അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് കോപ്പ അമേരിക്ക ടൂർണമെൻ്റിന് ഇന്ന് തുടക്കമാകും. എസ്റ്റാഡിയോ നാഷനൽ ഡി ബ്രസീലിയ സ്റ്റേഡിയത്തിൽ പുലർച്ചെ 2-30 നുള്ള വെനസ്വേല ബ്രസീൽ മത്സരത്തോടെയാണ് തുടക്കം. കോപ്പ അമേരിക്കയുമായി നിരന്തരം അഭ്യൂഹങ്ങളും വാർത്തകളും ഉണ്ടായിരുന്നു. കൊളംബിയയിലും അർജൻ്റീനയിലും നടത്തേണ്ടിയിരുന്ന ടൂർണമെൻ്റാണ് വിവിധ കാരണങ്ങൾ കൊണ്ട് ബ്രസീലിലെത്തിയത്. രാഷ്ട്രീയ കാരണങ്ങളാൽ ടൂർണമെൻ്റ് നടത്തുന്നതിൽ നിന്ന് കൊളംബിയ പിന്മാറിയപ്പോൾ കോവിഡ് കാരണങ്ങളാൽ അർജൻ്റീനയും പിന്മാറി.

ഗ്യാലറിസ് റിവ്യൂ ഫേസ്ബുക് പേജിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക്

അവസാനം മത്സര നടത്തിപ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ബ്രസീൽ രംഗത്ത് വരികയായിരുന്നു. ഈ വർഷത്തെ കോപ്പയിൽ മികച്ച സ്ക്വാഡുമായാണ് ബ്രസീലിൻ്റെ വരവ്. ഈ വർഷത്തെ കോപ്പ അമേരിക്ക നേടാൻ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ് ബ്രസീൽ.

വെനസ്വേലയെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ മത്സരം അവർക്ക് ഏറെ നിർണായകമാണ്. കാരണം ആദ്യ മത്സരം തന്നെ ശക്തരായ ബ്രസീലിനെതിരെയാണ്. ഈ മത്സരത്തിൽ തോൽവി ഒഴിവാക്കാൻ ആയിരിക്കും അവർ ശ്രമിക്കുക. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയ്ക്കെതിരെ 0-0 ൻ്റെ സമനില നേടിയ വെനസ്വേല ഇന്നത്തെ മത്സരത്തിലും ഒരു മികച്ച ഫലമാണ് ആഗ്രഹിക്കുന്നത്.

ബ്രസീലിനെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മിന്നും ഫോമിലാണ്. കൂടാതെ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ കാനറികൾ കിരീടം നിലനിർത്താനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന അവസാന മത്സരങ്ങളിൽ പരാഗ്വെയെയും ഇക്വഡോറിനെയും മികച്ച മാർജിനിൽ തന്നെ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അഞ്ച് കളികളിൽ അഞ്ചിലും ആധികാരിക വിജയം നേടിയാണ് ബ്രസീൽ ഈ ടൂർണമെൻ്റിനെത്തുന്നത്.

ബ്രസീൽ vs വെനിസ്വേല ഹെഡ്-ടു-ഹെഡ്

വെനസ്വേലയ്‌ക്കെതിരായ മികച്ച റെക്കോർഡാണ് ബ്രസീലിന് ഉള്ളത്. ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയ 27 കളികളിൽ 22 മത്സരങ്ങളിലും ബ്രസീലാണ് വിജയിച്ചത്. വെനസ്വേലയ്ക്ക് ഇത്രയും മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങൾ മാത്രമേ നേടാനായുള്ളൂ. ഇന്നത്തെ മത്സരത്തിൽ വിജയം നേടണമെങ്കിൽ അവർ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

അവസാനമായി ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ റോബർട്ടോ ഫിർമിനോയുടെ ഗോളിൽ 1-0 ന് ബ്രസീൽ വിജയിച്ചിരുന്നു. ഈ മത്സരത്തിലും മികച്ച വിജയം നേടാൻ ആയിരിക്കും ബ്രസീൽ ശ്രമിക്കുക. കാരണം സ്വന്തം കാണികൾക്ക് മുന്നിൽ നടക്കുന്ന മത്സരത്തിൽ വിജയം ബ്രസീലിന് അനിവാര്യമാണ്.

