കോപ്പ അമേരിക്കയിലെ നാളത്തെ മത്സരത്തിൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ബ്രസീലും കൊളംബിയയും പരസ്പരം ഏറ്റുമുട്ടും. ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് മത്സരം. ടൂർണമൻ്റിലെ മികച്ച രണ്ട് ടീമുകളുടെ ഏറ്റുമുട്ടലായതിനാൽ ഏവരും ആകാംഷയോടെയാണ് മത്സരത്തിന് കാത്തിരിക്കുന്നത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആദ്യ രണ്ട് മത്സരങ്ങളിലും സമ്പൂർണ വിജയം സ്വന്താക്കിയ ബ്രസീൽ തകർപ്പൻ ഫോമിലാണുള്ളത്. ബ്രസീലും കൊളംബിയയും ഗ്രൂപ്പ് ബിയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ്. പെറുവിനെതിരെ നേടിയ 4-0 ൻ്റെ വിജയം ഉൾപ്പെടെ ബ്രസീൽ നേടിയതൊക്കെ വലിയ വിജയങ്ങളാണ്.

കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ ബ്രസീൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തുന്നതിനുള്ള മികച്ച പ്രവർത്തനം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവരുടെ സൂപ്പർ താരം നെയ്മറും സമീപ കാല മത്സരത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.

വെനസ്വേലയ്‌ക്കെതിരെ 3-0 ന് വിജയിച്ച് ടൂർണമെൻ്റ് ആരംഭിച്ച ബ്രസീൽ തുടക്കം തന്നെ ആരാധകർക്ക് ഗോൾ വിരുന്ന് ഒരുക്കി. സെന്റർ ബാക്ക് മാർക്വിന്യോസും നെയ്മറും ഗബ്രിയേൽ ബാർബോസയും ബ്രസീലിന് വേണ്ടി ഗോളുകൾ സ്വന്തമാക്കി.

റിയോ ഡി ജനീറോയിൽ പെറുവിനെ 4-0 ന് തോൽപ്പിച്ച ബ്രസീൽ വീണ്ടും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തു. ലെഫ്റ്റ് ബാക്ക് അലക്സ് സാൻ‌ഡ്രോ 12-ാം മിനിറ്റിൽ തന്നെ ബ്രസീലിനെ മുന്നിലെത്തിച്ചു. അടുത്ത ഊഴം നെയ്മറിന്റേതായിരുന്നു. രണ്ടാം ഗോൾ നെയ്മർ നേടിയപ്പോൾ എവർട്ടൺ റിബെയ്‌റോയും റിച്ചാർലിസണും ഗോളുകൾ നേടി മറ്റൊരു മികച്ച വിജയം കാനറികളുടെ പേരിൽ കുറിച്ചു.

ലോകകപ്പ് യോഗ്യത മത്സരങ്ങൾ അടക്കം തങ്ങളുടെ അവസാന ഒമ്പത് മത്സരങ്ങളിലും വിജയിച്ച ബ്രസീൽ ഈ വർഷത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ്. അടുത്ത മത്സരത്തിലും വിജയം നേടാൻ ആയിരിക്കും ബ്രസീലിൻ്റെ ശ്രമം. ഗ്രൂപ്പ് മത്സരങ്ങളിൽ മൂന്നാമത്തെ വിജയം കൂടി നേടി ഗ്രൂപ്പ് ചാമ്പ്യൻമാർ ആകാൻ ആയിരിക്കും അവരുടെ ശ്രമം.

കൊളംബിയയെ സംബന്ധിച്ച് ബ്രസീലിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് കടക്കാൻ ആയിരിക്കും അവരുടെ കണക്ക് കൂട്ടൽ. ഗ്രൂപ്പിൽ അവർ രണ്ടാം സ്ഥാനത്താണെങ്കിലും കൊളംബിയ ടൂർണമെന്റിൽ ഇതുവരെ മികച്ച ഒരു പ്രകടനം പുറത്തെടുത്തിട്ടില്ല. കൊളംബിയ അവരുടെ ആദ്യ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ മാത്രമാണ് നേടിയത്.

ഇക്വഡോറിനെതിരായ മത്സരത്തിൽ ഒരു ഗോളിന് വിജയിച്ചതാണ് അവരുടെ ടൂർണമെൻ്റിലെ ഏക വിജയം. എഡ്വിൻ കാർഡോണയുടെ ഗോളിൽ അവർ വിജയത്തോടെ ആയിരുന്നു കോപ്പ അമേരിക്ക തുടങ്ങിയത് എങ്കിലും ആ ഒരു മികവ് തുടരാൻ കഴിഞ്ഞില്ല.

വെനസ്വേലക്കെതിരെയുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ടീമിലെ അംഗങ്ങൾക്ക് കൊറോണ വൈറസ് പിടിപെട്ടത് കാരണം സെക്കൻഡ് സ്ക്വാഡുമായി കളിച്ച വെനസ്വേല മത്സരത്തിൽ കൊളംബിയയെ പിടിച്ചുകെട്ടി. അവസാന മത്സരത്തിൽ പെറുവിനെതിരെ 2-1 ൻ്റെ പരാജയം ഏറ്റുവാങ്ങിയാണ് കൊളംബിയയുടെ വരവ്. ബ്രസീലിനെതിരെ 4-0 ൻ്റെ തോൽവി ഏറ്റുവാങ്ങിയ പെറു കൊളംബിയക്കെതിരെ വിജയം സ്വന്തമാക്കി ടൂർണമെൻ്റിലേക്ക് തിരിച്ചെത്തി.

മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്സൺ, ലിവർപൂളിന്റെ ഫാബിന്യോ, ചെൽസിയുടെ തിയാഗോ സിൽവ എന്നിവരെല്ലാം പെറു മത്സരത്തിലായി ടീമിലെത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും വ്യത്യസ്ത സ്ക്വാഡും വ്യത്യസ്ത ശൈലിയും ആയിരുന്നു കോച്ച് ടിറ്റെ ഉപയോഗിച്ചത്. കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന റിച്ചാർലിസൺ, കസെമിറോ, മാർക്വിന്യോസ് എന്നിവരെല്ലാം കൊളംബിയക്കെതിരെയുള്ള മത്സരത്തിൽ ടീമിലേക്ക് മടങ്ങി വരാൻ സാധ്യതയുണ്ട്.

സൂപ്പർ താരം നെയ്മർ തന്നെ ആയിരിക്കും നാളത്തെ മത്സരത്തിലും ബ്രസീലിൻ്റെ ശ്രദ്ധാ കേന്ദ്രം. നെയ്മർ മുൻ‌നിരയിൽ കാഴ്ച വെക്കുന്ന മികച്ച പ്രകടനമാണ് ബ്രസീലിന് അനായാസ വിജയങ്ങൾ സമ്മാനിക്കുന്നത്. രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച ഫോമിലാണ് അദ്ദേഹം.

ബ്രസീൽ സാധ്യതാ ഇലവൻ:

എഡേഴ്സൺ; ഡാനിലോ, മിലിറ്റാവോ, മാർക്വിന്യോസ്, സാന്ദ്രോ; റിച്ചാർലിസൺ, ഫാബിന്യോ, കാസെമിറോ, എവർട്ടൺ, നെയ്മർ, ജിസുസ്

കൊളംബിയ സാധ്യതാ ഇലവൻ

ഓസ്പിന, മദീന, സാഞ്ചസ്, മിന, ടെസിലോ, ക്വാഡ്രാഡോ, ബാരിയോസ്, കുല്ലാർ, ഉറിബ്, ഡയസ്, മ്യുരിയേൽ.