൽ ഇറങ്ങിയില്ലെങ്കിലും അരങ്ങേറ്റം തന്നെ അവിസ്മരണീയമാക്കാൻ കഴിവുള്ള താരമാണ് കുൻഹ.

9. ഗബ്രിയേൽ ജിസുസ് – ബ്രസീൽ

ബ്രസീലിയൻ നിരയിലെ ഒരു വിശ്വസനീയമായ താരമാണ്. വേഗതയും ഡ്രിബ്ലിങ്ങ് സ്കില്ലും ആണ് അദ്ദേഹത്തിൻ്റെ പ്രധാന സവിശേഷത. ഫോമിലാണെങ്കിൽ ജിസുസ് മികച്ച ഗോൾ സ്‌കോററാണ്. കൗണ്ടർ അറ്റാക്കിൽ ഗോൾ നേടുന്നതാണ് ഇദ്ദേഹത്തിൻ്റെ മികവ്. 40 കളികളിൽ നിന്നും 20 ഗോളുകളാണ് ജിസുസ് ബ്രസീലിനായി അടിച്ചുകൂട്ടിയത്. ബ്രസീൽ ദേശീയ ടീമിൽ മികച്ചൊരു റെക്കോർഡ് ഇദ്ദേഹത്തിനുണ്ട്.

10. ലൂക്കാസ് അലാരിയോ – അർജന്റീന

ബെയർ ലെവർകുസന് വേണ്ടി കളിക്കുന്ന 28 കാരനായ അലാരിയോ 33 മത്സരങ്ങളിൽ നിന്നും 15 ഗോളുകളും 4 അസിസ്റ്റുകളുമാണ് ഈ സീസണിൽ തൻ്റെ ടീമിന് വേണ്ടി നേടിയത്. മികച്ച രീതിയിൽ കളിക്കുന്ന ഒരു മുൻ‌നിര ഫോർ‌വേർ‌ഡാണ് അലാരിയോ.

ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന അലാരിയോ അർജന്റീനയ്ക്ക് വേണ്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കും എന്നുറപ്പാണ്. ഈ വർഷത്തെ കോപ്പ അമേരിക്കയിലെ അർജന്റീനയുടെ രഹസ്യ ആയുധമാണ് ലൂക്കാസ് അലാരിയോ.

മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയെ തിരികെ വിളിക്കാൻ ശ്രമിക്കുന്നു എന്ന് റിപ്പോർട്ട്!