പരിക്കേറ്റ കാരണം ബ്രസീലിന്റെ സ്ക്വാഡിൽ നിന്ന് ഡാനി ആൽവ്സിന് പുറത്തുപോകേണ്ടി വന്നു. ഇന്നത്തെ മത്സരത്തിൽ തിയാഗോ സിൽവയും കളിക്കാനിടയില്ല. മാർക്വിന്യോസും ഈഡർ മിലിറ്റാവോയും തന്നെ ആയിരിക്കും സെൻ്റർ ബാക്കുകളായി ഇറങ്ങുക.

വെനസ്വേലയെ സംബന്ധിച്ചെടുത്തോളം ഇന്നത്തെ മത്സരത്തിൽ പരിക്കിൻ്റെ ആശങ്കകളില്ല. ബ്രസീലിനെതിരായ അവരുടെ ഏറ്റവും മികച്ച ടീമിനെ അവർക്ക് ഇന്ന് അണിനിരത്താൻ കഴിയും. പരിക്കുകളോ മറ്റ് ആശങ്കകളോ ഇല്ലാത്തതിനാൽ മികച്ച പ്രകടനം തന്നെ വെനസ്വേലയിൽ നിന്നും പ്രതീക്ഷിക്കാം.

ഇപ്പോൾ കോപ്പ അമേരിക്കയിലെ ഏറ്റവും ശക്തമായ സ്ക്വാഡുകളിലൊന്നാണ് ബ്രസീൽ ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ തന്നെ മികച്ച ഫോമിലുള്ള ബ്രസീലിനെ പരാജയപ്പെടുത്തുക എന്നുള്ളത് വെനസ്വേലയെ സംബന്ധിച്ചെടുത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നെയ്മർ, റിച്ചാർലിസൺ, ഫിർമിനോ ജിസുസ് എന്നിവരുൾപ്പെട്ട മുന്നേറ്റ നിര ഗോൾ കണ്ടെത്താൻ മിടുക്കരാണ്.

അവരുടെ സൂപ്പർ താരം ഇപ്പോൾ മികച്ച ഫോമിലാണ്. അവസാനം കളിച്ച മൂന്ന് കളികളിലും നെയ്മർക്ക് ഗോളും അസിസ്റ്റുമുണ്ട്. ശക്തരായ പ്രതിരോധ നിരയുള്ള വെനസ്വേല എങ്ങനെ നെയ്മറെ തടഞ്ഞു നിർത്തും എന്ന് കണ്ടറിയാം. ഏവർട്ടൺ താരം റിച്ചാർലിസണും ബ്രസീൽ നിരയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ബ്രസീൽ vs വെനിസ്വേല സാധ്യതാ ഇലവൻ

ബ്രസീൽ സാധ്യതാ ഇലവൻ

(4-2-3-1): അലിസൺ ബെക്കർ, ഡാനിലോ, ഈഡർ മിലിറ്റാവോ, മാർക്വിന്യോസ്, അലക്സ് സാൻഡ്രോ, കാസെമിറോ, ഫാബിന്യോ റോബർട്ടോ ഫിർമിനോ, റിച്ചാർലിസൺ, നെയ്മർ, ഗബ്രിയേൽ ജീസസ്.

വെനിസ്വേല സാധ്യതാ ഇലവൻ

(4-2-3-1): ജോയൽ ഗ്രാറ്റെറോൾ; മൈക്കൽ വില്ലനുവേവ, വിൽക്കർ ഏഞ്ചൽ, ജോൺ ചാൻസലർ, റോബർട്ടോ റോസലെസ്, ടോമാസ് റിൻ‌കോൺ, ജൂനിയർ മോറെനോ, ക്രിസ്റ്റ്യൻ കാസെറസ്, അലക്സാണ്ടർ ഗോൺസാലസ്, റോമുലോ ഒറ്റെറോ, ജോസഫ് മാർട്ടിനെസ്.