കോപ്പ അമേരിക്കയിൽ ബ്രസീലിൽ റിയോ ഡി ജനീറോയിൽ ബ്രസീലും കൊളംബിയയും തമ്മിലുള്ള മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം. ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് നടന്ന മത്സരത്തിലാണ് തുടർച്ചയായ മൂന്നാം ജയത്തോടെ ബ്രസീൽ എല്ലാവരെയും ഞെട്ടിച്ചത്. എതിരാളികളായ കൊളംബിയയെ 2-1 നാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. കൊളംബിയ പുറത്തെടുത്ത പരുക്കൻ കളിയെയും അതിജീവിച്ച് ബ്രസീൽ വിജയം നേടുകയായിരുന്നു.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

മത്സരത്തിൻ്റെ പത്താം മിനിറ്റിൽ തന്നെ ബ്രസീലിൻ്റെ ഗോൾ വല കുലുക്കി കൊളംബിയ കാനറികളെ ഞെട്ടിച്ചു. യുവൻ്റസ് താരം ജുവാൻ ക്വാഡ്രാഡോയുടെ ക്രോസിൽ നിന്നും ഒരു മനോഹരമായ ബൈസിക്കിൾ കിക്കിലൂടെ കൊളംബിയൻ ഫോർവേർഡ് ലൂയിസ് ഡിയാസ് ബ്രസീലിയൻ ഗോളി വെവർട്ടനെയും കബളിപ്പിച്ച് വലയിൽ എത്തിച്ചു.

ഗോൾ നേടിയ ശേഷം പ്രതിരോധത്തിൽ ഊന്നി കളിച്ച കൊളംബിയ നിരന്തരം ഫൗളുകൾ ആവർത്തിച്ചു. കൊളംബിയൻ പ്രതിരോധത്തിനും ശാരീരകമായ കളികൾക്കും മുന്നിൽ ആദ്യ പകുതിയിൽ ഒരു നല്ല നീക്കം പോലും ബ്രസീലിന് നടത്താൻ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ബ്രസീൽ പരിശീലകൻ ടിറ്റെ കളിയുടെ ഗതി തന്നെ മാറ്റി മറിച്ച ഒരു പ്രധാന മാറ്റം കൊണ്ട് വന്നു. മധ്യനിര താരം ഇവർട്ടൻ റിബയ്റോക്ക് പകരം ലിവർപൂൾ മുന്നേറ്റ താരം ഫിർമിനോയെ കളത്തിലിറക്കി. 62-ാം മിനുട്ടിൽ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോയുടെ പകരക്കാരനായി റെനാൻ ലോഡിയും വന്നു.

രണ്ടാം പകുതിയിലും പരുക്കൻ കളി തുടർന്ന കൊളംബിയ മത്സരത്തിലുടനീളം 15 ഫൗളുകൾ വരുത്തുകയും നാലോളം മഞ്ഞ കാർഡുകൾ നേടുകയും ചെയ്തു. കാത്തിരിപ്പിനൊടുവിൽ 68-ാം മിനുട്ടിൽ ബ്രസീലിൻ്റെ ആദ്യ ഗോൾ വന്നു. റെനാൻ ലോഡിയുടെ അസിസ്റ്റിൽ മികച്ച ഒരു ഹെഡറിലൂടെ ഫിർമിനോ അത് വലയിൽ എത്തിച്ചു.

നെയ്മറിന്റെ ഷൂട്ട് റഫറിയുടെ ദേഹത്ത് തട്ടി ലോഡിയുടെ കാലിൽ എത്തുകയായിരുന്നു. റഫറിയുടെ ദേഹത്ത് തട്ടി ബോളിന് ദിശമാറ്റം സംഭവിച്ചതിനാൽ ഗോൾ അനുവദിക്കരുത് എന്ന് കൊളംബിയൻ താരങ്ങൾ വാദിച്ചു എങ്കിലും റഫറി ആ വാദങ്ങൾ നിരാകരിച്ചു. ഈ ഒരു തർക്കത്തെ തുടർന്ന് കളി കുറച്ച് സമയം തടസപ്പെട്ടു.

സമനില ഗോൾ കണ്ടെത്തിയതിന് ശേഷം ബ്രസീലിൻ്റെ കളിയിൽ മികച്ച മാറ്റങ്ങൾ പ്രകടമായി. കൊളംബിയൻ ഗോൾ മുഖത്തേക്ക് നിരന്തരം ആക്രമണങ്ങൾ നടത്തിയ ബ്രസീലിന് ഇഞ്ചുറി ടൈമിൽ ഒരു നിർണായക കോർണർ നേടാനായി. കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ എടുത്ത നെയ്മറിൻ്റെ കോർണറിൽ തല വച്ച് മധ്യനിര താരം കാസമെറോ അത് ഗോൾ ആക്കി മാറ്റി. ഈ ഒരു ഗോളോടെ മത്സരം 2-1 ന് ബ്രസീൽ കൈപ്പിടിയിൽ ഒതുക്കി. ഗ്രൂപ്പ് ബിയിൽ ഇനി ബ്രസീലിൻ്റെ മത്സരം 28 ന് ഇക്വഡോറിനെതിരെ ആണ്.