കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ വെനസ്വേലക്കെതിരെ ബ്രസീലിന് മൂന്ന് ഗോളിൻ്റെ തകർപ്പൻ ജയം. നീണ്ട ഇടവേളക്ക് ശേഷം ബ്രസീലിനെതിരെ വിജയിക്കാമെന്ന മോഹവുമായി വന്ന വെനസ്വേലയെ 3-0 ന് ബ്രസീൽ തകർത്ത് വിട്ടു. സൂപ്പർ താരം നെയ്മർ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോളും അസിസ്റ്റുമായി ബ്രസീലിൻ്റെ വിജയത്തിൽ നിർണായകമായി. ഈ ഒരു മത്സരത്തോടെ ബ്രസീലിന് വേണ്ടി 67-ാം ഗോളാണ് നെയ്മർ നേടിയത്. ഇന്നത്തെ മത്സരത്തിലെ അസിസ്റ്റോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ അസിസ്റ്റ് നേടുന്ന താരം എന്ന ബ്രസീൽ ഇതിഹാസം പെലെയുടെ റെക്കോർഡിനൊപ്പമെത്താനും അദ്ദേഹത്തിനായി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ചാമ്പ്യൻമാരായ ബ്രസീൽ പഴയകാല പ്രതാപങ്ങളെ ഓർമപ്പെടുത്തി ആയിരുന്നു പന്ത് തട്ടിയത്. നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിൻ്റെ കളിയിലും അത് പ്രകടമായിരുന്നു.
തുടക്കം മുതലേ എതിർ പോസ്റ്റിലേക്ക് നിരന്തരം ആക്രമണം നടത്തിയ ബ്രസീൽ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച കോർണർ കിക്ക് ഗോളാക്കി മാറ്റി. നെയ്മർ എടുത്ത കോർണർ കിക്ക് വെനസ്വേല ഡിഫൻഡറുടെ ദേഹത്ത് തട്ടി വന്നത് ബ്രസീൽ താരം മാർക്കിന്യോസിന്റെ കാലുകളിൽ. യാതൊരു പിഴവും കൂടാതെ അദ്ദേഹം അത് വലയിലെത്തിച്ചു.

വീണ്ടും വെനസ്വേല പോസ്റ്റിലേക്ക് ആക്രമണങ്ങൾ തുടർന്ന ബ്രസീലിന് നിരന്തരം അവസരങ്ങൾ ലഭിച്ചു എങ്കിലും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല. 1-0 ന് ആദ്യ പകുതി അവസാനിപ്പിച്ച ബ്രസീൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് മാറ്റങ്ങൾ വരുത്തി. ലൂക്കാസ് പക്വെറ്റക്ക് പകരം ഇവർട്ടൻ റിവേരയും റെനാൻ ലോഡിക്ക് പകരം അലക്സ് സാൻഡ്രോയും കലത്തിലിറങ്ങി.

64-ാം മിനുട്ടിൽ എവർട്ടനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി നെയ്മർ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ വലയിലെത്തിച്ചു. 83-ാം മിനുട്ടിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നെയ്മർ കൊടുത്ത പാസ് മനോഹരമായി ഫിനിഷ് ചെയ്ത് പകരക്കാരനായി വന്ന ഗബ്രിയേൽ ബർബോസ ബ്രസീലിൻ്റെ ലീഡ് മൂന്നായി ഉയർത്തി.

മത്സരത്തിലുടനീളം നിറഞ്ഞുനിന്നത് നെയ്മർ തന്നെയായിരുന്നു. 90 മിനുട്ട് കളിച്ച അദ്ദേഹം ഒരു ഗോളിനും അസിസ്റ്റിനും പുറമെ 8 ചാൻസുകൾ ക്രിയേറ്റ് ചെയ്തും 7 കീ പാസുകൾ നൽകിയും ടീമിൻ്റെ വിജയത്തിൽ നിർണായകമായി. അദ്ദേഹത്തിന് ഈ മത്സരത്തിലെ പാസുകളിൽ 85% കൃത്യതയും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ ചാൻസ് ക്രിയേറ്റ് ചെയ്തതും ഏറ്റവും കൂടുതൽ ഡ്രിബിൾ ചെയ്തതും ഏറ്റവും കൂടുതൽ ഫൗൾ ചെയ്യപ്പെട്ട താരവും നെയ്മർ തന്നെ ആണ്.

ആദ്യ മത്സരത്തിൽ തന്നെ വലിയ വിജയം നേടിയ ബ്രസീലിന് ഇനിയുള്ള മത്സരങ്ങളിൽ നല്ല ആത്മവിശ്വാസം ലഭിക്കും. ഈ ഒരു ഫോമിൽ കളിക്കുകയാണെങ്കിൽ കോപ്പ അമേരിക്ക കിരീടം ബ്രസീലിന് നിലനിർത്താൻ സാധിക്കുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. ബ്രസീലിന്റെ അടുത്ത മത്സരം 18-ാം തിയ്യതി പെറുവിനെതിരെയാണ്. ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് ബ്രസീലിലെ പാൽമാസിലാണ് മത്സരം. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളാണ് പെറു.

അന്ന് പെറുവിനെ തോൽപ്പിച്ച് ബ്രസീൽ കിരീടം നേടി. അതിന് ശേഷം കോപ്പയിൽ വീണ്ടുമൊരു ബ്രസീൽ പെറു പോരാട്ടം നടക്കുകയാണ്. ഈ ഒരു ഫോമിൽ കളിക്കുകയാണെങ്കിൽ ബ്രസീലിന് പെറുവിനെ നിഷ്പ്രയാസം മറികടക്കാൻ സാധിക്കുമെന്ന് ബ്രസീൽ ആരാധകർ കരുതുന്നു. കൊളംബിയയും ഇക്വഡോറുമാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ചിരവൈരികളായ അർജൻ്റീന ഗ്രൂപ്പ് എ യിലാണ്. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇക്വഡോറിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ഗോളിന് ബ്രസീൽ പരാജയപ്പെടുത്തിയിരുന്നു. ആ ഒരു നേട്ടം വീണ്ടും ആവർത്തിക്കാൻ ആയിരിക്കും കോപ്പ അമേരിക്കയിലും ബ്രസീൽ ശ്രമിക്കുന്നത്.