കോപ്പ അമേരിക്ക രണ്ടാം ക്വാർട്ടർ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും മുൻ ചാമ്പ്യന്മാരായ ചിലിയും തമ്മിൽ പരസ്പരം ഏറ്റുമുട്ടും ബ്രസീലിലെ റിയാനോ ഡി ജനീറോയിലെ എസ്റ്റാഡിയോ നിട്ടോൺ സാൻ്റോസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് മത്സരം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ശക്തരായ രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോൾ മത്സരം അവേശകരം ആയിരിക്കും എന്നത് തീർച്ച. കോപ്പ അമേരിക്ക നോക്കൗട്ട് മത്സരങ്ങളുടെ പ്രധാന പ്രത്യേകത എക്സ്ട്രാ ടൈം ഇല്ല എന്നതാണ്. റഗുലർ ടൈമിൽ മത്സരം സമനില ആണെങ്കിൽ നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ട് ആയിരിക്കും എന്നാണ് സംഘാടകരായ കോൺമെ ബോൾ അറിയിച്ചിരിക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും പരാജയപ്പെട്ടില്ല എന്ന ആത്മവിശ്വാസത്തോടെ ബ്രസീൽ ഇറങ്ങുമ്പോൾ ബ്രസീലിനെ പരാജയപ്പെടുത്താൻ കഴിയും എന്ന് തന്നെയാണ് ചിലി ആരാധകരുടെയും പ്രതീക്ഷ. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും ഒന്നിൽ പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 2018 ന് ശേഷം വന്ന ബ്രസീൽ കോച്ച് ടിറ്റെയുടെ കീഴിൽ മികച്ച പ്രകടനം ആണ് ടീം കാഴ്ച വെക്കുന്നത്. ബ്രസീൽ താരങ്ങളെയൊക്കെ മികച്ച അച്ചടക്കത്തോടെയും ഒത്തിണക്കത്തോടെയും അദ്ദേഹത്തിന് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന്.

ഗ്രൂപ്പ് ഘട്ടത്തിൽ നാല് കളികളിൽ മൂന്ന് വിജയവും ഒരു സമനിലയുമായി ബ്രസീൽ സമ്പൂർണ ആധിപത്യം തുടർന്നപ്പോൾ ചിലി രണ്ട് സമനിലയും ഒരു വിജയവും ഒരു തോൽവിയുമായി ക്വാർട്ടറിലെത്തി. ഗ്രൂപ്പ് മത്സരങ്ങളുടെ സമയങ്ങളിൽ ചിലി താരങ്ങൾക്കെതിരെ ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങൾ അവരെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരുന്നു. ഈ ഒരു ആരോപണത്തിന് ശേഷം പ്രധാന താരങ്ങളില്ലാതെ പാരഗ്വേക്കെതിരെ ഇറങ്ങിയ ചിലി ഏകക്ഷീയമായ രണ്ട് ഗോളിൻ്റെ പരാജയവും ഏറ്റുവാങ്ങി. ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ബ്രസീൽ ചിലിക്കെതിരെ 3-0 ൻ്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.

ഗ്രൂപ്പ് ഘട്ടങ്ങളിൽ പുറത്തെടുത്ത മികച്ച പ്രകടനങ്ങൾ ചിലിക്കെതിരെയും പുറത്തെടുക്കുമെന്ന് ബ്രസീൽ ആരാധകർ പ്രതീക്ഷിക്കുന്നു. ബ്രസീൽ സൂപ്പർ താരമായ നെയ്മർ സമീപ മത്സരങ്ങളിൽ തകർപ്പൻ ഫോമിലാണ് എല്ലാ മത്സരങ്ങളിലും അസിസ്റ്റുകളും ഗോളുകളുമായി തിളങ്ങിയിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയത്. നെയ്മർക്ക് പുറമെ റിച്ചാർലിസണും മാർക്കിന്യോസും ഫ്രെഡും കാസമെറോയുമൊക്കെ ബ്രസീൽ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നു.

നിലവിലെ ചിലി ടീമിൽ ഒരുപിടി നല്ല സൂപ്പർ താരങ്ങളാണ് ഉള്ളത്. പരിക്ക് കാരണം ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് പുറത്ത് പോയ സൂപ്പർ താരം അലക്സിസ് സാഞ്ചസ് ഇന്നത്തെ മത്സരത്തിൽ ഇറങ്ങുമോ എന്നത് സംശയമാണ്. വർഗാസ് നേതൃത്വം നൽകുന്ന ആക്രമണ നിര വളരെ ശക്തമാണ്. മധ്യനിരയിൽ പരിചയ സമ്പന്നനായ വിദാൽ കൂടി ചേരുമ്പോൾ ചിലി മികച്ച ഒരു ടീം തന്നെയാണ്.

ബ്രസീൽ vs ചിലി സാധ്യതാ ഇലവൻ

ബ്രസീൽ

അലിസൺ ബെക്കർ; ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിന്യോസ്, അലക്സ് സാൻഡ്രോ, കാസെമിറോ, ഫാബിന്യോ, ഫ്രെഡ്; റിച്ചാർലിസൺ, നെയ്മർ, ഗബ്രിയേൽ ജീസസ്

ചിലി

ക്ലോഡിയോ ബ്രാവോ, മൗറീഷ്യോ ഇസ്ല, ഗാരി മെഡൽ, ഗില്ലെർമോ മാരിപാൻ, യുജെനിയോ മെന, എറിക് പുൾഗാർ, അർതുറോ വിദാൽ, ചാൾസ് അരങ്കുയിസ്; ബെൻ ബ്രെറ്റൺ, ജീൻ മെനെസെസ്, എഡ്വേർഡോ വർഗാസ്.