ഇന്ന് പുലർച്ചെ ബ്രസീലിലെ റിയാനോ ഡി ജനീറയിൽ വച്ച് നടന്ന ക്വാർട്ടർ മത്സരത്തിൽ രണ്ടാം പകുതി മുഴുവൻ പത്ത് പേരുമായി കളിച്ചിട്ടും ചിലിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക സെമിയിൽ പ്രവേശിച്ചു. 45-ാം മിനിറ്റിൽ പകരക്കാരനായി വന്ന ലൂയിസ് പക്വേറ്റ നേടിയ ഗോളിനായിരുന്നു ബ്രസീലിൻ്റെ വിജയം.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

പകരക്കാരനായി വന്ന് തൊട്ടടുത്ത മിനിറ്റിൽ തന്നെ ഗോൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. നെയ്മർ ബോക്‌സിന് പുറത്ത് നിന്ന് കൊടുത്ത പന്തുമായി ബോക്‌സിൽ കയറിയ പക്വേറ്റ ചിലി പ്രതിരോധ താരങ്ങളെയും മറികടന്ന് മനോഹരമായ ഒരു ഫിനിഷിലൂടെ ബോൾ വലയിലെത്തിച്ചു.

ഗോൾ നേടി അധികം വൈകാതെ തന്നെ ബ്രസീൽ മുന്നേറ്റ താരം ഗബ്രിയേൽ ജിസുസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ബ്രസീലിന് തിരിച്ചടി ആകും എന്ന് കരുതിയെങ്കിലും ആ ഒരു പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ബ്രസീൽ കോച്ചും താരങ്ങളും വളരെയധികം വിജയിച്ചു. ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ പത്ത് പേരായി ചുരുങ്ങിയ ബ്രസീൽ തുടർന്നങ്ങോട്ടും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്.

ബ്രസീലിൻ്റെ വിജയത്തിൽ ഗോൾ കീപ്പർ എഡേഴ്‌സൻ്റെ പ്രകടനം നിർണായകമായി. മത്സരത്തിലുടനീളം നിർണായകമായ അഞ്ച് സേവുകൾ നടത്തിയ അദ്ദേഹം നാലെണ്ണവും ബോക്‌സിനുള്ളിൽ നിന്നുള്ള ഷോട്ട് ആണ് തടഞ്ഞുനിർത്തിയത്. സമനില ഗോൾ നേടാൻ ചിലി താരങ്ങൾ ഒരുപാട് ശ്രമം നടത്തി എങ്കിലും എഡേഴ്‌സനെ മറികടന്ന് ഗോൾ കണ്ടെത്താൻ മാത്രം കഴിഞ്ഞില്ല.

പ്രതിരോധ നിരയിൽ ക്യാപ്റ്റൻ തിയാഗോ സിൽവയും മാർക്കിന്യോസും റനാൻ ലോഡിയുമോക്കെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മുന്നേറ്റത്തിൽ നെയ്മറും റിച്ചാർലിസണും മധ്യനിരയിൽ കാസെമെറോയുമൊക്കെ മികച്ച പ്രകടനം കാഴ്ച വെച്ചു.

ചിലി നിരയിൽ സൂപ്പർ താരങ്ങളായ വിദാലിനും സാഞ്ചസിനും വർഗാസിനുമൊന്നും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഒരുപാട് നല്ല മുന്നേറ്റങ്ങൾ നടത്തിയിരുന്നു എങ്കിലും ഫിനിഷിംഗിലെ ചില പോരായ്മകൾ കാരണം ഗോൾ നേടാൻ കഴിഞ്ഞില്ല. മത്സരത്തിൽ 59% ബോൾ പൊസിഷനുള്ള ചിലി ആകെ 11 ഷോട്ടുകൾ ഉത്തിർത്തു. അതിൽ അഞ്ചെണ്ണം ഓൺ ടാർഗറ്റിൽ എത്തിയെങ്കിലും ഒന്ന് പോലും ഗോൾ ആക്കി മാറ്റാൻ കഴിഞ്ഞില്ല.

ഇന്നത്തെ മത്സരത്തിലെ വിജയത്തോടെ സെമി ഫൈനലിൽ എത്തിയ ബ്രസീൽ സെമിയിൽ പെറുവിനെ നേരിടും. പരാഗ്വേക്കെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയം നേടിയാണ് പെറു സെമിയിലേക്ക് പ്രവേശിച്ചത്. റഗുലർ ടൈം 3-3 ന് അവസാനിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുക അയിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പെറുവിനെ 4-0 ന് പരാജയപ്പെടുത്തിയ ബ്രസീൽ സമാനമായ വിജയം ആവർത്തിക്കാൻ ആയിരിക്കും സെമി ഫൈനലിലും ശ്രമിക്കുക.