കോപ്പ അമേരിക്ക സെമി ഫൈനലിൽ എതിരാളികളായ പെറുവിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ബ്രസീൽ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് പുലർച്ചെ 4.30 ന് ബ്രസീലിലെ റിയോ ഡി ജനീറോ സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം. ബ്രസീലിന് വേണ്ടി ലൂയിസ് പക്വെറ്റയാണ് ഗോൾ സ്കോർ ചെയ്തത്.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

ആദ്യ മിനുട്ട് മുതൽ ആക്രമിച്ച് കളിച്ച ബ്രസീൽ നിരന്തരം ഗോളവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ തുടക്കം കുറച്ച് ഫിനിഷിംഗ് പോരായ്മകൾ ഗോൾ നേടുന്നതിൽ കാനറികളെ തടഞ്ഞു നിർത്തി. ആദ്യ പകുതിയിൽ 65% ബോൾ പൊസിഷൻ കയ്യിൽ വച്ച ബ്രസീൽ പത്ത് ഷോട്ടുകൾ ആണ് എതിർ പോസ്റ്റിലേക്ക് ഉത്തിർത്തത്. ഇതിൽ ഏഴെണ്ണവും ഓൺ ടാർഗറ്റ് ഷോട്ടുകൾ ആയിരുന്നു. ആദ്യ പകുതിയിൽ പെറുവിന് യാതൊരു അവസരവും കൊടുക്കാതെ ആണ് ബ്രസീൽ കളിച്ചത്.

നിരന്തരമായ ആക്രമണങ്ങൾക്ക് ശേഷം 35-ാം മിനുട്ടിൽ ആരാധകർ കാത്തിരുന്ന ഗോൾ വന്നു. മൂന്ന് പെറു പ്രതിരോധ താരങ്ങളെ മറികടന്ന് നെയ്മർ കൊടുത്ത പാസ് മനോഹരമായി പക്വേറ്റ ഗോളി ഗല്ലേസെയെയും കബളിപ്പിച്ച് വലയിലെത്തിച്ചു. അതുവരെ മികച്ച പ്രകടനം കൊണ്ട് പെറു പോസ്റ്റിൽ പാറ പോലെ ഉറച്ചു നിന്ന ഗല്ലേസക്ക് ആ നിമിഷം പിഴച്ചു.

രണ്ടാം പകുതിയിൽ രണ്ട് മാറ്റങ്ങളുമായാണ് പെറു ഇറങ്ങിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായ പെറു രണ്ടാം പകുതിയിൽ ശക്തമായ ആക്രമണം തുടങ്ങി. ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ അവർ കൂടുതൽ അപകടകാരികളായി കാണപ്പെട്ടു. എന്നാൽ അതൊക്കെ തടഞ്ഞ് നിർത്തുന്നതിൽ ബ്രസീൽ ഡിഫൻസ് വളരെയധികം വിജയിച്ചു.

പ്രതിരോധ നിരയിൽ ക്യാപ്റ്റൻ തിയാഗോ സിൽവയും മാർക്കിന്യോസും റെനാൻ ലോഡിയുമൊക്കെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മധ്യ നിരയിൽ കാസെമെറോയുടെയും ഫ്രെഡിൻ്റെയും പ്രകടനങ്ങൾ ബ്രസീൻ്റെ വിജയത്തിൽ നിർണായകമായി. റിച്ചാർലിസണും പക്വേറ്റയും നെയ്മറോടൊപ്പം ബ്രസീൽ ആക്രമണങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു.

ഫൈനലിൽ പ്രവേശിച്ച ബ്രസീലിന് നാളെ നടക്കുന്ന അർജൻ്റീന കൊളംബിയ മത്സരങ്ങളിലെ വിജയികൾ ആയിരിക്കും എതിരാളികൾ. ഞാറാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30 നാണ് മത്സരം. വീണ്ടുമൊരു ബ്രസീൽ അർജൻ്റീന ഫൈനലിന് സാക്ഷ്യം വഹിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം. ആരായിരിക്കും ബ്രസീലിൻ്റെ ഫൈനൽ എതിരാളികൾ എന്ന് നാളെ വരെ കാത്തിരിക്കാം.